ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വാഹനത്തിൽ ഒരാൾ മാത്രമേ ഉള്ളുവെങ്കിലും മാസ്‌ക് നിർബന്ധമായി വയ്ക്കണമെന്ന് ഡൽഹി ഹൈക്കോടതി. സ്വകാര്യ വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോഴും മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ പിഴ ചുമത്താനുള്ള ഡൽഹി സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം.

കോവിഡിൽ നിന്ന് സംരക്ഷണം നൽകുന്ന കവചമാണ് മാസ്‌ക് എന്ന് ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. മാസ്‌ക് ധരിക്കുന്നയാളെയും ചുറ്റുമുള്ള ആളുകളെയും ഇത് കോവിഡിൽ നിന്ന് സംരക്ഷിക്കും. വിദഗ്ധരും രാജ്യാന്തര സംഘടനകളും മാസ്‌ക് ധരിക്കാനാണ് നിർദേശിക്കുന്നത്. മഹാമാരി സൃഷ്ടിച്ച വെല്ലുവിളി വലുതാണ്. വാക്സിൻ സ്വീകരിച്ചോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് നിർദേശിച്ചു.

സ്വകാര്യ വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോൾ കൂടി മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ വിവിധ ഭാഗങ്ങളിൽ പിഴ ചുമത്തുന്നതിനെ ചോദ്യം ചെയ്ത് നിരവധിപേരാണ് കോടതിയെ സമീപിച്ചത്. വാദത്തിനിടെ, വാഹനത്തിൽ ഒറ്റയ്ക്കാണെങ്കിൽ കൂടി മാസ്‌ക് ധരിക്കണമെന്ന തരത്തിൽ നിർദ്ദേശം ഒന്നും നൽകിയിട്ടില്ല എന്ന് കേന്ദ്രസർക്കാർ കോടതിയെ ബോധിപ്പിച്ചു. കൂടാതെ ആരോഗ്യം സംസ്ഥാന വിഷയമാണെന്നും കേന്ദ്രം ധരിപ്പിച്ചു. വാഹനം ഓടിക്കുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് നിർദേശിക്കുന്ന ഉത്തരവ് കഴിഞ്ഞവർഷം ഏപ്രിലിൽ ഇറക്കിയിരുന്നു. ഇത് ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.