പത്തനാപുരം: മാനസ എന്ന പെൺകുട്ടിയെ കൊലപ്പെടുത്താൻ വേണ്ടി രാഖിൽ ബിഹാറിൽ പോയാണ് തോക്കു സംഘടിപ്പിച്ചത്. അവിടെ തോക്കു നിർമ്മാണ കേന്ദ്രങ്ങൾ സജീവമായതു കൊണ്ടാണ് അവിടേക്ക് രാഖിൽ വണ്ടി കയറിയത്. എന്നാൽ, അവിടെ മാത്രമല്ല, കേരളത്തിന്റെ കിഴക്കൻ വനമേഖലയിലും ഇത്തരം തോക്കു നിർമ്മാണ സംഘങ്ങളുണ്ട്. തമിഴ്‌നാടിനോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് തോക്കു നിർമ്മിക്കുന്നത് നായാട്ടിന് വേണ്ടിയാണെന്ന് മാത്രം.

തമിഴ്‌നാടുമായി ചേർന്നു കിടക്കുന്ന വനമേഖലയിലെ ദുർഘടമായ മലകളും പാറമടക്കുകളും അരുവികളും മൂലം പുറത്തു നിന്നും ആർക്കും വേഗത്തിൽ എത്തിപ്പെടാൻ കഴിയാത്തതാണ് ഇവിടം നായാട്ടുകാർ താവളമാക്കാൻ കാരണമായി മാറുന്നത്. ഓരോ താവളവും ഓരോ വീടിനു സമാനമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള ഇവിടെ ആഴ്ചകളോളം താമസിച്ചു മൃഗങ്ങളെ വേട്ടയാടി, ഇറച്ചി ഉണക്കി കാടിനു പുറത്തെത്തിക്കാൻ കഴിയുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായവരിൽ നിന്നും വനം ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം.

കോന്നി-പത്തനാപുരം താലൂക്കുകളുടെ ഭാഗങ്ങളിൽ അച്ചൻകോവിലാറിന്റെ മറുകരയും പുനലൂർ താലൂക്കിൽ തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ് പഞ്ചായത്തുകളുടെ ഗ്രാമാതിർത്തികളിലെ മലകളിലുമാണ് ഇവരുടെ കേന്ദ്രം. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വനത്തോടു ചേർന്ന ഗ്രാമങ്ങളിൽ തോക്ക് നിർമ്മിക്കാൻ അറിയാവുന്നവർ ഏറെയുണ്ട്. വിവിധ രീതിയിലുള്ള തോക്കുകൾ ഇവർ നിർമ്മിച്ചു നൽകും. കഴിഞ്ഞ ദിവസം പിടികൂടിയ തോക്ക് തമിഴ്‌നാട്ടിൽ നിർമ്മിച്ചതാണെന്നു വ്യക്തമായി. വീടുകളിൽ സൂക്ഷിക്കാതെ ഒളിയിടങ്ങളിലാണ് ഇവ സൂക്ഷിക്കുക. വനം - പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ പ്രത്യേകം ആളുകളെ തന്നെ നിയോഗിച്ചിട്ടുണ്ട്.

വിവരം കൈമാറുന്നതിനും ഇറച്ചി വിൽക്കാൻ കൊണ്ടു പോകുന്നതിനും എല്ലാം വെവ്വേറെ ആളുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഓരോരുത്തർക്കും തൊട്ടു മുകളിലുള്ള ആളുകളോടു മാത്രമേ ബന്ധമുണ്ടാകുകയുള്ളൂ. കാട്ടുപോത്തിന്റെ ഒരു കിലോ ഇറച്ചിക്ക് 600 രൂപ മുതൽ 1000 രൂപ വരെ ഈടാക്കും. ദൂരം കൂടുന്നതനുസരിച്ചു മോഹവിലയാണ് ഈടാക്കുക. മേഖലയിൽ തന്നെയുള്ള ഇവരുടെ ഏജന്റുമാർ ആവശ്യക്കാരുടെ വീടുകളിലെത്തിച്ചു നൽകും. കാട്ടുപോത്ത്, മ്ലാവ്, കാട്ടു പന്നി, മുള്ളൻ പന്നി, കേഴ, തുടങ്ങിയവയാണ് തുടങ്ങിയവാണ് പ്രധാന വേട്ടമൃഗങ്ങൾ.

ഈ നായാട്ടു സംഘം സജീവമാണെന്നാണ് വിവരം. അതേസമയം വന്യമൃഗ വേട്ടക്കിടെ അമ്പനാട് വനമേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ മൂന്നു വേട്ടക്കാരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് വനംവകുപ്പ് ശ്രമം. പത്തനാപുരം റേഞ്ച് ഓഫിസർ ബി.ദിലീഫിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വനം വിജിലൻസ് വിഭാഗവും സഹകരിക്കും.

നാടൻ തോക്ക് നിർമ്മിച്ചതെന്നു കരുതുന്ന തമിഴ്‌നാട്ടിലെ കേന്ദ്രത്തിലെത്തി കൂടുതൽ പരിശോധന നടത്തുന്നതിനൊപ്പം അനധികൃതമായി തോക്ക് കൈവശം വച്ചിരിക്കുന്നവരെക്കുറിച്ചും അന്വേഷിക്കും. പിടികൂടിയവരിൽ നിന്ന് ഇറച്ചി വാങ്ങിയവരുടെ വിവരങ്ങളും വിൽപന സംഘങ്ങളുടെ വിവരങ്ങളും ശേഖരിച്ചു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.