ഹൈദരാബാദ് : ചെക്ക് പോസ്റ്റിൽ നിർത്താതെ ബൈക്ക് ഓടിച്ച് പോകുന്നതിനിടെ യാത്രക്കാരൻ ക്രോസ്ബാറിൽ തലയിടിച്ച് മരിച്ചു. തെലങ്കാനയിലെ തലപൂർ ജില്ലയിലാണ് സംഭവം. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കണ്ടിട്ടും നിർത്താതെ അമിത വേഗത്തിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് വരുന്നത് കണ്ട് പൊലീസ് ഓഫീസർ കൈവീശി മുന്നറിയിപ്പ് നൽകിയെങ്കിലും യുവാക്കൾ ചെവികൊടുക്കാതെ മുന്നോട്ട് പോകുകയായിരുന്നു. പോസ്റ്റിനടുത്ത് എത്തിയപ്പോൾ മുന്നിലിരുന്നയാൾ തലകുനിച്ചു. പുറകെ ഇരുന്ന യാത്രക്കാരന് അത് ചെയ്യാൻ സാധിക്കാതെ വന്നതോടെ തലയിടിച്ച് വീഴുകയായിരുന്നു. ക്രോസ്ബാറിൽ തലയിടിച്ച് വീണയാൾ ഉടൻ തന്നെ മരിച്ചു.

എന്നാൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് വണ്ടി നിർത്താതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ ഒരു മണിക്കൂറിൽ പിടികൂടിയതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് അവശനായ നിലയിലായിരുന്നു യുവാവ്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റല്ലെന്നും 30 വർഷങ്ങളായി ചെക്ക് പോസ്റ്റ് അവിടെ തന്നെ ഉണ്ടായിരുന്നതാണെന്നും അധികൃതർ അറിയിച്ചു.