ലണ്ടൻ: ശാശ്വതമായ സത്യമാണ് മരണം. അതറിയാമെങ്കിൽ കൂടി പ്രിയപ്പെട്ടവരുടെ വേർപാട് പലപ്പോഴും താങ്ങാനാവാത്ത ദുഃഖം സമ്മാനിക്കാറുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധികളിലും തളരാത് നെഞ്ചുവിരിച്ചു നിന്നവർ പോലും ഇത്തരം ഘട്ടങ്ങളിൽ തകർന്നു പോകാറുണ്ട്. ബ്രിട്ടീഷ് രാജ്ഞിക്കും അത്തരമൊരു പരീക്ഷണ ഘട്ടമാണിത്. നീണ്ട് എഴുപത്തിമൂന്ന് കൊല്ലത്തോളം താങ്ങായും തണലായും കൂടെനിന്ന ഫിലിപ്പ് രാജകുമാരന്റെ വിയോഗം അവർക്ക് ഒരിക്കലും സഹിക്കാൻ കഴിയാത്ത ദുഃഖം തന്നെയാണ് സമ്മാനിക്കുക.

ഉയർച്ചകളിലും താഴ്‌ച്ചകളിലുമൊക്കെ രാജ്ഞിയോടൊപ്പം ഉറച്ചുനിന്ന രാജകുമാരന്റെ വിയോഗം സംഭവിക്കുന്നത് രാജകുടുംബം സമാനതകളില്ലാത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഒരു കാലഘട്ടത്തിലാണെന്നത് വേർപാടിന്റെ വേദന കൂട്ടും. ഫിലിപ്പ് രാജകുമാരൻ രോഗബാധിതനായി ആശുപത്രിയിൽ കിടക്കുമ്പോൾ സംപ്രേഷണം ചെയ്ത വിവാദ അഭിമുഖം കുറച്ചൊന്നുമല്ല രാജകുടുംബത്തിന്റെ പ്രതിച്ഛായ തകർത്തത്. വിവാദങ്ങളും തുടർന്നുണ്ടായ പ്രശ്നങ്ങളുമൊക്കെ രാജ്ഞിക്ക് ഒറ്റക്ക് നേരിടേണ്ടി വന്നെങ്കിലും, ഫിലിപ്പിന്റെ സാന്നിദ്ധ്യം അവരോടൊപ്പമുണ്ടായിരുന്നു.

വംശീയ വിദ്വേഷ വിവാദത്തിൽ രാജകുമാരനേയും രാജ്ഞിയേയും ഹാരി സംശയത്തിന്റെ നിഴലിൽ ആക്കിയില്ലെങ്കിലും, കുടുംബത്തിനേറ്റ മാനക്ഷതം ഏറെ വലിയതായിരുന്നു. 2017-ൽ രാജകുടുംബാംഗം എന്ന രീതിയിലുള്ള ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ നിന്നും രാജകുമാരൻ വിരമിച്ചിരുന്നു എങ്കിലും എന്നും എല്ലാ കാര്യങ്ങൾക്കും അദ്ദേഹം തന്റെ പ്രിയതമയ്ക്കൊപ്പം ഉണ്ടായിരുന്നു. കൊച്ചുമക്കൾക്കിടയിലെ പിണക്കം തന്നെ രാജ്ഞിക്ക് ഏറെ തലവേദനയുണ്ടാക്കിയ ഒന്നായിരുന്നു.

വഴക്കുകളുടെ മൂർദ്ധന്യത്തിൽ മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകളിൽ നിന്നൊഴിഞ്ഞ് ഹാരിയും മേഗനും ബ്രിട്ടനിൽ നിന്നും അമേരിക്കയിലേക്ക് മാറിയത് മറ്റൊരു ആഘാതമായിരുന്നു. ഇതിനു മുൻപ് 2002-ലായിരുന്നു രാജ്ഞിക്ക് ജീവിതത്തിലെ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. അന്ന് തന്റെ അമ്മയും സഹോദരിയും നഷ്ടപ്പെട്ടപ്പോഴും താങ്ങായി രാജകുമാരൻ കൂടെയുണ്ടായിരുന്നു.

ഇന്ന് തന്റെ എല്ലാമായ് പ്രിയതമൻ വിടചൊല്ലിപിരിയുമ്പോൾ, ഒന്ന് പൊട്ടിക്കരയാൻ പോലുമാവാതെ കർമ്മപാശത്താൽ ബന്ധിതയായിരിക്കുകയാണ് എലിസബത്ത് രാജ്ഞി. രാജ്യത്തിന്റെ ഭരണാധികാരി എന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുവാൻ, തന്നിലെ സ്ത്രീയെ, കാമുകിയെ, ഭാര്യയെ എല്ലാം ഉള്ളിലുറക്കിക്കെടുത്തി രാജകുമാരന്റെ അന്ത്യകർമ്മങ്ങൾക്ക് രാജ്ഞി എത്തും, മനസ്സിലെരിയുന്ന ചിതയുമായി.

രാജകുമാരന് അന്തിമോപചാരം അർപ്പിച്ച് ടി വി ചാനലുകൾ

പല ടി വി ചാനലുകളും തങ്ങളുടെ സ്ഥിരം പരിപാടികളൊക്കെ മാറ്റിവച്ച് ഫിലിപ്പ് രാജകുമാരന് അന്തിമോപചാരം അർപ്പിക്കുന്നു. ബിബിസി 1, ബിബിസി2, ന്യുസ് ചാനൽ എന്നിവ വൈകിട്ട് 6 മണിവരെ എല്ലാ പരിപാടികളും നിർത്തിവച്ചു. ഇന്ന് വൈകിട്ട് നടക്കാനിരുന്ന മാസ്റ്റർഷെഫ് ഫൈനൽ മത്സരം പോലും ഇന്ന് നടക്കുകയില്ല എന്നറിയിച്ചിട്ടുണ്ട്. ബി ബി സി 1 ലാണ് ഇത് വരാൻ ഇരുന്നത്. ആറു മണിക്കുള്ള വാർത്തക്ക് ശേഷം ബി ബി സി ന്യുസിൽ എച്ച് ആർ എച്ച് ഡ്യുക്ക് ഓഫ് ഏഡിൻബർഗ് റിമമ്പേർഡ് എന്നൊരു പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യും.

അതുപോലെ രാത്രി പത്തുമണിയുടെ വാർത്തയ്ക്ക് മുൻപായും ഇത്തരമൊരു പരിപാടി അവതരിപ്പിക്കും. വെള്ളിയാഴ്‌ച്ച ബി ബി സി 4 ൽ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. അതേസമയം ബി ബി സി റേഡിയോ 4, ബി ബി സി റേഡിയോ 5 എന്നിവയിൽ ഫിലിപ്പ് രാജകുമാരനെ കുറിച്ചുള്ള പ്രത്യേക പരിപാടികൾ പ്രക്ഷേപണം ചെയ്യും. ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത അറിഞ്ഞ് ഐ ടി വിയും പരിപാടികളിൽ മാറ്റം വരുത്തിയിട്ടുണ്ട്.