തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി പുറത്താക്കിയതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ. തന്റെ പേരും വാലുമാണ് പ്രശ്‌നമെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു. ഒരു കുഞ്ഞുമോൻ അല്ല, ഒരുപാട് കുഞ്ഞുമോന്മാർ വിചാരിച്ചാലും ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സ്ഥാനാർത്ഥിയും തോൽക്കില്ല. വിജയവും തോൽവിയും വ്യക്തിയല്ല, വോട്ടർമാരാണ് തീരുമാനിക്കുന്നതെന്നും കുഞ്ഞുമോൻ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് കുഞ്ഞുമോന്റെ പരാമർശങ്ങൾ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം ലിജുവിനെ പരാജയപ്പെടുത്താൻ പ്രവർത്തിച്ചു എന്നതിന്റെ പേരിലാണ് കുഞ്ഞുമോനെ കോൺഗ്രസ് പാർട്ടി പുറത്താക്കിയത്. തോറ്റ മറ്റ് മണ്ഡലങ്ങളിലൊന്നും ഒരു നടപടിയും ഉണ്ടാകാതിരിക്കുമ്പോഴാണ് അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം അച്ചടക്കനടപടി കൈകൊണ്ടിരിക്കുന്നതെന്നാണ് കുഞ്ഞുമോൻപക്ഷത്തിന്റെ ആരോപണം.

നേതാക്കളുടെ പെട്ടി ചുമക്കുന്നതും സമ്പന്നതയുമാണ് കോൺഗ്രസിൽ സ്ഥാനമാനങ്ങൾക്കുള്ള മാനദണ്ഡമെന്ന് കുഞ്ഞുമോൻ കഴിഞ്ഞദിവസത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച 95 സീറ്റിൽ 23 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 73 സീറ്റിലും തോറ്റു. എന്നിട്ടും അമ്പലപ്പുഴ മണ്ഡലത്തിലെ തോൽവിയുടെ ഉത്തരവാദിത്തം തലയിൽ കെട്ടിവച്ചുള്ള നടപടി കാലങ്ങളായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കുഞ്ഞുമോൻ പറഞ്ഞിരുന്നു.

ഇല്ലിക്കൽ കുഞ്ഞുമോന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കണ്ണടച്ച് ഇരുട്ടാക്കരുത്, നാടിനെ കണ്ണു തുറന്ന് കാണണം സർ... ഒരു കുഞ്ഞുമോൻ അല്ല ഒരു പാട് കുഞ്ഞുമോന്മാർ വിചാരിച്ചാലും ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സ്ഥാനാർത്ഥി പോലും തോൽക്കില്ല സർ... ഒരു തവണയല്ല മുൻപ് രണ്ട് തവണ ആലപ്പുഴയിലെ ജനങ്ങൾ വേണ്ടെന്ന് പറഞ്ഞതാണ്, പറ്റിയാൽ അടുത്ത തവണ കൂടി സീറ്റ് കൊടുക്കണം റിസൾട്ട് വരുമ്പോൾ ഏതു കുഞ്ഞുമോൻ ബലിയാടാകുമെന്ന് അറിയാമല്ലോ? തോൽവിയല്ല സർ ഇവിടെ പ്രശ്നം, നമ്മുടെ പേരാണ് പ്രശ്നം, പേരിന്റെ വാലാണ് പ്രശ്നം, കാശാണ് പ്രശ്നം !