തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതിനെതിരെ ഐ.എം.എ രംഗത്ത്. മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐ.എം.എ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രമേയം

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലോകത്തൊരിടത്തും പരീക്ഷിച്ചിട്ടില്ലാത്തതും, വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലാത്തതുമായ ആഴ്‌സനിക് ആൽബം പോലെയുള്ള മരുന്ന് വിതരണം ചെയ്യുന്ന നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന് തിരുവനന്തപുരത്ത് അത് ഇരുപത്തിനാലാം തീയതി കൂടിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന പ്രവർത്തകസമിതി ഐക്യകണ്‌ഠേന ആവശ്യപ്പെടുന്നു.

കുട്ടികൾക്ക് ഗുരുതരമായ രോഗം വരുവാനുള്ള സാധ്യത വളരെ കുറവായതിനാലും വാക്‌സിൻ പോലും ആവശ്യമില്ലാത്ത സ്ഥിതിയുള്ളതിനാലും ആഴ്ട്‌സനികം ആൽബം പോലെയുള്ള മരുന്ന് കുട്ടികളിൽ പരീക്ഷിക്കുന്നതിന് അനുവാദം നൽകരുതെന്ന് രക്ഷകർത്താക്കളോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു

സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ അലോപ്പതി ഡോക്ടർമാർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെ രംഗത്തെത്തി. ശാസ്ത്രീയ പിന്തുണയില്ലാത്ത മരുന്നാണിതെന്ന വാദമുയർത്തി, മരുന്ന് കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.

അതേസമയം മരുന്ന് സുരക്ഷിതമാണെന്നും മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഹോമിയോപ്പതി ഡോക്ടർമാർ പറയുന്നു. ആർസനിക് ആൽബം സുരക്ഷിതമാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണിത്. കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ലെന്നും ഇവർ പറയുന്നു.

കോവിഡ് ലക്ഷണങ്ങളായ പനിക്കും ചുമയ്ക്കുമെല്ലാം നൽകുന്ന മരുന്നാണ് ഇതെന്നും രോഗ തീവ്രത അനുസരിച്ച് മരുന്ന് മാറ്റി നൽകുകയാണ് ചെയ്യുന്നതെന്നും ഹോമിയോ ഡോക്ടർമാർ വിശദീകരിക്കുന്നു..നേരത്തെയും ഈ മരുന്ന് ഉപയോഗിക്കാനുള്ള നിർദ്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെ കോടതിയെ സമീപിച്ചാണ് ഹോമിയോ ഡോക്ടർമാർ ലക്ഷണമില്ലാത്ത രോഗികളെ ചികിത്സിക്കാനുള്ള അനുമതി നേടിയെടുത്തത്. രോഗം ഗുരുതരമാകുകയാണെങ്കിൽ രോഗികൾക്ക് മോഡേൺ മെഡിസിൻ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോടതിയുടെ നിലപാട്.

രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പ്രതിരോധ മരുന്ന് നൽകൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.അതേസമയം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.