കാൺപൂർ: ഉത്തർപ്രദേശിനെ നടക്കി ദുരഭിമാന കൊലപാതകം. കാൺപൂരിൽ 18കാരിയെ പിതാവ് മഴുവിന് വെട്ടിക്കൊലപ്പെടുത്തി. അർദ്ധരാത്രിയിൽ വീട്ടിൽ നിന്നും കാണാതാകുകയും പിറ്റേന്ന് കാമുകന്റെ വീട്ടിൽ കണ്ടെത്തുകയും ചെയ്ത പെൺകുട്ടിയെയാണ് പിതാവ് നാട്ടുകാർ നോക്കി നിൽക്കേ കോടാലിക്ക് വെട്ടി കൊലപ്പെടുത്തിയത്. യുപിയിൽ നടന്ന സംഭവം ദുരഭിമാന കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കാൺപൂരിലെ ഗജ്നീർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഖാൻപന്ന ഗ്രാമത്തിലായരുന്നു സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമത്തിൽ ഒരു ചെറിയ കട നടത്തുന്നയാളാണ് കൗമാരക്കാരൻ. ചൊവ്വാഴ്ച രാത്രിയിൽ വീട് വിട്ട് ഇറങ്ങിപ്പോയ പെൺകുട്ടിയെ കണ്ടെത്തിയിരുന്നില്ല. എന്നാൽ പിറ്റേന്ന് രാവിലെ പെൺകുട്ടുയുടെ പിതാവിനോട് കാമുകന്റെ വീട്ടിലുണ്ടെന്ന് കാമുകനും അയാളുടെ പിതാവും ചെന്ന് അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ പറഞ്ഞു വിടാൻ ശ്രമിച്ചിട്ടും പോയില്ലെന്നും അവർക്കൊപ്പം മാത്രമേ ജീവിക്കൂ എന്ന് വാശിപിടിക്കുകയും ചെയ്തതായി ഇരുവരും അറിയിച്ചു.

ഇതേ തുടർന്ന് ഒരു മഴുവുമെടുത്ത് മറ്റ് ബന്ധുക്കൾക്കൊപ്പം യുവാവിന്റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ പിതാവ് മകളെ അവിടെ കണ്ട്. മകളെ വിളിച്ച് വീട്ടിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പിതാവുമായി മകൾ വാക്കു തർക്കത്തിൽ ഏർപ്പെട്ടു. കുപിതനായ പിതാവ് കയ്യിലിരുന്ന മഴു കൊണ്ട് മകളെ ആക്രമിച്ചു. താഴെ വീണ മകളുടെ ചലനം നിൽക്കുന്നത് വരെ തുരുതുടരെ വെട്ടി. ഇടയ്ക്കുകയറി പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച കാമുകനെയും വെട്ടി പരിക്കേൽപ്പിച്ചു. പ്രദേശവാസികളായ അനേകം പേർ നോക്കി നിൽക്കുമ്പോഴായിരുന്നു ക്രൂരത നടന്നത്.

പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്ന് പൊലീസ് പെട്ടെന്ന് തന്നെ സ്ഥലത്തെത്തുകയും പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കൃത്യം നടത്തിയ കോടാലി സഹിതം പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിന് ദൃക്സാക്ഷികളായ ഗ്രാമീണരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ കാമുകനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദുരഭിമാന കൊലയായിട്ടാണ് പൊലീസ് സംഭവം രജിസ്റ്റർ ചെയ്തിരിക്കുന്നത്.