തിരുവനന്തപുരം: വിദ്യാർത്ഥികളെ അശ്ലീല കെണിയിൽപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ അശോക് പട്ടിദാർ, നീലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ ഇവരുടെ കെണിയിൽ കുടുങ്ങിയിരുന്നു. രാജസ്ഥാനിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് പ്രതികളെ പിടികൂടിയത്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ആൺ വിദ്യാർത്ഥികളുട ലാപ്ടോപിലേക്കും മൊബൈലിലേക്കും പോപ് ആപ് സന്ദേശങ്ങൾ അയച്ചുകൊണ്ടാണ് സംഘം തട്ടിപ്പിന് തുടക്കമിടുന്നത്. അശ്ലീല സന്ദേശങ്ങൾക്കൊപ്പം ലിങ്കുമുണ്ടാകും. ഇവരുടെ കെണിയിൽ കുടുങ്ങുന്ന വിദ്യാർത്ഥികൾ ചാറ്റ് നടത്തും. സ്ത്രീകളുടേയും പെൺകുട്ടികളുടേയും അശ്ലീല ചിത്രങ്ങളും സംഘം അയച്ചു നൽകും.

വിദ്യാർത്ഥികളുമായി കുറച്ചു ദിവസത്തിനുള്ളിൽ സൗഹൃദം സ്ഥാപിച്ച ശേഷം സിബിഐയുടെ സൈബർ സെല്ലിൽ നിന്ന് എന്ന് പറഞ്ഞ് വിളിക്കും. ചാറ്റിന്റെ വിവരങ്ങൾ ഇത് മാധ്യമങ്ങളിൽ നൽകുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തും. തുടർന്ന് പണം എന്നാവശ്യപ്പെടും. ഇവർ നൽകുന്ന വാലറ്റുകളിലേക്കാണ് പണം അയച്ചുനൽകേണ്ടത്. ഇത്തരത്തിൽ ഒട്ടേറെ പേർക്ക് പണം നഷ്ടമായതായാണ് വിവരം.

സംഘത്തിന്റെ അശ്ലീല കെണിയിൽ കുടുങ്ങി പത്ത് ലക്ഷം രൂപയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിദ്യാർത്ഥിക്ക് നഷ്ടമായത്. ഇയാളുടെ പരാതിയിലാണ് സിറ്റി സൈബർ പൊലീസിന്റെ ഒരു സംഘം പ്രതികളെ തേടി രാജസ്ഥാനലേക്ക് പോയത്. പരാതി ലഭിച്ചതിനേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈൽ ഫോണുകൾ ട്രാക് ചെയ്തിരുന്നു. ഇത് രാജസ്ഥാനിലാണെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

തട്ടിപ്പിന് ഉപയോഗിച്ച വാലറ്റുകളും മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് സംഘം രാജസ്ഥാനിലേക്ക് പോയി. അസിസ്റ്റന്റ് കമ്മീഷണർ ശ്യാംലാൽ, ഉദ്യോഗസ്ഥരായ ഷിബു, സുനിൽകുമാർ, വിപിൻ ഭാസ്‌കർ എന്നിവരുൾപ്പെട്ട സംഘമാണ് രാജസ്ഥാനിലേക്ക് പോയത്. മലയാളിയായ ജോധ്പുർ കമ്മീഷണർ ജോസ്മോൻ ഐപിഎസിന്റെ സഹായത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.