കൊച്ചി: സഭാ നേതൃത്വത്തിനെതിരെ നിരന്തരം പ്രസ്താവനകൾ നടത്തി സന്യാസവൃത്തിക്ക് തന്നെ കളങ്കമുണ്ടാക്കിയ സിസ്റ്റർ ലൂസി കളപ്പുറ പുറത്തേക്ക്. എഫ്.സി.സി. സന്ന്യാസസഭയിൽനിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ചതിന് പിന്നാലെ കോൺവന്റിനോടു ചേർന്നുള്ള ഹോസ്റ്റലിൽ നിന്നും ഇവർ പുറത്തേക്ക് പോകേണ്ടി വരുമെന്ന നിലയിലാണ് കാര്യങ്ങൾ. കന്യാസ്ത്രീയെന്ന നിലയിൽ പാലിക്കേണ്ട അച്ചടക്കങ്ങളെല്ലാം തെറ്റിച്ചതിനാണ് ഇവരെ സഭയിൽ നിന്നും പുറത്താക്കിയ നടപടി വത്തിക്കാനും ശരിവെച്ചത്. പുറത്താക്കിയ സാഹചര്യത്തിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോൺവെന്റിനോടു ചേർന്നുള്ള ഹോസ്റ്റലിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

പൊലീസ് സംരക്ഷണം തേടി സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് രാജ വിജയരാഘവൻ. കോൺവെന്റിൽനിന്നും ഒഴിയാൻ സാവകാശം അനുവദിക്കാം, എന്ന് ഒഴിവാകാനാവുമെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കോൺവെന്റിൽ താമസിക്കാൻ അവകാശമുണ്ടോയെന്നത് പരിഗണിക്കേണ്ടത് സിവിൽ കോടതിയാണെന്നും ഹർജി മുനിസിഫ് കോടതിയുടെ പരിഗണനയിലാണെന്നും സിസ്റ്റർ ലൂസിക്കായി ഹാജരായ അഭിഭാഷകൻ വാദിച്ചു.

മുനിസിഫ് കോടതിയിലെ അന്തിമതീർപ്പ് വരുന്നതുവരെ കോൺവെന്റിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. താമസസ്ഥലം എവിടെയാണെങ്കിലും സിസ്റ്റർ ലൂസിക്ക് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. പുറത്താക്കിയത് വത്തിക്കാൻ ശരിവെച്ചതിനാൽ ഹോസ്റ്റലിൽ താമസിപ്പിക്കാൻ കഴിയില്ലെന്നാണ് കോൺവെന്റിലെ മദർ സുപ്പീരിയർ കോടതിയെ അറിയിച്ചത്.

തന്നെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ചോദ്യം ചെയ്ത് വത്തിക്കാനിലെ അപ്പീൽ കൗൺസിലിനെ സമീപിച്ചതായി ലൂസി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തിൽ ലൂസി കളപ്പുരയ്ക്കൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മദർ സുപ്പീരിയർ തന്റെ സ്വാതന്ത്രത്തിൽ ഇടപെടുകയാണെന്നും ഇത് വിലക്കണമെന്നും ഹർജിയിൽ ലൂസി കളപ്പുര വ്യക്തമാക്കിയിരുന്നു. സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ വത്തിക്കാൻ സഭാ കോടതി തള്ളിയിരുന്നു. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

പുറത്താക്കൽ നടപടി വന്നപ്പോൾ അതിന് ചോദ്യം ചെയ്യാനാണ് ലൂസി മുതിർന്നത്. വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജ പ്രചാരണമാണ് എന്നു പറഞ്ഞ് പിടിച്ചു നിൽക്കാനായിിരുന്നു ഇവരുടെ ശ്രമം. 'തന്റെ അപേക്ഷയിൽ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ അഭിഭാഷകന് ലഭ്യമായിട്ടില്ല. ഞാൻ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണ്' - എന്നും ലൂസി വ്യക്തമാക്കിയിരുന്നു.

2021 മാർച്ചിലാണ് വത്തിക്കാനിൽ അപ്പീലിന് അപേക്ഷ കൊടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വത്തിക്കാൻ കോടതി പിന്നീട് അടച്ചിട്ടു. ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ മാത്രമാണ് തുറന്നത്. പുറത്താക്കിയ നടപടി ശരിവെച്ചെന്ന് കാണിച്ച് തനിക്ക് കിട്ടിയ കത്തിൽ മെയ് 27, 2020 എന്നാണുള്ളത്. ഒരു വർഷത്തിന് ശേഷമാണ് ഈ കത്ത് കിട്ടിയത്. തന്റെ വക്കീൽ അപ്പീലിന് കേസ് സമർപ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യുന്നതിന് മുൻപ് തയ്യാറാക്കിവെച്ച കത്താണ് അതെന്ന് വ്യക്തമാണെന്നുമായിരുന്നു ഇവരുടെ ആരോപണം.