ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമാക്കി വരുന്ന കൂറ്റൻ ഉൽക്കയെ ആശങ്കയോടെ നിരീക്ഷിച്ച് ബഹിരാകാശ ഗവേഷകർ. 4500 അടി വ്യാസമുള്ള ഉൽക്ക നാളെ ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ അറിയിച്ചു. ഇതിനെ അപകടസാധ്യതയുള്ള ഉൽക്കകളുടെ പട്ടികയിലാണ് നാസ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ഒൻപത് മടങ്ങ് ദൂരത്തിലൂടെയാണ് ഉൽക്ക കടന്നുപോകുക. മണിക്കൂറിൽ 94000 കിലോമീറ്ററാണ് ഉൽക്കയുടെ വേഗത. 1.4 കിലോമീറ്റർ വീതിയുള്ള ഉൽക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്നത് ടെലിസ്‌കോപ്പിലൂടെ നിരീക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബഹിരാകാശ ഗവേഷകർ.

2063ൽ വീണ്ടും ഇത് ഭൂമിയുടെ അരികിലൂടെ കടന്നുപോകും. ഉൽക്കയുടെ ഭ്രമണപഥം നിരീക്ഷിക്കുന്നുണ്ട്. ഇത്തവണ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.