കണ്ണൂർ: കണ്ണുർ നഗരത്തിലെത്തുന്ന ഏതൊരാൾക്കും പരിചിത മുഖങ്ങളിലൊന്നാണ് പി.വി മാധവനെന്ന ഹോംഗാർഡ്. അതിരൂക്ഷമായ ഗതാഗതക്കുരുക്കഴിച്ചെടുക്കാൻ കൈകാലിളക്കിയും നിർത്താതെ വിസിലുതിയും മാധവേട്ടൻ കാണിക്കുന്ന അതികഠിനമായ അഭ്യാസങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

പല സംഘടനകളും പുരസ്‌കാരങ്ങളുമായി മാധവേട്ടനെ തേടിയെത്തിയിട്ടുണ്ട്. പൊലിസിലെ ഉന്നത ഉദ്യോഗസ്ഥർ വരെ പലപ്പോഴും മാധവേട്ടനെ അഭിനന്ദിച്ചിട്ടുണ്ട്. കോതമംഗലത്ത് സ്വന്തം മകൾ വെടിയേറ്റു മരിച്ചതറിയാതെ ഇന്നലെ വൈകുന്നേരം അഞ്ചര മണി വരെ മാധവൻ കണ്ണുർ കൊയിലി ആശുപത്രിക്ക് സമീപം ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. പൊലിസുകാരെത്തിയാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് കുട്ടി കൊണ്ടുപോയത്.

അപ്പോഴേക്കും ഭാര്യയും പുതിയ തെരു രാമഗുരു സ്‌കുളിലെ അദ്ധ്യാപികയുമായ ഭാര്യ സബീന വിവരമറിഞ്ഞിരുന്നു നിലവിളിയോടെയാണ് ഇവരും മകൻ അശ്വന്തും അദ്ദേഹത്തെ എതിരേറ്റത്. കരളു തകർന്ന ഈ പിതാവിന് ഇപ്പോഴും മകളുടെ ദുരന്തവാർത്ത വിശ്വസിക്കാനായിട്ടില്ല. വിമുക്തഭടനായിട്ടു കൂടിയും കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കഴിച്ചെടുക്കാൻ മഴയും വെയിലുമേറ്റ് പൊടിയും പുകയും തിന്ന് തുച്ഛമായ ശമ്പളത്തിന് ഈ മനുഷ്യൻ പാടുപെട്ടത് മകളെ കര പിടിച്ചു കയറ്റാനായിരുന്നു.

കൊല നടന്ന ദിവസവും അതിന്റെ തലേന്നും മാനസവീട്ടിലേക്ക് വിളിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. മുന്നു മാസം മുൻപാണ അവൾ വീട്ടിൽ നിന്ന് കോതമംഗലത്തേക്ക് കോളേജിൽ പഠിക്കാനായി മടങ്ങിയത്. ഒന്നു മുതൽ പ്‌ളസ് ടു വരെ കേന്ദ്രിയ വിദ്യാലയത്തിലായിരുന്നു പഠിച്ചിരുന്നത്. പഠിക്കാൻ മിടുക്കിയായ മകൾക്ക് മെറിറ്റിലായിരുന്നു കോതമംഗലത്തെ കോളേജിൽ അഡ്‌മിഷൻ കിട്ടിയത്.

ഹൗസ് സർജൻസി പൂർത്തിയാക്കി മകൾ ഡോക്ടറായി വരുന്നതും കാത്തു നിൽക്കുകയായിരുന്നു കുടുംബം. എന്നാൽ മാനസയുടെ മരണവാർത്തയാണ് അവരെ തേടിയെത്തിയത്. മാധവന്റെ സഹോദരൻ വിജയൻ, അമ്മ സബീനയുടെ സഹോദരൻ, സനാതനൻ സിപിഎം ലോക്കൽ സെക്രട്ടറി എൻ.അശോകൻ എന്നിവർ കോതമംഗലത്തെത്തിയിട്ടുണ്ട്.

ക്രുരമായ കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും നാറാത്ത് ഗ്രാമത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ടി.സി ഗേറ്റിനു സമീപത്തായി കണ്ണൂർ - മയ്യിൽ റോഡിന് സമീപത്താണ് മാനസയുടെ വീട്. റോഡരികിൽ ഒരേ നിരയിലാണ് പുത്തൻവീട്ടിൽ മാധവന്റെയും സഹോദരന്റെയും വീടുകൾ സ്ഥിതി ചെയ്യുന്നത്. അതിലൊരു വീടാണ് പാർവ്വണം.

മകൾക്ക് ചെറിയ വിഷമം നേരിട്ടു വേഗം വരണമെന്നാണായിരുന്നു മാധവന് ഡ്യൂട്ടിക്കിടെ ലഭിച്ച ഫോൺ സന്ദേശം. കാക്കി യുനിഫോം പോലും മാറ്റാതായിരുന്നു ആ പിതാവ് വീട്ടിലേക്ക് ചെന്നിറങ്ങിയത്. ഭാര്യ സബീനയുടെ നെഞ്ചുപിളരുന്ന നിലവിളിയാണ് അദ്ദേഹത്തെ എതിരേറ്റത്.

മയ്യിൽ ഇൻസ്‌പെക്ടറാണ് ഇവരോട് വിവരം പറയുന്നത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ നാട്ടുകാർ എന്തു പറഞ്ഞ് കുടുംബത്തെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയായിരുന്നു.