ചെങ്ങന്നൂർ: ഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ പുഴയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ ഒരു നാടുമുഴുവൻ രംഗത്തിറങ്ങിയിട്ടും ഫലം കാണുന്നില്ല. ചെങ്ങന്നൂർ താലുക്കിലെ ഉത്തരപ്പള്ളിയാറാണ് പുനർജ്ജനി തേടുന്നത്. സമീപത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനമായിട്ടും ജനങ്ങൾ പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുമ്പോഴും അധികൃതരുടെ കടുംപിടിത്തങ്ങളാണ് പുഴയ്്ക്ക് മരണമണി മുഴക്കുന്നത്. പുഴയുടെ 80 ശതമാനത്തോളം ഭാഗങ്ങൾ സ്വകാര്യവ്യക്തികൾ ഉൾപ്പടെ കൈയേറിയെങ്കിലും ബാക്കി വരുന്നവയെ എങ്കിലും തിരിച്ചുപിടിക്കാനാണ് നാട്ടുകാർ എല്ലാം മറന്ന് ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങിയത്. പക്ഷെ റോഡുൾപ്പടെ പലവിധ നിർമ്മാണ പ്രവർത്തികൾ പറഞ്ഞ് നാട്ടുകാരുടെ ശ്രമത്തെപ്പോലും ഇല്ലായ്മ ചെയ്യുകയാണ്. പുഴ കൈയേറിയുള്ള എല്ലാ നിർമ്മാണ പ്രവർത്തികളും നിർത്തിവെക്കണമെന്ന ഹൈക്കോടതി വിധി നിലവിലിരിക്കെ അതിനെ പരസ്യമായി വെല്ലുവിളിച്ചും ലംഘിച്ചുമാണ് നിർമ്മാണ പ്രവർത്തികൾ അനുസ്യുതം തുടരുന്നത്.

കോടതി വിധി പോലും പരസ്യമായി ലംഘിക്കുമ്പോൾ ഇനി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് നാട്ടുകാർ. എങ്കിലും പ്രക്ഷോഭങ്ങളിൽ നിന്ന് പിന്മാറാതെ പുഴയെ തിരിച്ചുപിടിക്കാൻ തന്നെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജാഗ്രത സമിതിയുടെ തീരുമാനം.സ്ഥലം എംഎൽഎയുടെ മൗനാനുവാദവും കൈയേറ്റത്തെ സഹായിക്കുന്നതായി ജാഗ്രത സമിതി ആരോപിക്കുന്നു.

ചരിത്രത്തിന്റെയും ഐതീഹ്യത്തിന്റെയും വാഹിനിയായ ഉത്തരപ്പള്ളിയാർ

മരണക്കിടക്കയിലും ഉണർത്തുപാട്ടിനായി കാതോർക്കുകയാണ് ഉത്തരപ്പള്ളിയാർ. വർഷങ്ങളായുള്ള കൈയേറ്റങ്ങളാണ് ആറിന്റെ ചരമക്കുറിപ്പ് എഴുതുന്ന നിലയിലേക്ക് എത്തിച്ചത്.ചരിത്രത്തെയും ഐതീഹ്യത്തെയും വഹിച്ചാണ് ഉത്തരപ്പള്ളിയാർ ഒഴുകുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല തൊട്ട് ചരിത്രം അടയാളപ്പെടുത്തിയ മാർത്താണ്ഡ വർമ്മയുടെ വീരേതിഹാസങ്ങളിൽ വരെ ഉത്തരപ്പള്ളിയാറിന് സ്ഥാനമുണ്ട്.അച്ചൻ കോവിലാറിന്റെ ഭാഗമായി ഉത്ഭവിക്കുന്ന പുഴ അവസാനിക്കുമ്പോഴേക്ക് പമ്പയാറിന്റെ ഭാഗമാകുന്നു എന്നാണ് പറയുന്നത്.

