കാബൂൾ: അഫ്ഗാനിലെ യുദ്ധത്തിന്റെ ദൃശ്യങ്ങൾ ടെലിവിഷനിൽ കാണുന്നവർക്ക് പൊതുവായി തോന്നുന്ന ഒരു സംശയമുണ്ട്. വളരെ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് പുതുമയുള്ളതും തിളങ്ങുന്നതുമായ ആയുധങ്ങളുമായാണ് താലിബാൻ ഭീകരർ യുദ്ധം ചെയ്യുന്നത്. 1990 കളിലെ ദൃശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് കൃത്യമായ വ്യത്യാസം മനസിലാക്കാൻ കഴിയുന്നത്. അക്കാലത്ത് പൊടി പിടിച്ചതും മുഷിഞ്ഞതുമായ വസ്ത്രങ്ങളിഞ്ഞ് അത്രആധൂനികമല്ലാത്ത ആയുധങ്ങളുമായാണ് താലിബാൻ പോരാട്ടങ്ങളിലേർപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് അഫ്ഗാൻ തീവ്രവാദ സംഘടനയുടെ വിഷ്വൽ ഗെറ്റപ്പ് മൊത്തത്തിൽ മെച്ചപ്പെട്ടു എന്നുതന്നെ പറയാം.

അവരുടെ ഹംവീ അല്ലെങ്കിൽ ഹംവീ തരം വാഹനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു; അവർ ധരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയുള്ളതും പുതിയതുമായി കാണപ്പെടുന്നു; അവരുടെ വൃത്തിയുള്ള കോഫിഫുർ മാറിയ പുതിയകാലത്തിന്റെ ചിഹ്നമാണ്. പഴയ കാലത്തെ തകർന്നടിഞ്ഞ് പൊടിപറക്കുന്ന അഫ്ഗാൻ കെട്ടിടങ്ങളിൽ നിന്നും താലിബാൻ തീവ്രവാദത്തിന്റെ അടയാളങ്ങൾ മാറുന്ന കാഴ്‌ച്ചയാണ് നമ്മൾ കാണുന്നത്.

ഇപ്പോൾ, രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാനുള്ള ദൗത്യത്തിൽ അവർ നന്നായി പ്രവർത്തിക്കുന്ന പോരാളികളുടെ അച്ചടക്കമുള്ള ഒരു സൈന്യമായി കാണപ്പെടുന്നു, ഒരുപക്ഷെ അഫ്ഗാൻ എന്ന രാജ്യത്തിന്റെ സൈന്യത്തെപോലും വിറപ്പിക്കാൻ കഴിയുംവിധം. അത്രത്തോളം സമ്പന്നമാണ് ഇന്ന് താലിബാൻ. കഴിഞ്ഞ ദിവസം പുറത്തുവന്ന മേയർ അബ്ദുല്ല മൻസൂറിന്റെ ചിത്രം, മാറുന്ന താലിബാന്റെ അടയാളമാണ്. മുഖം മിനുക്കാൻ പ്രചരണങ്ങൾക്കായി പോലും പണം മുടക്കാൻ താലിബാൻ തയ്യാറാകുന്നു. അവരുടെ സംഘടനയ്ക്ക് എവിടെ നിന്നാണ് വരുമാനം ഉണ്ടാകുന്നത്?

2016 -ൽ, ഫോബ്സ് മാഗസീൻ പ്രസിദ്ധീകരിച്ച 10 സമ്പന്ന 'തീവ്രവാദ' സംഘടനകളുടെ പട്ടികയിൽ അഞ്ചാമനായി താലിബാനെ ഉൾപ്പെടുത്തി. ഒന്നാംസ്ഥാനത്തുള്ള ഐസിസിന് 2 ബില്യൺ യുഎസ് ഡോളറാണ് വാർഷികവരുമാനം. 400 മില്യൺ ഡോളർ വരുമാനമുള്ള താലിബാനാകട്ടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തും. മയക്കുമരുന്ന് കടത്ത്, സംരക്ഷണ പണം, ഫണ്ടിങ് എന്നിവയാണ് താലിബാന്റെ പ്രാഥമിക വരുമാന സ്രോതസ്സുകളെന്നാണ് ഫോർബ്സ് പറയുന്നത്.

