തിരുവനന്തപുരം: ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. എ.പി.പിമാരെ സർക്കാർ ജോലികൾക്ക് നിയോഗിച്ച നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്.

സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൾ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി നടപടി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടിയായി.

ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങൾ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇപ്പോൾ ലക്ഷദ്വീപിൽ നടക്കുന്ന വിവാദങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർക്കേറ്റ ആദ്യ തിരിച്ചടിയാണ് ഹൈക്കോടതിയുടെ സ്‌റ്റേ. പുതിയ അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങൾ ലക്ഷദ്വീപിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു.

ഗുജറാത്ത് കലാപകാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന പ്രഫുൽ ഖോഡ പട്ടേലിനെ അഡ്‌മിനിസ്ട്രേറ്ററുടെ ചുമതല നൽകിയതോടെയാണ് ഇവിടെ വിവാദങ്ങളുടെ തുടക്കം. ലക്ഷദ്വീപിലെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ അസുഖബാധിതനായി മരിച്ചതോടെയാണ് പട്ടേലിനെ അഡ്‌മിനിസ്ട്രേറ്ററാക്കിയത്. ഗുജറാത്തിലെ ദാമൻ ദിയു ദ്വീപിന്റെ അഡ്‌മിനിസ്ട്രേറ്റർ പദവിയിൽ ഇരുന്ന വ്യക്തയാണ് പട്ടേൽ. അവിടെ ഭരിച്ച അദ്ദേഹം ലക്ഷദ്വീപിന്റെ ചുമതല ലഭിച്ചതോടെ ആദ്യം ചെയ്തത് കലക്ടറെ മാറ്റുകയാിയരുന്നു.

ഇപ്പോൾ ദ്വീപു നിവാസികളുടെ പ്രധാന എതിർപ്പിന് കാരണമായത് കോവിഡ് തന്നെയായിരുന്നു. കോവിഡിന്റെ തുടക്കത്തിൽ ഒരു കോവിഡ് കേസു പോലും റിപ്പോർട്ടു ചെയ്യാത്ത പ്രദേശമായിരുന്നു ലക്ഷദ്വീപ്. ദ്വീപിലേക്ക് യാത്ര പോകുന്നവർക്കൊക്കെ ശക്തമായ പ്രോട്ടോക്കോളായിരുന്നു ഉണ്ടായിരുന്നത്. ദ്വീപിലേക്കു പോകുന്നവർക്കു കൊച്ചിയിൽ നിരീക്ഷണവും ടെസ്റ്റും നിർബന്ധമാക്കിയിരുന്നു. ദ്വീപിലെത്തിയാലും 7 ദിവസം ക്വാറന്റൈൻ നിർബന്ധമായിരുന്നു. പുതിയ അഡ്‌മിനിസ്ട്രേറ്റർ ഇതെല്ലാം ലംഘിച്ച് ടൂറിസ്റ്റുകളെ കൊണ്ടുവന്നതോടെ ദ്വീപ് കോവിഡിന്റെ പിടിയിലായി എന്നാണ് ദ്വീപു വാസികളുടെ ആരോപണം. ആശുപത്രി സൗകര്യങ്ങൾ കുറവുള്ള ദ്വീപിൽ കുടുതൽപേർ രോഗബാധിതരായതോടെ ജനങ്ങൾ ദുരിതത്തിലായ അവസ്ഥയിലുമാണ്. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ലക്ഷദ്വീപിൽ 27 മരണങ്ങളും റിപ്പോർട്ടുചെയ്തു.

ഗുജറാത്തുകാരനായ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിൽ സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം. ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ചു, പ്രമുഖ വകുപ്പുകളുടെയെല്ലാം ചുമതല ഏറ്റെടുത്തു, കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, മദ്യവിരുദ്ധ മേഖലയായ ദ്വീപിൽ ടൂറിസത്തിന്റെ പേരിൽ മദ്യം അനുവദിച്ചു, ഗോവധ നിരോധനം ഏർപ്പെടുത്തി, സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്നു മാംസം ഒഴിവാക്കി, കുറ്റകൃത്യ നിരക്ക് ഏറ്റവും കുറവുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് ഏർപ്പെടുത്തി, 2 മക്കളിൽ കൂടുതലുള്ളവർക്കു പഞ്ചായത്തിലേക്കു മത്സരിക്കുന്നതിനു വിലക്കേർപ്പെടുത്തി തുടങ്ങിയ നടപടികളാണ് അഡ്‌മിനിസ്ട്രേറ്റർ നടപ്പാക്കുന്നതെന്നാണു പ്രധാന ആരോപണം.

