കൊച്ചി: രാഷ്ട്രീയ താൽപ്പര്യമുള്ള കേസുകൾ നടത്തി കോടികൾ തുലയ്ക്കുന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാർ മറ്റു സർക്കാരുകളെ കവച്ചുവെക്കും. ഇക്കാര്യം മുമ്പ് പല കേസുകളിലും വ്യക്തമായതാണ്. പെരിയ കേസിലും കയ്യാങ്കളി കേസിലുമെല്ലാം കോടികൾ വക്കീൽ ഫീസ് നൽകി അഭിഭാഷകരെ വെച്ചു വാദിച്ചിട്ടും തിരിച്ചടിയായിരുന്നു സർക്കാറിനുണ്ടായത്. ഇപ്പോഴിതാ കേന്ദ്രസർക്കാറിനോട് ഏറ്റുമുട്ടാൻ വേണ്ടിയും ലക്ഷങ്ങൽ തുലച്ചിരിക്കയാണ് സംസ്ഥാന സർക്കാർ.

എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേരിൽ മാത്രം പുറമേനിന്നുള്ള വക്കീലിന് ഫീസായി നൽകിയത് 70 ലക്ഷംരൂപ. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരിൻ പി. റാവലിനാണ് 70 ലക്ഷംരൂപ നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യംചെയ്യുന്ന ഹർജിയിൽ വാദം പറയാൻ ആകെ മൂന്നുദിവസമാണ് മുൻ അഡീഷണൽ സോളിസിറ്റർ ജനറലായ ഹരിൻ പി. റാവൽ ഓൺലൈനിൽ ഹാജരായത്. ഓൺലൈനിൽ ഹാജരായതിനാൽ യാത്ര, താമസച്ചെലവ് എന്നിവ വേണ്ടിവന്നില്ല. എ.ജി. മുതൽ ഗവൺമെന്റ് പ്ലീഡർ വരെയുള്ളവർക്ക് ശമ്പളം നൽകാൻ മാസം 1.54 കോടി ചെലവഴിക്കുമ്പോഴാണിത്.

ഇ.ഡി.ക്കായി ഹാജരായത് സോളിസിറ്റർ ജനറൽ തുഷാർമേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽമാരായ എസ്.വി. രാജു, കെ.എം. നടരാജ് എന്നിവരായിരുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശപ്രവർത്തകൻ എം.കെ. ഹരിദാസാണ് കേസിലെ വക്കീൽഫീസിനെക്കുറിച്ചുള്ള വിവരങ്ങൾ തേടിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്തത്. നയതന്ത്രചാനലിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുപറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന് പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിന് തൊട്ടുപിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യവുമായി ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചു.

ഏപ്രിൽ 16-ന് ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി സിംഗിൾബെഞ്ച് വിധി വന്നു. ഈ ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ നിയമ നടപടി പൂർത്തിയാകുമ്പോൾ കോടികൾ തന്നെ ഖജനാവിൽ നിന്നും ചോരുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സംസ്ഥാന സർക്കാരിന് വേണ്ടി വിവിധ കേസുകളിൽ വാദിക്കാനായി അഭിഭാഷകരെ നിയോഗിച്ച വകയിൽ ചെലവായ തുകയിൽ വൈരുധ്യം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അഡ്വക്കേറ്റ് ജനറൽ ഓഫിസിൽ നിന്ന് വിവരവകാശനിയമ പ്രകാരം ലഭിച്ച മറുപടിയിൽ അഭിഭാഷക ഫീസ് ഇനത്തിൽ 5.03 കോടിയാണ് സർക്കാരിന് ചെലവായത്. കെപിസിസി സെക്രട്ടറി അഡ്വ.സി.ആർ പ്രാണകുമാർ വിവരാവകാശ നിയമപ്രകാരം അഡ്വക്കേറ്റ് ജനറൽ ഓഫിസിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം അഭിഭാഷകരുടെ വിമാന യാത്ര, താമസം, ഭക്ഷണ ചെലവ് എന്നിവയ്ക്കായി 5,03,40,000 രൂപയാണ് ചെലവായത് എന്നാണ് കാണിക്കുന്നത്.

എന്നാൽ സമാനമായ ചോദ്യത്തിന് നിയമസഭയിൽ മന്ത്രി രാജീവ് നൽകിയ മറുപടി പ്രകാരം അഭിഭാഷക ഫീസ് 18.97 കോടിയാണ്. കെ.കെ.രമ എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി ജൂലൈ 22 ന് നിയമസഭയിൽ നൽകിയ മറുപടിയിൽ 18,97,89,823 രൂപയാണ് ആകെ ചെലവായതെന്ന് പറയുന്നു. 2021 മെയ് 31 വരെയുള്ള കണക്കാണിത്.

ഇതേ കാലയളവിലെ ചോദ്യത്തിനാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന് 5.03 കോടിയുടെ കണക്ക് വന്നിരിക്കുന്നത്. അഭിഭാഷകർക്ക് നൽകിയ ഫീസ് ഇനത്തിൽ ഇത്രയധികം തുകയുടെ വൈരുധ്യം ഉണ്ടായത് സംശയകരമാണ്. മന്ത്രി നിയമസഭയിൽ പറഞ്ഞത് കണക്കിലെടുത്താൽ അഡ്വക്കേറ്റ് ജനറൽ ഓഫിസ് കള്ളം പറഞ്ഞുവെന്ന് കണക്കാക്കേണ്ടി വരും.

അതേസമയം, ഏറെ കോളിളക്കമുണ്ടാക്കിയ പെരിയ കേസിലും ഷുഹൈബ് കേസിലും അഭിഭാഷക ഫീസിനത്തിലും വിമാന, താമസ ഭക്ഷണചെലവിനും വേണ്ടി മുടക്കിയത് 1.77 കോടിയാണെന്ന് അഡ്വക്കേറ്റ് ജനറൽ ഓഫിസ് നൽകിയ മറുപടിയിൽ പറയുന്നു. അഡ്വക്കേറ്റ് ജനറൽ ഓഫിസ് നൽകിയ വിവരത്തിലെ 5.03 കോടിയിൽ ഏറ്റവും കൂടുതൽ ചെലവായത് ഈ കേസുകളിലാണ്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകളാണിത്. സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ പൊതുഖജനാവിൽ നിന്ന് സർക്കാർ ചെലവഴിച്ച തുകയാണ് ഇത്.