കൊച്ചി: സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം ലൈഫ് മിഷനുമായി ബന്ധപ്പെട്ടവർക്ക് നൽകാൻ യൂണിടാക് എംഡി നൽകിയ അഞ്ചാമത് ഫോൺ എവിടെ? ലൈഫ് മിഷൻ വിവാദം ഉയർന്നു വന്നതോടെ അഞ്ചാമത് ഐ ഫോൺ വിവാദമായി തുടരുകയായിരുന്നു 1.12 ലക്ഷം വിലയുള്ള ഈ ഐഫോൺ എവിടെ എന്നാണ് ചോദ്യങ്ങൾ ഉയർന്നത്. അഞ്ചാമത്തെ ഐ ഫോൺ കൈമനത്തെ ഒരു വീട്ടിൽ ഉള്ളതായി സിബിഐ സംശയിക്കുന്നുണ്ടെന്ന സൂചനയാണ് ഇപ്പോൾ വെളിയിൽ വരുന്നത്. അഞ്ചാമത് ഫോൺ മുഖ്യമന്ത്രിയുടെയോ മറ്റാരുടെയോ കൈകളിൽ ഇരിക്കുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉയർത്തുമ്പോൾ തന്നെയാണ് ഈ അഞ്ചാം ഫോൺ കൈമനത്തുള്ള ഒരു വീട്ടിൽ ഉണ്ടെന്നു സിബിഐ സംശയിക്കുന്നത്. ഈ ഫോൺ കൈമനത്തെ വീട്ടിൽ നിന്നും ലഭിച്ചാൽ തന്നെ ഫോൺ വിവാദം അവസാനിക്കാനും സാധ്യതയില്ല.

ആറാമത് ഫോൺ എവിടെ എന്നും ചോദ്യം വരും. ആറു ഫോൺ സ്വപ്നയ്ക്ക് വാങ്ങി നൽകിയതായി ഹൈക്കോടതിയിൽ നൽകിയ ഇൻവോയ്‌സിൽ യൂണിടാക് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ആറാമത് ഫോണിന്റെ കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മറുനാടൻ രാവിലെ വാർത്ത നൽകിയിരുന്നു. അഞ്ച് ഫോണുകൾ ആണ് വിവാദത്തിൽ തുടരുന്നത്. എന്നാൽ ആറാമത് ഫോൺ എവിടെ എന്ന കാര്യത്തിൽ സന്തോഷ് ഈപ്പൻ പുലർത്തുന്ന മൗനമാണ് വാർത്തയിൽ ചൂണ്ടിക്കാട്ടിയത്.യു.എ.ഇ. ദിനാഘോഷ പരിപാടിയിൽ വിതരണം ചെയ്യപ്പെട്ട ഒരു ഐ-ഫോൺ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ രാജീവൻ സർക്കാരിനു മടക്കിനൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തതയ്ക്കായി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.

സന്തോഷ് ഈപ്പൻ നൽകിയ മൊബൈൽ ഫോണുകൾ യു.എ.ഇ ദിനത്തിന് സമ്മാനമായി ശിവശങ്കർ, ജിത്തു, പ്രവീൺ, രാജീവൻ എന്നിവർക്കാണു ലഭിച്ചിരിക്കുന്നതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഞ്ചു ഫോണുകളിൽ അഞ്ചാമത് ഫോൺ എവിടെ എന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് വിജിലൻസ് പറയുന്നത്. വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴാണ് അഞ്ചാം ഫോൺ കൈമനത്തെ ഒരു വീട്ടിൽ ഉണ്ടെന്നു സിബിഐ സംശയിക്കുന്നത്. യുഎഇ കോൺസുലേറ്റിലെ ആഘോഷത്തിന് 5 ഫോൺ സ്വപ്നയ്ക്ക് വാങ്ങി നൽകിയെന്നും ഇതിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉൾപ്പെടെ ഫോൺ നൽകിയെന്നാണ് ലൈഫ് മിഷൻ വിവാദത്തെ വലുതാക്കി സന്തോഷ് ഈപ്പൻ വിവരങ്ങൾ പുറത്ത് വിട്ടത്. ലൈഫ് മിഷൻ വിവാദം കത്തുമ്പോൾ വിവാദം വഴി തിരിച്ചു വിടാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരുൾപ്പെടെ ഈപ്പൻ പുറത്ത് വിട്ടത്.