ഇത്തരമൊരു ചരിത്രവാഹിനിയാണ് അതിജീവനത്തിനായി ഇന്ന് അധികൃതരുടെ കനിവ് തേടുന്നത്.അഞ്ച് പഞ്ചായത്തുകളിലായി 18 കിലോമീറ്റർ നീളത്തിലാണ് ഉത്തരപ്പള്ളിയാർ ഒഴുകിയിരുന്നത്. എന്നാൽ ഇന്ന് ഇതിൽ മൂന്നു പഞ്ചായത്തുകളിൽ നിന്നും പൂർണ്ണമായ തോതിൽ ഈ ആറ് അപ്രത്യക്ഷമായി കഴിഞ്ഞു.വെൺമണി പുത്താറ്റിൻകരയിൽ നിന്നുത്ഭവിച്ച് ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിൽ കൂടി ഒഴുകി ബുധനൂർ ഇല്ലിമലയിൽ കുട്ടംപേരൂർ ആറുമായി ചേരുന്ന നദി ഇന്നു പലയിടത്തും ഒഴുക്കു നിലച്ചു കിടക്കുകയാണ്.

പമ്പയും അച്ചൻകോവിലാറും തമ്മിൽ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ നീളത്തിലാണ് ആറൊഴുകിയ വഴി. വെണ്മണി പുത്താറ്റിൻകരയിൽ തുടങ്ങി എണ്ണയ്ക്കാട് വില്ലേജിലെ ഇല്ലിമലയിലാണ് അവസാനിക്കുന്നത്. ഏതാണ്ട് 40 വർഷങ്ങളായി ആറ്് ഓർമ മാത്രമാണ്.കരപ്രദേശമായ ഭാഗത്ത് ഇരുനിലവീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഉയർന്നു. ആറൊഴുകിയ കഥയറിയാതെയാണ് പലരും ഇവിടെ ഭൂമി വാങ്ങിച്ചതും കെട്ടിടങ്ങൾ പണിഞ്ഞതും. വസ്തുവിന്റെ ആധാരവും മറ്റും കൈവശമുള്ള ഇവരിൽ പലരും കരമടയ്ക്കുന്നുണ്ട്.വെണ്മണി, ആലാ, ചെറിയനാട്, പുലിയൂർ, എണ്ണയ്ക്കാട് വില്ലേജുകളിലൂടെ ആറ് കടന്നു പോകുന്നു.

ഇതിന്റെ 10 കിലോമീറ്റർ തോടായി ഉണ്ട്. ഇതിൽ പകുതി നേർത്ത നീർച്ചാൽ മാത്രം. കുളിക്കാംപാലം മുതൽ രണ്ട് കിലോമീറ്റർ ആറ് കാണാനേ ഇല്ല. അനിയന്ത്രിതമായ മാലിന്യ നിക്ഷേപം മൂലം നാടിന്റെ ആശ്വാസമായിരുന്ന ഒരു പുഴ ഇന്ന് സമീപപ്രദേശങ്ങളിലെ ശുദ്ധജലസ്രോതസ്സുകളെക്കൂടി ഇല്ലാതാക്കുന്ന ഒന്നായി മാറി. കുറച്ച് വർഷങ്ങൾക്ക് മുൻപ് നടത്തിയ ഒരു പരിശോധനയിൽ ഡബിൾ ക്ലോറിനേഷൻ നടത്താതെ കിണറിലെ വെള്ളം പോലും ഉപയോഗിക്കരുതെന്ന് കണ്ടെത്തിയിരുന്നു. അത്രമേൽ മലീമസമായിരിക്കുന്നു ഈ ചരിത്രവാഹിനി. ഇത് പ്രദേശത്ത് ക്യാൻസർ ഉൾപ്പടെയുള്ള വിവിധങ്ങളായ രോഗങ്ങൾക്കും കാരണമായതോടെയാണ് ഉത്തരപ്പള്ളിയാർ വീണ്ടെടുക്കണമെന്ന ഉദ്ദേശത്തോടെ ജനങ്ങളുടെ നേതൃത്വത്തിൽ ജാഗ്രതസമിതി രൂപീകരിച്ചത്.

