കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടികൾ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങൾ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വർഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.

പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റേതടക്കം ആറ് ഹർജികളാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാർ നേരത്തെ 10 വർഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂർത്തീകരിക്കാത്ത തുടർ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.

12ാം തീയതി കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കും. അതുവരെ തുടർനടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. തങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹർജിക്കാരുടെ പരാതി.