മൊബൈൽ ഫോൺ വിവാദം കത്തിയപ്പോൾ ചെന്നിത്തല വക്കീൽ നോട്ടിസയച്ചു. പിന്നീട് സന്തോഷ് ഈപ്പൻ ഇത് തിരുത്തി. ഐ ഫോൺ താൻ വാങ്ങിയില്ല എന്ന് പറഞ്ഞ ചെന്നിത്തല ഫോൺ ലഭിച്ചത് സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോക്കോൾ ഓഫിസർ എംപി. രാജീവനാണ് എന്ന വിവരം പുറത്ത് വിട്ടിരുന്നു. ഇതോടെ കുടം തുറന്നു വിട്ട ഭൂതം സിപിഎമ്മിനെ തന്നെ വിഴുങ്ങുന്ന അവസ്ഥയായി. അഞ്ചാമത് ഫോൺ വിവാദത്തിന്റെ മുന പ്രതിപക്ഷം മുഖ്യമന്ത്രിയിൽ വരെ എത്തിച്ചു. ഇപ്പോഴാണ് കൈമാനത്തുള്ള ഒരു വീട്ടിൽ ഫോൺ ഉണ്ടെന്ന സൂചനകൾ വെളിയിൽ വരുന്നത്. ശിവശങ്കറിന് യൂണിടാക്കിന്റെ ഫോൺ കിട്ടിയെന്നു വന്നതോടെ ലൈഫ് മിഷൻ കമ്മിഷൻ തുകയും ലോക്കറുമൊക്കെ ഉൾപ്പെടുന്ന സിബിഐയുടെ അന്വേഷണവും ശിവശങ്കറിന്റെ അടുത്തേക്കും എത്തുന്നതിനു വഴിയൊരുങ്ങിയിട്ടുണ്ട്.

ലൈഫ് മിഷൻ മൊബൈൽ ഫോൺ വിവാദത്തിൽ പലതും മറച്ച് വയ്ക്കാൻ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ശ്രമിക്കുന്നു എന്നാണ് സിബിഐ കണ്ടെത്തൽ. യൂണിടാക് ഹൈക്കോടതിയിൽ നൽകിയ ഇൻവോയ്‌സിൽ ആറു ഫോണുകൾ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു 1.14 രൂപ വിലയുള്ള ആറാമത് ഐഫോൺ എവിടെ എന്ന് ഈപ്പൻ പറയാൻ മടിക്കുന്നതിൽ ദുരൂഹത നിലനിൽക്കുന്നു എന്ന് തന്നെയാണ് സിബിഐയും കരുതുന്നത്. 99,900 രൂപ വിലയുള്ള ഒരു ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുടെ കൈയിലാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 

ഇത് അഴിമതിയുടെയും എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ വഴിയിൽ വരുന്നതുമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിലേക്ക് സിബിഐ അന്വേഷണം അന്വേഷണം കേന്ദ്രീകരിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ആറാമത് ഫോണിലേക്കും സിബിഐ അന്വേഷണം വരുന്നത്. ലൈഫ് മിഷൻ അല്ലാതെ മറ്റെന്തോ ഡീൽ യൂണിടാക്കും യുഎഇ കോൺസുലെറ്റും തമ്മിൽ നടന്നിട്ടുണ്ട് എന്നാണ് സിബിഐ സംശയിക്കുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ടു യുഎഇ കോൺസുലെറ്റിലെ അക്കൗണ്ടന്റ് ഖാലിദിന് നൽകിയത് ലൈഫ് മിഷൻ കരാറിലെ കമ്മിഷൻ തുക തന്നെയാണോ എന്ന കാര്യത്തിൽ സിബിഐ സംശയത്തിലാണ്.

