തിരുവനന്തപുരം: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലും ഇവർ മൂവരും ഉണ്ട്. മോഹൻലാൽ ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ ലോഞ്ച് ചെയ്തത്.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവ് ചിത്രമാണ് ഇത്. 42 വർഷത്തിനു ശേഷം സിനിമാ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാൻഡിന് ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചത്.

 ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗിതം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിങ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ. മെരിലാൻഡ് സിനിമാസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത്. 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമെത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രവുമാണ്.