എന്നാൽ 2001 ൽ അമേരിക്കൻ ആക്രമണത്തിൽ തകർന്നടിഞ്ഞുപോയ താലിബാൻ 2016 ൽ അഫ്ഗാനിസ്ഥാനിൽ ഒരു പ്രബലമായ ശക്തിയായിരുന്നില്ല. നാറ്റോ രഹസ്യ റിപ്പോർട്ട് അനുസരിച്ച്, 2019-20 സാമ്പത്തിക വർഷത്തിൽ താലിബാന്റെ വാർഷിക ബജറ്റ് 1.6 ബില്യൺ ഡോളറാണ്. അതായത് 2016 ലെ ഫോർബ്സ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നാല് വർഷത്തിനുള്ളിൽ ഉണ്ടായത് 400 ശതമാനത്തോളം വർദ്ധനവ്.

താലിബാന്റെ വരുമാനത്തിന്റെ ശ്രോതസുകൾ ഇവയാണ്

ഖനനം: $ 464 ദശലക്ഷം
മരുന്നുകൾ: $ 416 ദശലക്ഷം
വിദേശ സംഭാവനകൾ: $ 240 ദശലക്ഷം
കയറ്റുമതി: $ 240 ദശലക്ഷം
നികുതികൾ: $ 160 ദശലക്ഷം (സംരക്ഷണം/പിടിച്ചുപറി പണം)
റിയൽ എസ്റ്റേറ്റ്: $ 80 ദശലക്ഷം

ഒരു സ്വതന്ത്ര രാഷ്ട്രീയ-സൈനിക സ്ഥാപനമായി മാറുന്നതിന് താലിബാൻ നേതൃത്വം സ്വയം പര്യാപ്തത പിന്തുടരുന്നുവെന്ന വസ്തുത നാറ്റോയുടെ രഹസ്യ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർഷങ്ങളായി, താലിബാൻ ഘട്ടംഘട്ടമായി വിദേശ സംഭാവനകളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരുകയാണ്. 2017-18 ൽ ഏകദേശം 500 മില്യൺ ഡോളർ അല്ലെങ്കിൽ മൊത്തം ഫണ്ടിന്റെ പകുതിയോളം വിദേശ സ്രോതസ്സുകളിൽ നിന്നാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്; ഇത് 2020 ഓടെ അവരുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം 15 ശതമാനമായി കുറയ്ക്കാൻ താലിബാന് സാധിച്ചു. അതേസമയം വരുമാനത്തിന്റെ കാര്യത്തിൽ വലിയ ഇടുവുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേ സാമ്പത്തിക വർഷത്തിൽ, അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ബജറ്റ് 5.5 ബില്യൺ ഡോളർ ആയിരുന്നു, ഇതിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് പ്രതിരോധത്തിനായി മാറ്റിവച്ചിട്ടുുള്ളത്. കാരണം അഫ്ഗാനിസ്ഥാനിൽ താലിബാനെ നേരിടാനുള്ള ദൗത്യം നടപ്പിലാക്കിയത് മുഴുവൻ അമേരിക്ക ആയിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുകടക്കാൻ ഇപ്പോൾ തിടുക്കം കാട്ടുന്ന അമേരിക്ക, താലിബാനുമായി നേരിട്ട് യുദ്ധം ചെയ്യുന്നതിനും അല്ലെങ്കിൽ അഫ്ഗാൻ സൈന്യത്തെ താലിബാനെ നേരിടാൻ പരിശീലിപ്പിക്കുന്നതിനോ വേണ്ടിയുമായി 19 വർഷത്തിലേറെയായി സൈനിക ചെലവുകൾക്കായി ഒരു ട്രില്യൺ ഡോളർ ചെലവഴിച്ചു.

പൂർണ്ണമായും സാമ്പത്തിക കാഴ്ചപ്പാടിൽ പരിശോധിക്കുമ്പോൾ, താലിബാന്റെ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം അനുദിനം മെച്ചപ്പെട്ട് വരുന്നു എന്ന് കാണാൻ കഴിയും. യുഎസ്, നാറ്റോ സേനകൾ അഫ്ഗാൻ വിടുന്നത് മൂലമുണ്ടാകുന്ന വിടവ് താലിബാൻ വേഗത്തിൽ നികത്തുമ്പോൾ അമേരിക്കയും സന്തോഷിക്കുന്നതിൽ അതിശയോക്തിയില്ല. അഫ്ഗാൻ സ്ഥിരത പ്രാപിക്കുന്നതോടെ അവരുടെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കുന്നു. അതിന് വേണ്ടി താലിബാന് വേണ്ട സഹായങ്ങൾ നൽകാൻ ലോകരാഷ്ട്രങ്ങൾ തയ്യാറായാൽ അതിലും അത്ഭുതപ്പെടാനില്ല.