സ്വപ്നയും യൂണിടാക്കിന്റെ എംഡി സന്തോഷ് ഈപ്പനും തമ്മിലുള്ള മൊഴികളിൽ ഉള്ള വൈരുധ്യമുണ്ട്. ലൈഫ് മിഷനിലെ കമ്മിഷൻ തുക തന്നെയാണ് ഈജിപ്ഷ്യൻ പൗരനായ ഖാലിദ് ലി ഷൗക്രിക്ക് നൽകിയിരിക്കുന്നത് എന്നാണ് സ്വർണ്ണക്കടത്തിലെ മുഖ്യമന്ത്രി സ്വപ്നാ സുരേഷും യൂണിടാക് എംഡി സന്തോഷ് ഈപ്പനും പറയുന്നത്. ഈ തുക കൈമാറിയത് 2019 മെയ്‌ മാസത്തിലാണ് എന്നാണ് സ്വപ്ന സിബിഐയ്ക്ക് നല്കിയ് മൊഴിയിൽ പറയുന്നത്. എന്നാൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത് 2019 ഓഗസ്റ്റ് മാസമെന്നും. ഈ മൊഴികളിലെ വൈരുധ്യമാണ് ഈ സംശയം ഉയർത്തുന്നത്. ബെൽഹെവൻ ഗാർഡൻസിൽ നിന്നും തുക കൈമാറിയപ്പോൾ ഈ തുകയുമായി കാറിൽ ഖാലിദ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ബംഗ്ലാവിലേക്ക് കാർ ഓടിച്ചു പോകുന്നത് താൻ കണ്ടു എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്.

ഈ രീതിയിൽ ഒരു ബംഗ്ലാവ് അവിടെയില്ലെന്നാണ് ലഭിക്കുന്ന വിവരം. അവിടെയുള്ള രണ്ടു ബംഗ്ലാവുകളിൽ ഒന്ന് റിസർവ് ബാങ്ക് ബംഗ്ലാവ് ആണ് മറ്റേത് മന്മോഹൻ ബംഗ്ലാവും. വേറെ ഒരു ബംഗ്ലാവ് അവിടെയില്ല. സന്തോഷ് ഈപ്പന്റെ മൊഴിയിൽ പറഞ്ഞ ഈ കാര്യവും സംശയം ജനിപ്പിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെയാണ് സന്തോഷ് ഈപ്പൻ പലതും ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന സംശയം അന്വേഷണ ഏജൻസികൾ പുലർത്തുന്നത്. സ്വപ്ന പറയുന്ന രീതിയിൽ മെയ്‌ മാസമാണ് കമ്മിഷൻ ഇടപാട് നടന്നതെങ്കിൽ ഓഗസ്റ്റ് മാസമാണ് കമ്മിഷൻ തുക കൈമാറിയത് എന്ന് സന്തോഷ് ഈപ്പൻ പറയുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.

സ്വപ്ന പറയുന്നത് ശരിയാണെങ്കിൽ കരാർ ഒപ്പ് വെച്ച ജൂലായ് മാസത്തിനു മുൻപ് തുക കൈമാറിയത് എന്തുകൊണ്ട്? ഈ തുക ലൈഫ് മിഷൻ ഇടപാടിലെ തുകയല്ലേ? മെയ്‌ മാസത്തിൽ തുക കൈമാറിയിട്ടുണ്ടെങ്കിൽ വേറെ എന്തൊക്കെയോ ഇടപാടുകൾ യുഎഇ കോൺസുലെറ്റുമായി സന്തോഷ് ഈപ്പൻ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പന് കരാർ ലഭിച്ചത്. സർക്കാർ വഴിയല്ല കരാർ ലഭിച്ചത് എന്ന് റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ സന്തോഷ് ഈപ്പൻ വ്യക്തമാക്കുന്നുണ്ട്. സർക്കാർ വഴി ആണെങ്കിൽ യുഎഇ കോൺസുലെറ്റിനു ഈ വൻ തുക കൈമാറേണ്ട ആവശ്യമേ വരില്ലായിരുന്നു എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഈ വാദത്തിൽ പിടിച്ചാണ് സന്തോഷ് ഈപ്പനും യുഎഇ കോൺസുലെറ്റുമായി എന്തൊക്കെ ഇടപാടുകൾ നടന്നു എന്ന കാര്യത്തിൽ സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കുന്നത്.