തിരുവനന്തപുരം: നേമത്ത് മത്സരിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ അതിന് തയ്യാറാകുമായിരുന്നുവെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. പാർട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അങ്ങനെ ചെയ്യുകയും ചെയ്യുമെന്ന് തരൂർ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എന്ത് ദൗത്യം ഏറ്റെടുക്കാനും പാർട്ടി പറഞ്ഞാൽ അതിന് താൻ തയ്യാറാണ്. നേമം കോൺഗ്രസിനായി തിരിച്ചുപിടിക്കാൻ കെൽപ്പുള്ള നേതാവാണ് മുരളീധരൻ എന്നും അദ്ദേഹം അത് നേടുമെന്നും തരൂർ പറഞ്ഞു.

ശശി തരൂരിന്റെ വാക്കുകൾ: 'ഒരു ഘട്ടത്തിലും പാർട്ടി നേതൃത്വം ഇങ്ങനെയൊരു കാര്യം എന്നോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിൽ ഇക്കാര്യം ചർച്ചയായി എന്നത് ശരിയാണ്. കോൺഗ്രസ് ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ഇതിനായി എന്നോട് ബന്ധപ്പെട്ടിട്ടില്ല. ഞാൻ ഇങ്ങനെയൊരാഗ്രഹം പാർട്ടിയുമായി പങ്കുവെച്ചിട്ടുമില്ല. പക്ഷേ, പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ പറ്റില്ല എന്നു പറയുമായിരുന്നില്ല. പാർട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. അങ്ങനെ ചെയ്യുകയും ചെയ്യും.''

'നിലവിൽ പാർട്ടി എന്നെ ചില ദൗത്യങ്ങൾ ഏൽപിച്ചിട്ടുണ്ട്. ഞാൻ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. ഈ ജോലികൾ ഞാൻ നിറവേറ്റി കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയിൽനിന്ന് ഞാൻ തിരിച്ചുവന്നത് കേരളത്തിലേക്കാണ്. ഇവിടെയായിരിക്കും എന്റെ റിട്ടയർമെന്റ് കാലമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ എന്ത് ദൗത്യം ഏറ്റെടുക്കാനും പാർട്ടി പറഞ്ഞാൽ അതിന് ഞാൻ തയ്യാറാണ്. നിലവിൽ നേമത്ത് ശക്തനായ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. നേമം കോൺഗ്രസിനായി തിരിച്ചുപിടിക്കാൻ കെൽപ്പുള്ള നേതാവാണ് മുരളീധരൻ. അദ്ദേഹം അത് കൈവരിക്കുകയും ചെയ്യും.'