വാഷിങ്ടൺ: കാബൂളിൽ നിന്ന് അഭയാർഥികളുമായി പറന്ന യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ്. അമേരിക്കൻ വ്യോമസേന വിമാനം സി-17 വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.ആൾക്കാർ തിങ്ങി നിറഞ്ഞ വിമാനത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഉൾക്കൊള്ളാവുന്നതിലധികം ആൾക്കാരെ കയറ്റി വിമാനം യാത്ര ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും സജീവമായിരുന്നു.ഇതിന് പിന്നാലെയാണ് വിമാനത്തിന്റെ ടയറുകളിൽ മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിരിക്കുന്നത്.

വിമാനത്തിന്റെ ടയറിൽ നിലയുറപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജനങ്ങൾ താഴേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.ഇക്കാര്യത്തിലും ഇപ്പോൾ സ്ഥിരീകരണമായി വിമാനത്തിൽ നിന്ന് വീണു നിരവധിപേർ മരിച്ചതായാണ് അമേരിക്ക തന്നെ സുചിപ്പിക്കുന്നത്. പിന്നാലെ സംഭവത്തെക്കുറിച്ചു യുഎസ് അന്വേഷണം പ്രഖ്യാപിച്ചു.താലിബാൻ അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ രക്ഷപ്പെടാനായി കാബൂൾ എയർപോർട്ടിൽ ജനങ്ങൾ തിരക്ക് കൂട്ടി. വിമാനത്തിൽ കയറിപ്പറ്റാനായി ജനങ്ങൾ തിക്കിതിരക്കി. ഒടുവിൽ തിക്കിനിറച്ചാണ് വിമാനം പുറപ്പെട്ടത്.

എന്നാൽ യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റർ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കൾ എത്തിക്കാനാണെന്നും, ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്‌തെന്നുമാണു വിശദീകരണം.അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാനായി നൂറുകണക്കിന് അഫ്ഗാനികളാണ് കഴിഞ്ഞദിവസം കാബൂൾ വിമാനത്താവളത്തിൽ നിന്ന് യുഎസ് വിമാനത്തിൽ ഇടിച്ചുകയറിയത്. വിമാനത്താവളത്തിലും പരിസരത്തും ആളുകൾ പരക്കം പായുന്നതിന്റെയും യുഎസ് വിമാനത്തിൽ തിങ്ങിനിറഞ്ഞ് ഇരിക്കുന്നതിന്റേയും ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

3200 പേരെ യുഎസ് വിമാനങ്ങളിൽ അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചതായാണ് കണക്കുകൾ. ശേഷിക്കുന്ന യുഎസ് പൗരന്മാരെയും യുഎസിനുവേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി 1000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയയ്ക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി അനുമതി നൽകി.