2020 ഡിസംബർ അഞ്ചിനാണു പട്ടേൽ അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. ആദ്യ കോവിഡ് തരംഗത്തിന്റെ സമയത്ത് 10 മാസത്തോളം ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ കോവിഡ് പടരാനിടയാക്കിയതും പ്രഫുലിന്റെ നയങ്ങളാണെന്നു ആരോപണമുണ്ട്. വൻകരയിൽ ക്വാറന്റീനിലിരുന്ന ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മാത്രമാണു ദ്വീപിലേക്കു മുൻപു യാത്ര അനുവദിച്ചിരുന്നത്. എന്നാൽ, ഈ മാനദണ്ഡം അഡ്‌മിനിസ്ട്രേറ്റർ എടുത്തു കളഞ്ഞതോടെ കോവിഡ് വ്യാപനം രൂക്ഷമായെന്നും ചികിത്സാ സൗകര്യങ്ങൾ പരിമിതമായ ദ്വീപിൽ കടുത്ത പ്രതിസന്ധിയാണു നിലവിൽ കോവിഡ് സൃഷ്ടിക്കുന്നതെന്നുമാണു പ്രധാന പരാതി.

പ്രതിഷേധം പ്രകടിപ്പിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നെന്ന പരാതിയും ശക്തമാണ്. വിമർശനം ട്വീറ്റ് ചെയ്ത കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും ദ്വീപിലെ ആദ്യ ഓൺലൈൻ ന്യൂസ് പോർട്ടൽ ആയ ദ്വീപ് ഡയറിക്കു വിലക്കേർപ്പെടുത്തുകയും ചെയ്തു. തെരുവിലിറങ്ങി പ്രതിഷേധിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്ന മുന്നറിയിപ്പും ഭരണകൂടം നൽകിക്കഴിഞ്ഞു.

വാദപ്രതിവാദങ്ങൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടതു കോൺഗ്രസ് അണികൾ പ്രതിഷേധമുയർത്തിയും ബിജെപി ഉൾപ്പെടെ സംഘടനകളുടെ പ്രവർത്തകർ അഡ്‌മിനിസ്ട്രേറ്ററുടെ നയങ്ങളെ അനുകൂലിച്ചും രംഗത്തെത്തി. വർധിച്ചുവരുന്ന ലഹരി, ആയുധ, കടൽവിഭവ കള്ളക്കടത്തും തീവ്രവാദ സ്വഭാവമുള്ള കേസുകളുമാണു കടുത്ത നടപടികൾക്കു പ്രേരിപ്പിക്കുന്നതെന്ന വാദമാണ് അനുകൂലികൾ ഉയർത്തുന്നത്. അഡ്‌മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം എന്ന ആവശ്യമുയർത്തി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും രംഗത്തെത്തുകകയുണ്ടായി. ലക്ഷദ്വീപ് ഡവലപ്മെന്റ് റെഗുലേഷൻ നിയമം കൊണ്ടുവന്നു വികസന പ്രവർത്തനങ്ങളുടെ പേരിൽ ദ്വീപുകാരുടെ സ്ഥലം പിടിച്ചെടുക്കാൻ നീക്കം നടത്തുന്നതായും ഫൈസൽ ആരോപിച്ചു.

മുൻ അഡ്‌മിനിസ്ട്രേറ്റർ ജനപ്രതിനിധികളോട് ആലോചിച്ചാണ് എല്ലാ തീരുമാനവും എടുത്തിരുന്നത്. എന്നാൽ, പുതിയ അഡ്‌മിനിസ്ട്രേറ്റർ ആരോടും ആലോചിക്കാതെ നിയമങ്ങൾ അടിച്ചേൽപിക്കാൻ തുടങ്ങിയതായി ദ്വീപ് നിവാസികൾ പറയുന്നു. സമാധാനത്തോടെ ജീവിച്ചിരുന്ന ദ്വീപ് നിവാസികൾക്ക് ഉൾകൊള്ളാൻ കഴിയുന്നതായിരുന്നില്ല പുതിയ നിയമങ്ങൾ.

ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു എല്ലാം അഡ്‌മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിനു കീഴിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോൾ അഡ്‌മിനിസ്ട്രേറ്ററുടെ കീഴിലാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പലരെയും പിരിച്ചുവിട്ടു. തീരദേശ സംരക്ഷണത്തിന്റെ പേരിൽ മത്സത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു തുടങ്ങിയവാണ് ലക്ഷദ്വീപുകാർ ഉയർത്തിയ ആരോപണം.

കവരത്തി, കടമം, മിനിക്കോയി, അഗത്തി തുടങ്ങിയ ജനവാസമുള്ള ദ്വീപുകളിൽ മദ്യവിതരണത്തിന് അനുമതി നൽകിയതും വിവാദങ്ങൾക്ക് ഇടയാക്കി. ടൂറിസം വകുപ്പിനു കീഴിലുള്ള സൊസൈറ്റിയാണ് മദ്യശാല നടത്തുന്നത്. നേരത്തെ ആളില്ലാത്ത ദ്വീപുകളിലായിരുന്നു ടൂറിസത്തിന്റെ പേരിൽ മദ്യം നൽകിയിരുന്നത്. ആൾതാമസമുള്ള സ്ഥലത്തേക്കു മദ്യം കൊണ്ടുവന്നത് പ്രതിഷേധത്തിനിടയാക്കി. കർഫ്യൂവിന്റെ മറവിലാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഗുജറാത്തിലെ പാൽ ഉൽപ്പാദ കമ്പനിയുടെ ഉൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമമാണ് ഒടുവിലത്തേത്ത്. ടെണ്ടർ വിളിച്ച് മറ്റു കമ്പനികളെയും ഉൾപ്പെടുത്തണമെന്നു ദ്വീപിലെ രാഷ്ട്രീയ നേതാക്കൾ പറയുന്നു.

ദ്വീപിൽ ദ്വിതല പഞ്ചായത്ത് സംവിധാനമാണ് പഞ്ചായത്തും ജില്ലാപഞ്ചായത്തും. ഒരു ദ്വീപ് വില്ലേജ് പഞ്ചായത്തിൽ ജനസംഖ്യ അനുസരിച്ച് പത്തോ പന്ത്രണ്ടോ വാർഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തിൽ മൂന്നോ നാലോ വാർഡുകൾ. ഇതിലെ അംഗങ്ങൾ ഒരു ദ്വീപിലെ ചെയർപഴ്സസനെ തിരഞ്ഞെടുക്കും. എല്ലാ ദ്വീപുകളിലെയും ചെയർപഴ്സന്മാരാണ് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. ജനപ്രതിനിധികൾ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധത്തിലാണ്.

പട്ടേൽ നടത്തിയത് അടിച്ചമർത്തൽ നയങ്ങളായിരുന്നു. പ്രതിഷേധിച്ച കവരത്തിയിലെ പഞ്ചായത്ത് അംഗങ്ങളെയും നാട്ടുകാരെയും ജയിലിലടച്ചു. ദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ കവരുന്ന നടപടിയാണ് പുതിയ ഭരണാധികാരിയുടേത്. 4 ലക്ഷം സ്‌ക്വയർ കിലോമീറ്റർ മത്സ്യ സമ്പത്ത് കോർപറേറ്റുകൾക്കു നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഇപ്പോഴത്തെ ടൂറിസം പദ്ധതികളെ മാല ദ്വീപിലെ പദ്ധതികളുമായി താരതമ്യം നടത്താൻ കഴിയില്ല. ആകെ 22 സ്‌ക്വയർ കിലോമീറ്റരാണ് ഇവിടെ ഭൂമിയുള്ളത്. ലക്ഷദ്വീപിൽ ആൾതാമസമില്ലാത്ത വലിയ ദ്വീപുകളില്ല. ചെറിയ ദ്വീപായ ബംഗാരത്തിൽ നേരത്തെയും മദ്യം ഉണ്ട്. അതിൽ ജനങ്ങൾക്കു പ്രശ്നമില്ല. പക്ഷേ ജനവാസമുള്ള ദ്വീപുകളിൽ മദ്യശാല എത്തുമ്പോഴാണ് പ്രശ്നമുണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ജനവാസമില്ലാത്ത ദ്വീപുകളിൽ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിൽ ജനം എതിരല്ല. ടൂറിസത്തിലൂടെ വരുമാനം വർധിപ്പിക്കുന്നതിനും ജനം തടസമല്ല. എന്നാൽ, ഗുജറാത്തിലെ നാഷണൽ ഹൈവേ നിയമം ഇവിടെ കൊണ്ടുവന്നാൽ എന്താകുമെന്നു ചിന്തിക്കണം. സ്ഥലമില്ലാത്ത സ്ഥലത്ത് വലിയ റോഡുകളുണ്ടാക്കാൻ ഭൂമി മാനദണ്ഡങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയാണ്. ഭക്ഷണ സ്വാതന്ത്യം ഇല്ലാതായി. ജനങ്ങളെ വിശ്വാസത്തിലെടുത്തല്ല നിയമം നടപ്പിലാക്കുന്നത്. ഇവിടെ കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭയമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്.

