മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊച്ചി സ്വദേശിനിയായ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയാണെന്ന് സംശയിക്കുന്ന ജോസഫ് ഫ്രാൻസിസിനെ(54)യാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്വദേശം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി സ്വദേശിനിയും ജോസഫ് ഫ്രാൻസിസിന്റെ ഭാര്യയുമായ ഷൈമ (44)യാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉള്ളാൾ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ്‌മോർട്ടത്തിൽ ഷൈമയുടെ തലയിലേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു.

മെയ് 11ന് വാക്കുതർക്കത്തെത്തുടർന്ന് ജോസഫ് ഭാര്യയെ മൂർച്ചയേറിയ വസ്തു കൊണ്ട് തലക്കടിച്ചിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഷൈമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ജോസഫ് ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്.

എന്നാൽ ഈ മൊഴി കള്ളമാണെന്ന് കൂടുതൽ അന്വേഷണത്തിലൂടെ തെളിയുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഷൈമയെ ദേർളക്കട്ടെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജോസഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത്. ഇന്ന് രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്രോൾ ബങ്കുകൾ നിർമ്മിക്കുന്ന കരാറുകാരനാണ് ജോസഫ്. ഷൈമ, ജോസഫിന്റെ മദ്യപാനത്തെ എതിർത്തിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ ജോസഫ് ഷൈമയെ തലയ്ക്കടിക്കുകയായിരുന്നു. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.