തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേകിച്ചു കൊച്ചി കേന്ദ്രീകരിച്ചു ഹണി ട്രാപ്പ് കേസുകൾ നിരവധി ഉണ്ടായിട്ടുണ്ട്. വ്യവസായികളെയും പ്രമുഖരെയും ലക്ഷ്യം വെച്ചുള്ള ഇത്തരം കെണികളെ കുറിച്ചുള്ള വാർത്തകൾ ഇടക്കിടെ പുറത്തുവരാറുണ്ട്. ഈ ഘട്ടത്തിൽ പൊലീസ് തന്നെ സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ കുടുങ്ങാതെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുകൾ നൽകാറുമുണ്ട്. എന്നാൽ, ജനങ്ങളോട് കരുതണം എന്നു പറയുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വന്തം കാര്യത്തിൽ ഈ കരുതൽ സ്വീകരിക്കാൻ കഴിയാതെ വരുന്നുണ്ടോ എന്നാണ് അടുത്തകാലത്ത് അവർക്കിടയിൽ നിന്നും പുറത്തുവരുന്ന വാർത്തകളിൽ നിന്നും ഉയരുന്ന ചോദ്യം.

കൊല്ലം സ്വദേശിനിയായ ഒരു യുവതി ഒരുക്കിയ ഹണിട്രാപ്പിൽ സംസ്ഥാനത്തെ സാധാരണ പൊലീസുകാർ മുതൽ എസ്‌ഐമാരും സിഐമാരും അടക്കമുള്ളവർ കുടുങ്ങിയെന്ന് വാർത്തയാണ് പുറത്തുവരുന്നത്. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഒരു വിഭാഗം പൊലീസുകാരുമായി അടുത്ത ബന്ധമുള്ള യുവതിയുടെ കെണിയിൽ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്.

യുവതിയുടെ കെണിയിൽ കുടുങ്ങിയ ചില ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൊടുത്താണ് കേസിൽ പെടാതെ രക്ഷപെട്ടിരിക്കുന്നത്. ചിലരാകട്ടെ ഇവരുടെ ഭീഷണിയാൽ ആത്മഹത്യയുടെ വക്കിലുമാണ്. മലബാറിലെ ഒരു എസ്‌ഐ ആത്മഹത്യാ കുറിപ്പെഴുതുക പോലും ചെയ്തു. പലരും കുടുംബത്തെ ഓർത്താണ് ഇവർക്കെതിരെ പരാതി കൊടുക്കാതിരിക്കുന്നത്. മന്ത്രിതലത്തിൽ അടക്കമുണ്ടായിരുന്ന ചിലരുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു. എങ്കിലും കൂടുതൽ കെണിയിൽ പെട്ടിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്.

ഫേസ്‌ബുക്കിലൂടെ അടുത്തുകൂടിയാണ് ഇവർ പൊലീസുകാരെ കെണിയിലാക്കുന്നത്. ഉദ്യോഗസ്ഥരുമായി അടുത്തു കൂടിയ ശേഷം പഞ്ചാരക്കെണിയിൽ വീഴ്‌ത്തി കിടപ്പറയിൽ എത്തിക്കുകയാണ് ശൈലി. തുടർന്ന് ഗർഭിണിയാണെന്ന് വരുത്താൻ പ്രെഗ്നൻസി ടെസ്റ്റിങ് കിറ്റുമായി എത്തി വ്യാജഗർഭ കഥ സൃഷ്ടിക്കും. ഗർഭിണായാണെന്ന് വരത്താൻ ടെസ്റ്റിങ് കിറ്റിൽ ഹർപ്പിക് ഒഴിക്കുകാണ് ഇവർ ചെയ്ുക. ഉദ്യോഗസ്ഥർ നോക്കുമ്പോൾ ടെസ്റ്റിംഗിൽ പോസിറ്റീവാണെന്ന് വ്യക്തമാകുകയും ചെയ്യും. പിന്നീട് പതും പറഞ്ഞ് ഗർഭം അലസിപ്പിക്കാനും കുടുംബത്തിൽ പറയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.

ഈ യുവതിക്ക് സഹായിയായി ഒപ്പം നിൽക്കാൻ ഒരു നഴ്‌സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവർ ചേർന്നാണ് പലപ്പോഴും തട്ടിപ്പുകൾ നടത്തുന്നത്. സിനിമാ രംഗത്തുള്ളവർ പോലും ഈ യുവതിയുടെ കെണിയിൽ വീണിട്ടുണ്ട്. യുവതിയുടെ പരാതിയിൽ, തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരേ ബലാത്സംഗക്കേസ്. മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ വിശദമായ അന്വേഷണത്തിന് ഇന്റലിജൻസ് എ.ഡി.ജി.പി: ടി.കെ. വിനോദ്കുമാർ ഉത്തരവിടുകയും ചെയ്തു.

പരിചയമില്ലാത്ത സ്ത്രീകളുമായി സാമൂഹികമാധ്യമങ്ങളിൽ സംവദിക്കരുതെന്നും സുഹൃദ്ബന്ധം സ്ഥാപിക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പുള്ളപ്പോഴാണ് നിരവധി ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ കുടുങ്ങിയത് എന്നതും ശ്രദ്ധേയമാണ്. പരാതിക്കാരിയായ യുവതിക്ക് എസ്‌ഐ. മുതൽ ഡിവൈ.എസ്‌പി. വരെ നൂറിലേറെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നു സാമൂഹികമാധ്യമങ്ങൾ നിരീക്ഷിച്ച ഇന്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ, ഫോർട്ട് കൊച്ചി സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസർ വാട്സ്ആപ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും സ്പെഷൽ ബ്രാഞ്ച് പരിശോധിച്ചു. സന്ദേശം ഇങ്ങനെ: 'തിരുവനന്തപുരം സ്വദേശിയായ യുവതി ഡയറക്റ്റ് എസ്‌ഐമാരെ പല രീതിയിൽ പരിചയപ്പെട്ട്, പ്രണയം നടിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തന്റെ ആത്മഹത്യക്ക് ഉത്തരവാദി ഒരു എസ്‌ഐയാണെന്നു ചൂണ്ടിക്കാട്ടി യുവതി ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ വിശദാംശങ്ങൾ ഡി.ജി. കൺട്രോൾ റൂമിനു കൈമാറിയിട്ടുണ്ട്'. യുവതി തന്നെയും ബന്ധപ്പെട്ടിരുന്നതായി പൊലീസുകാരന്റെ ശബ്ദസന്ദേശത്തിലുണ്ട്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച നിരവധി ഉദ്യോഗസ്ഥർ കടുത്ത ആശങ്കയിലാണ് കഴിയുന്നത്. യുവതിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥരിൽ പലരും സഹപ്രവർത്തകർക്കായി നൽകിയിട്ടുണ്ട്.