ലക്ഷദീപ് അഡ്‌മിനിസ്ട്രേറ്റർക്കും കേന്ദ്ര ബിജെപി സർക്കാരിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചാരണങ്ങളാണെന്നാണ് ബിജെപിയുടെ പക്ഷം. ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണെന്നും ഇവർ ആരോപിക്കുന്നു. 100 ശതമാനം മുസ്ലിംങ്ങൾ ഉള്ള ദ്വീപിൽ പട്ടേൽ മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചക്കള്ളമാണെന്നാണ് എ പി അബ്ദുള്ളക്കുട്ടി ആരോപിക്കുന്നത്. ബംങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് പി.എം.സയ്ദിനെ കാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടേലിന്റെ പരിഷ്‌ക്കരണങ്ങൾ അഴിമതിക്കാരായ ഒരു വിഭാഗത്തെയാണ് ചൊടിപ്പിക്കുന്നതെന്നാണ് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നത്. ഈ അഡ്‌മിനിസ്റ്റേറെ തീരെ ദഹിച്ചിട്ടില്ല. അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ 'ക്ലീൻ ലക്ഷദ്വീപ് ' പദ്ധതി നടപ്പിലാക്കി. കുട്ടികളും , സ്ത്രീകളും, മുതിർന്നവരും, പങ്കെടുത്ത ആ പദ്ധതി വൻ വിജയയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിൽഡിംങ്ങ് റൂൾസ്, ലാന്റ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നതിൽ ദ്വീപു വാസികളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നുമാണ് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നത്.

മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും. സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരും. കവരിത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതികൂട്ടേണ്ടിവരും. ലക്ഷദീപിലെ മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുള്ള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു മത്സ്യത്തൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതൊക്കെയാണ് യാഥാർത്ഥ്യമെന്നാണ് ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നത്.

ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് - കോൺഗ്രസ്സ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണെന്നാണ് ബിജെപി പറയുന്നത്. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. അഡ്‌മിനിസ്‌ട്രേറ്റർ പ്രവർത്തിക്കുന്നത് ഇതിന് വേണ്ടിയാണ് നിലപാട് സ്വീകരിക്കതെന്നും ബിജെപി നേതാക്കൾ പറയുന്നു.

കവരത്തി വിമാനത്താവളത്തിന്റെ വികാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ തുരങ്കംവെക്കുകകയാണ് ഇവരുടെ ലക്ഷ്യം. കവരത്തി വിമാനത്താവളത്തിന്റെ വികസനം യാഥാർത്ഥ്യമാവുന്നതോടെ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും. ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വർഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനമുരടിപ്പാണ്. ഗുജ്‌റാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ചിലർ എതിർക്കുന്നത്. കേരളത്തിലിരുന്ന് വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി ചിലർ ലക്ഷദ്വീപിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണെന്നും ബിജെപി കേരള അധ്യക്ഷൻ സുരേന്ദ്രൻ വ്യക്തമാക്കി.