അഗർത്തല: ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം കൊയ്ത് ബിജെപി. 334 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 329 സീറ്റും ബിജെപി തൂത്തുവാരി. വോട്ടു വിഹിതത്തിൽ സിപിഎമ്മിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി.

മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്. ആകെയുള്ള 334 സീറ്റിൽ 112 ഇടത്ത് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച 222 ഇടങ്ങളിൽ 217 ഇടത്തും ബിജെപിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു.

20 വർഷം തുടർച്ചയായി ത്രിപുര ഭരിച്ച സിബിഎം 197 സീറ്റുകളിലാണ് മത്സരിച്ചത്. ഇവർക്ക് മൂന്നു സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 90 ശതമാനം സീറ്റുകളിലും കെട്ടിവെച്ച തുകപോലും തിരിച്ച് പിടിക്കാനുള്ള വോട്ട് സിപിഎമ്മിന് നേടാനായില്ല. മാധ്യമങ്ങൾ ബിജെപിയെ തറപറ്റിക്കുമെന്ന് പറഞ്ഞുള്ള വ്യാപക പ്രചരണം തൃണമൂൽ കോൺഗ്രസ് നടത്തിയെങ്കിലും ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഒരു സീറ്റുപോലും വിജയിക്കാനായില്ല.

മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. അഗർത്തല മുൻസിപ്പൽ കോർപ്പറേഷനിലെ ആകെയുള്ള 51 സീറ്റും ബിജെപി നേടി. ധർമനഗർ മുൻസിപ്പൽ കൗൺസിൽ, തെലിയാമുറ മുൻസിപ്പൽ കൗൺസിൽ, അമർപൂർ പഞ്ചായത്ത്, കോവൈ മുൻസിപ്പൽ കൗൺസിൽ, ബെലോണിയ മുൻസിപ്പൽ കൗൺസിൽ തുടങ്ങിയ ഇടത്തെല്ലാം മുഴുവൻ സീറ്റും ബിജെപി തൂത്തുവാരി.

ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂൽ കോൺഗ്രസ് അത സമയം സിപിഎമ്മിനെയും കോൺഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി. ത്രിപുരയിലെ വിജയം ഒരു തുടക്കം മാത്രമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. ഇതിലും അപമാനകരമായ തോൽവികൾ മമതാ ബാനർജിയെ ബംഗാളിലും കാത്തരിക്കുന്നുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു.

എന്നാൽ വെറും മൂന്നു മാസം കൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിൽ പ്രധാന പ്രതിപക്ഷമാവാൻ സാധിച്ചത് പ്രധാന നേട്ടമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രതികരിച്ചു. ത്രിപുരയിൽ അരങ്ങേറിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടന്നത്.

പ്രദേശീയ രാഷ്ട്രീയ കക്ഷി ഒരു സീറ്റും നേടിയിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ. 2018ൽ ത്രിപുരയിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്. ബിജെപിയുടെ അധികാരിക വിജത്തിൽ ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രവർത്തകർക്ക് നന്ദി പറഞ്ഞു.