ബംബോലിം: ഐഎസ്എല്ലിൽ ബർതൊലോമ്യു ഒഗ്‌ബെച്ചെയുടെ ഹാട്രിക്ക് മികവിൽ ഒഡീഷ എഫ് സിയെ ഗോൾമഴയിൽ മുക്കി ഹൈദരാബാദ് എഫ്സി. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ജയത്തോടെ ഹൈദരബാദ് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നാലാം സ്ഥാനത്തേക്കും ജംഷഡ്പൂരിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കയറി. അതേ സമയം ജയിച്ചാൽ ആദ്യ നാലിലെത്താമായിരുന്ന ഒഡീഷ ഏഴാം സ്ഥാനത്ത് തുടരുകയാണ്.

ഒമ്പതാം മിനിറ്റിൽ തന്നെ ജാവോ വിക്ടറിന്റെ പാസിൽ നിന്ന് ഓഗ്ബെച്ചെ ഗോൾവേട്ട തുടങ്ങിവെച്ചു. 39, 60 മിനിറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ മറ്റു ഗോളുകൾ. 16-ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിന്റെ ക്രോസ് ഹൈദരാബാദ് താരം യുവാനന്റെ നെഞ്ചിലിടിച്ച് സ്വന്തം വലയിൽ കയറിയതോടെ ഒഡിഷ സമനില പിടിച്ചു.

കളി തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ഹൈദരാബാദ് മുന്നിലെത്തി. എഡു ഗാർഷ്യ എടുത്ത താഴ്ന്നുവന്ന ഫ്രീ കിക്കിൽ ജാവോ വിക്ടർ ഫ്‌ളിക്ക് ചെയ്തു നൽകി പന്ത് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഒഡീഷ വലയിലെത്തി. സെൽഫ് ഗോളാണെന്ന് ആദ്യം വിധിയെഴുതിയെങ്കിലും ഒടുവിൽ ഒഗ്‌ബെച്ചെയുടെ പേരിലാണ് ഗോൾ അനുവദിക്കപ്പെട്ടത്.

അധികം വൈകാതെ ഒഡീഷ തിരിച്ചടിച്ചു. പക്ഷെ വല കുലുക്കിയത് ഹൈദരാബാദിന്റെ ജുനാനായിരുന്നുവെന്ന് മാത്രം. ജാവിയർ ഹെർണാണ്ടസ് എടുത്ത കോർണറിൽ ജുനാന്റെ ദേഹത്ത് തട്ടിയ പന്ത് വലയിലാവുകയായിരുന്നു.

ഹൈദരാബാദ് തുടർച്ചയായി ആക്രമിച്ചതോടെ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാനായി ഒഡീഷയുടെ ശ്രമം. എന്നാൽ ആദ്യ പകുതി തീരും മുമ്പ് സമനില കെട്ട് പൊട്ടിച്ച് ഒഗ്‌ബെച്ചെ തന്റെ രണ്ടാം ഗോളും നേടി ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു. എഡു ഗാർഷ്യയുടെ കോർണറിൽ നിന്നായിരുന്നു ഇത്തവണ ഒഗ്‌ബെച്ചെ സ്‌കോർ ചെയ്തത്.

ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡുമായി കളം വിട്ട ഹൈദരാബാദ് രണ്ടാം പകുതിയിലും ആക്രമണം കനപ്പിച്ചു. 54-ാം മിനിറ്റിൽ എഡു ഗാർഷ്യ തന്നെ സ്‌കോർ ചെയ്തതോടെ ഹൈദരാബാദ് രണ്ട് ഗോളിന് മുന്നിലെത്തി.60-ാം മിനിറ്റിൽ അങ്കിത് ജാദവിന്റെ പാസിൽ നിന്ന് ഒഗ്‌ബെച്ചെ ഹാട്രിക്ക് പൂർത്തിയാക്കി മൂന്നാം ഗോളും നേടി.

ആക്രമണം തുടർന്ന ഹൈദരാബാദ് 72-ാം മിനിറ്റിൽ ജാവിയർ സിവേറിയോയിലൂടെ അഞ്ചാം ഗോളും 86-ാം മിനിറ്റിൽ പെനൽറ്റി വലയിലാക്കി ജാവോ വിക്ടർ ആറാം ഗോളും നേടിയതോടെ ഒഡീഷയുടെ പതനം പൂർത്തിയാക്കി. ജാവിയേർ സിവേറിയോയെ ബോക്‌സിൽ ഫൗൾ ചെയ്തതിനാണ് ഹൈദരാബാദിന് അനുകൂലമായി പെനൽറ്റി വിധിച്ചത്.