ന്യൂഡൽഹി: കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളമ്പിക് മെഡലിസ്റ്റ് സുശീൽ കുമാറും കൂട്ടുകാരും ദേശീയ ഗുസ്തി താരം സാഗറിനെ വടി കൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. കടുത്ത മർദ്ദനമേറ്റതിനെ തുടർന്ന് സാഗർ പിന്നീട് ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നു.

കഴിഞ്ഞാഴ്ചയാണ് കൊലപാതക കേസിൽ സുശീൽ കുമാർ അറസ്റ്റിലായത്. നഗരത്തിലെ ഗുസ്തി സർക്കിളിൽ തങ്ങളുടെ മേധാവിത്വം തെളിയിക്കാനാണ് സുശീൽ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. തന്റെ സുഹൃത്തുക്കളിൽ ഒരാളെ കൊണ്ട് മർദ്ദനത്തിന്റെ വീഡിയോ സുശീൽ ഷൂട്ട് ചെയ്യിച്ചു.

23 കാരനായ സാഗർ ധങ്കഡിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. സുശീൽ കുമാറിനെയും മറ്റുമൂന്നു സുഹൃത്തുക്കളെയും ചുറ്റും കാണാം. സാഗറെയും മറ്റു രണ്ടുസുഹൃത്തുക്കളെയും മെയ് നാലിന് ഡൽഹിയിലെ ഛത്രസാൽ സ്‌റ്റേഡിയത്തിൽ വച്ചാണ് സുശീലും കൂട്ടുകാരും ക്രൂരമായി മർദ്ദിച്ചത്. മൂന്നുപേരെയും ആശുപത്രിയിലാക്കി. എന്നാൽ, സാഗർ മരണമടഞ്ഞു.

തന്റെ സുഹൃത്ത് പ്രിൻസിനോടാണ് വീഡിയോ ചിത്രീകരിക്കാൻ സുശീൽ ആവശ്യപ്പെട്ടത്. മൃഗങ്ങളെ പോലെയാണ് സുശീലും സുഹൃത്തുക്കളും സാഗറിനെയും സുഹൃത്തുക്കളെയും വടി കൊണ്ട് മർദ്ദിച്ചത്. ഗുസ്തിക്കാരുടെ സമൂഹത്തിൽ തന്നെ കുറിച്ച് ഭീതി ജനിപ്പിക്കുകയായിരുന്നു സുശീലിന്റെ ലക്ഷ്യമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സുശീലടക്കം ആറ് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷം ഒളിവിലായിരുന്ന സുശീൽ കുമാറിനെ ഡൽഹി - പഞ്ചാബ് അതിർത്തിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ സാഗറിനെ മർദ്ദിച്ചത് ഭയപ്പെടുത്താൻ മാത്രമാണ് എന്നാണ് സുശീൽ കുമാർ വെളിപ്പെടുത്തിയത്. എന്നാൽ, കൂട്ടം ചേർന്നുള്ള സംഘർഷത്തിനിടെ സാഗർ ധൻകഡ് കൊല്ലപ്പെടുകയായിരുന്നു. സംഘർഷത്തിനു ശേഷവും ഛത്രസാൽ സ്റ്റേഡിയം പരിസരത്ത് തുടർന്ന സുശീൽ കുമാർ, സാഗർ ധൻകഡ് കൊല്ലപ്പെട്ട വിവരമറിഞ്ഞതോടെ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.

സാഗറിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എല്ലായിടത്തും വൈറലാക്കാൻ സുശീൽ കുമാർ നിർദ്ദേശിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനായി തന്റെ സഹായിയായ പ്രിൻസ് എന്നയാളെ സുശീൽ നിയോഗിച്ചിരുന്നു. തനിക്കെതിരെ ഇനിയാരും ശബ്ദമുയർത്താതിരിക്കുന്നതിനാണ് സാഗറിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എല്ലായിടത്തും പ്രചരിപ്പിക്കാൻ സുശീൽ കുമാർ നിർദ്ദേശിച്ചത്.

സാഗർ ധൻകടിന്റെ കൊലപാതകത്തിൽ കലാശിച്ച തർക്കത്തിനു കാരണം റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സുശീലിനൊപ്പമുണ്ടായിരുന്നവരിൽ ചിലർ ഇപ്പോൾ ജയിലിലുള്ള ഒരു അധോലോക നേതാവിന്റെ കൂട്ടത്തിലുള്ളവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അതേസമയം, നോർതേൺ റെയിൽവേയിലെ താരത്തിന്റെ ജോലിയും നഷ്ടമായി. സുശീലിനെ ജോലിയിൽ നിന്നൊഴിവാക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. സീനിയർ കൊമേഴ്‌സ്യൽ മാനേജർ പോസ്റ്റിൽ നിന്നാണ് സുശീൽ കുമാറിനെ സസ്‌പെൻഡ് ചെയ്തത്. ഛത്രസാൽ സ്റ്റേഡിയത്തിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഇതേ സ്റ്റേഡിയത്തിന്റെ പരിസരത്ത് വച്ചാണ് കൊലപാതകം നടന്നത്.

കൊലപാതകത്തിന് ശേഷം സുശീൽ കുമാർ ഒളിവിലായിരുന്നു. ആറ് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച ശേഷമാണ് ഒടുവിൽ അദ്ദേഹം പിടിയിലായത്. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവാണ് സുശീൽ കുമാർ.