വീണ്ടെടുക്കാൻ ജാഗ്രത സമിതി സർവ്വേയും

ഉത്തരപ്പള്ളിയാറിന്റെ മരണം തങ്ങളുടെ മരണത്തിലേക്ക് വഴിവെക്കുമെന്ന ഞെട്ടലിൽ നിന്നാണ് ജാഗ്രത സമിതി എന്ന ആശയത്തിലേക്ക് നാട്ടുകാർ എത്തിച്ചേർന്നത്.പുഴയുടെ സ്വഭാവിക വഴികളെ കണ്ടെത്തുക എന്നതായിരുന്നു സമിതിയുടെ ആദ്യലക്ഷ്യം.കൃത്യമായ ഇടപെടലുകളീലൂടെ ഇതിനായുള്ള നടപടികൾ ആരംഭിച്ചു. അടച്ചു കളഞ്ഞു നദീമുഖത്ത് നിന്നുള്ള സർവ്വെ നടപടികളാണ് ആദ്യം ആരംഭിച്ചത്.വെൺമണി, ആല പഞ്ചായത്തുകളിൽ സർവ്വേ നടപടികൾ പൂർത്തിയായെങ്കിലും മറ്റ് മൂന്നു പഞ്ചായത്തുകളിലും ആറിനെ സംബന്ധിച്ചുള്ള രേഖകൾ ഇല്ലാത്തത് തിരിച്ചടിയായി.ഇതിനെ തുടർന്ന് ജാഗ്രത സമിതി ഹൈക്കോടതിയെ സമീപിച്ചു. ആറിന്റെ വീണ്ടെടുപ്പിന് അടിയന്തര നടപടികൾ എടുക്കാൻ ഹൈക്കോടതി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. 2007ൽ നദിയുടെ അതിർത്തി നിർണയിക്കാൻ റവന്യുവകുപ്പ് 2 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെങ്കിലും സർവേ പാതിവഴിയിൽ നിലച്ചു. 2017 ഏപ്രിൽ 17നു വീണ്ടും സർവേ ജോലികൾ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സർവേയ്ക്കായി 12 പേരെ നിയോഗിക്കുമെന്നാണ് അന്നു പറഞ്ഞത്. എന്നാൽ 4 പേർ മാത്രമാണുണ്ടായിരുന്നത്. വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി ഇവരെ മാറ്റുകയും ചെയ്തു.

സർവ്വേനടപടികൾ ഇതുവരെ പൂർത്തിയായ പഞ്ചായത്തിൽ മാത്രം ഞെട്ടിക്കുന്ന കയ്യേറ്റത്തിന്റെ വിവരങ്ങളാണ് റവന്യു ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഉത്തരപ്പള്ളിയാർ സർവേയിൽ ചെറുതും വലുതുമായി 145 കൈയേറ്റങ്ങൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റക്കാർക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല.സർവേയുടെ തുടക്കം മുതൽക്കേ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പുകൾ നിസഹകരണത്തിലാണ്. ആറ് വൃത്തിയാക്കുന്ന കാര്യത്തിൽപ്പോലും സഹകരണം ഉണ്ടായില്ല.ഒടുവിൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നടപടികൾ ശക്തമാക്കിയപ്പോൾ പുഴയുടെ സ്വാഭാവിക അതിർത്തികൾ നിശ്ചയിക്കാൻ പറ്റുന്ന ലിത്തോ മാപ്പ് കണ്ടെത്തുകയും റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിനനുസരിച്ച് ബാക്കിയുള്ള മൂന്നൂ പഞ്ചായത്തുകളിലേതുൾപ്പടെ അതിർത്തികൾ വരച്ചുണ്ടാക്കുകയും ചെയ്തു. നിലവിൽ ഈ മാപ്പ് അനുസരിച്ചുള്ള സർവ്വേക്ക് അനുമതി ലഭിക്കുന്നതിനായി റവന്യുസെക്രട്ടറിക്ക് സമർപ്പിച്ചിരിക്കുകയാണ്. പക്ഷെ ഇക്കാര്യത്തിലും ഇതുവരെ യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ല.

