ന്യൂഡൽഹി: പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശിലെ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അലഹബാദ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഈ ഉത്തരവുകൾ.

യു.പിയിലെ എല്ലാ ഗ്രാമങ്ങളിലും രണ്ട് ഐ.സി.യു. ആംബുലൻസുകൾ വീതമുണ്ടെന്ന് ഒരു മാസത്തിനകം ഉറപ്പാക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് നടപ്പാക്കാൻ കഴിയുന്ന ഉത്തരവുകൾ മാത്രമെ ഹൈക്കോടതികൾ പുറപ്പെടുവിക്കാവൂ എന്ന് ജസ്റ്റിസുമാരായ വിനീത് സരൺ, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് നിർദ്ദേശിച്ചത്. എന്നാൽ ഹൈക്കോടതി നടത്തിയ 'ദൈവത്തിന്റെ കാരുണ്യം' എന്ന പരാമർശം നീക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഹൈക്കോടതി നടത്തിയ പരാമർശം ഉപദേശം എന്ന നിലയിൽ എടുത്താൽ മതിയെന്ന് ബെഞ്ച് നിർദ്ദേശിച്ചു.

യു.പിയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് അലഹബാദ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് നേരത്തെ 'ദൈവത്തിന്റെ കാരുണ്യം' എന്ന പരാമർശം നടത്തിയത്. ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിദ്ധാർഥ് വർമ്മ, അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ച് പരാമർശം നടത്തിയത്.

കോവിഡ് രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു ഇത്. ആരോഗ്യ സംവിധാനങ്ങൾ വളരെ ദുർബലമാണെന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ബോധ്യപ്പെട്ടതായി ഹൈക്കോടതി വ്യക്തമാക്കി.

എന്നാൽ 'ദൈവത്തിന്റെ കാരുണ്യം' എന്ന പരാമർശം ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് യു.പി സർക്കാരിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ, ജനങ്ങളുടെ കാര്യത്തിൽ കടുത്ത ആശങ്ക ഉള്ളതുകൊണ്ടാണ് ഹൈക്കോടതി അത്തരം പരാമർശങ്ങൾ നടത്തിയതെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ഉത്തരവായി കാണേണ്ടതില്ല, ഉപദേശം എന്ന നിലയിൽ സ്വീകരിച്ചാൽ മതിയെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

കോവിഡ് വ്യാപനം ഉണ്ടായതിനുശേഷം യു.പിയിലെ 16.51 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ മാസം മുതൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20,000 കടന്നിരുന്നു. ഓക്സിജൻ ക്ഷാമം അടക്കമുള്ളവ സംസ്ഥാനത്ത് ഇല്ലെന്ന് സർക്കാർ അവകാശപ്പെടുമ്പൊഴും രോഗികൾ കടുത്ത ദുരിതം നേരിടുകയാണെന്ന വിമർശം ഉയർന്നിരുന്നു.

അതിനിടെ ഗംഗയിലൂടെ കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃദേഹങ്ങൾ ഒഴുകി നടന്നത് കടുത്ത ആശങ്ക ഉയർത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടവരരുതെന്ന് യു.പി, ബിഹാർ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു.