കൊൽക്കത്ത : 30 ശതമാനം മുസ്ലിംകൾ ഒരുമിച്ചാൽ രാജ്യത്ത് നാലു പാക്കിസ്ഥാനുകൾ ഉണ്ടാക്കാനാകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്. ബീർഭൂമിലെ ബാസപോരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു തൃണമൂൽ നേതാവ് ഷേയ്ഖ് ആലത്തിന്റെ വിവാദ പ്രസ്താവന. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രം​ഗത്തെത്തി.

നാനൂർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിധാൻ ചന്ദ്ര മാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷേയ്ഖ് ആലത്തിന്റെ വർഗീയ പ്രസ്താവന. ഞങ്ങൾ 30 ശതമാനം പേരും അവർ 70 ശതമാനം പേരുമാണ്. ഈ 70 ശതമാനം പേരുടെ പിന്തുണ കൊണ്ടാണ് അവർ അധികാരത്തിലെത്തിയത്. അതിൽ അവർക്ക് ലജ്ജയില്ലേ. മുസ്ലിംകൾ ഒരുമിച്ചാൽ ഒന്നല്ല, നാലു പാക്കിസ്ഥാനുകൾ ഉണ്ടാക്കാനാകും. അപ്പോൾ ഈ 70 ശതമാനം പേർ എവിടെപ്പോകുമെന്ന് ഷേയ്ഖ് ആലം ചോദിച്ചു.

തൃണമൂൽ നേതാവിന്റെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി മമതബാനർജിയുടെ പ്രീണനരാഷ്ട്രീയത്തിന്റെ ഫലമായാണ് ഷെയ്ഖ് ആലത്തെപ്പോലുള്ള തൃണമൂൽ നേതാക്കൾ നാലു പാക്കിസ്ഥാൻ രൂപീകരിക്കുമെന്ന സ്വപ്നം കാണുന്നത്. ബംഗാളിലെ ഭൂരിപക്ഷ ജനതയെ മമത സർക്കാർ രണ്ടാംകിട പൗരന്മാരായി തരംതാഴ്‌ത്തിയെന്നും ബിജെപി ഐടിസെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.