പ്രതീക്ഷ തകർക്കുന്ന നിർമ്മാണ പ്രവൃത്തി വീണ്ടും, വെല്ലുവിളിക്കുന്നത് ഹൈക്കോടതിയെ

അഞ്ചു പഞ്ചായത്തുകളിൽ രണ്ടിൽ മാത്രമാണ് ഇപ്പോൾ ആറിനെ കാണാനുള്ളത്. എന്നാൽ അത് പോലും ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ പ്രദേശത്ത് നടക്കുന്നത്. കൈയേറ്റം കഴിഞ്ഞ് ബാക്കി വന്ന പുഴയിൽ കല്ലും മണ്ണും ഇട്ട് റോഡ് പ്രവൃത്തി തകൃതിയാണ്. സ്വകാര്യ വ്യക്തിയുടെ ഭൂമി സംരക്ഷിക്കാനാണ് ഇപ്പോൾ വീണ്ടും പുഴ കൈയേറുന്നത് എന്നാണ് ആരോപണം.അതിർത്തി നിർണ്ണയ സർവ്വേയുമായി ബന്ധപ്പെട്ട് വെൺമണി ആല വില്ലേജുകളിൽ സർവ്വേ പൂർത്തിയാക്കി സർവ്വേക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതിനെപ്പോലും അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ കൈയേറ്റം

ഇതിനെതിരെ ജാഗ്രതസമിതി പ്രതിഷേധ ധർണ്ണവരെ സംഘടിപ്പിച്ചു.2018 ലെ ഹൈക്കോടി വിധി പ്രകാരം ഉത്തരപ്പള്ളിയാറിൽ യാതൊരു വിധത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളൊ കൈയേറ്റങ്ങളോ പാടില്ലെന്നാണ്. ഇതിന്റെ പച്ചയായ ലംഘനമാണ് പ്രദേശത്ത് ഇപ്പോൾ നടക്കുന്നത്. സ്ഥലം എംഎൽഎയുടെ മൗനാനുവാദത്തോടെയാണ് ഇപ്പോഴത്തെ കൈയേറ്റമെന്നും അതുകൊണ്ടാണ് കൈയേറ്റത്തിനെതിരെ നടപടികൾ ഉണ്ടാകാത്തതെന്നും ജാഗ്രതസമിതി പ്രവർത്തർ ആരോപിക്കുന്നു.

പ്രതീക്ഷ വിടാതെ ശുചീകരണം

സാന്ത്വന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണമാണു നാട്ടുകാർക്കു നദി വീണ്ടും ഒഴുകിയേക്കുമെന്ന പ്രതീക്ഷ നൽകുന്നത്. നാട്ടുകാരുടെ പങ്കാളിത്തത്തോടെ നടക്കുന്ന ശുചീകരണം ഒരു മാസം പിന്നിടുമ്പോൾ 2 കിലോമീറ്ററോളം നദി ഒഴുകുന്ന സ്ഥിതിയായിട്ടുണ്ട്. എന്നാൽ ബാക്കി ഭാഗങ്ങളിൽ പുഴ പഴയതു പോലെ തുടർന്നാൽ ഇതു ഫലപ്രദമാകില്ലെന്നു നാട്ടുകാർ പറയുന്നു. ഇതിന്റെ തുടർച്ചയായി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക കൂടി ചെയ്താൽ പുഴ വീണ്ടും ഒഴുകും.