റാന്നി: മുറിയും അലമാരയും കുത്തിത്തുറന്ന് 10 പവന്റെ സ്വർണാഭരണവും പണവും കവർന്നെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ അറസ്റ്റുചെയ്തു. റാന്നി പുതുശ്ശേരിമല ഫിറോസ് ഭവനിൽ റഹീമിനെ (65) ആണ് റാന്നി ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. മുമ്പും വീട്ടിൽനിന്ന് ഇത്തരത്തിൽ സ്വർണവും പണവും കൊണ്ടുപോയിരുന്നെങ്കിലും ഇവർ പരാതി നൽകിയിരുന്നില്ല. ഇയാൾ സ്വർണം പണയംവെച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളിൽ താമസിച്ച് മദ്യപിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പണം തീരുമ്പോൾ വീട്ടിലെത്തും.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ഒക്ടോബർ 26-ന് ജോലിക്കുപോയ സമയത്താണ് പൂട്ടിയിട്ടിരുന്ന ഇവരുടെ മുറി കുത്തിത്തുറന്ന് അലമാര പൊളിച്ച് 10 പവന്റെ മാല എടുത്തുകൊണ്ടുപോയത്. ''ഞാൻ പോകുന്നു, എന്നെ അന്വേഷിക്കേണ്ട'' എന്ന് എഴുതിവെച്ചിട്ടാണ് പോയത്. റാന്നി പൊലീസിൽ ഭാര്യ പരാതി നൽകി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ബുധനാഴ്ച ഇയാൾ വഴിയാത്രക്കാരനിൽനിന്നും ഫോൺ വാങ്ങി ബന്ധുവിനെ വിളിച്ചു. ഈ നമ്പർ പിന്തുടർന്നാണ് പ്രതിയെ പൊലീസ് ആറ്റിങ്ങൽനിന്ന് പിടിച്ചത്.

കവർന്ന സ്വർണം പണയം വെച്ച് 1,56000 രൂപ ഇയാൾ വാങ്ങി. പിടികൂടുമ്പോൾ 98000 രൂപയും ഒരു വളയും ഇയാളുടെ പക്കലുണ്ടായിരുന്നെന്ന് എസ്‌ഐ.ടി. അനീഷ് പറഞ്ഞു. എസ്.സി.പി.ഒ.മാരായ മണിലാൽ, വിനോദ്, സി.പി.ഒ.വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.