കണ്ണൂർ: മന്ത്രവാദത്തെ തുടർന്ന് കണ്ണൂർ സിറ്റി നാലുവയലിലെ ഫാത്തിമയെന്ന പതിനൊന്നു വയസുകാരി മരിക്കാനിടയായ സംഭവത്തിൽ കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസ് കണ്ണൂർ ജില്ലയ്ക്കു പുറത്തും ചികിത്സ നടത്തിയതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളെ കാണുന്നതിനായി നിരവധിയാളുകളാണ് ജില്ലയ്ക്കു പുറത്തു നിന്നുപോലും എത്തിയിരുന്നതെന്നാണ ് വിവരം. കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതൽ ചികിത്സ തേടിയെത്തിയത്.

മന്ത്രവാദചികിത്സ നടത്തി രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും പണം തട്ടുന്നതിനായി മതവിശ്വാസം മുതലെടുക്കുകയായിരുന്നു സിറ്റി കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസ്. മരണാനന്തരം 'സ്വർഗപ്രവേശ'മെന്ന ഇസ്ലാം മതവിശ്വാസികളുടെ ആഗ്രഹത്തെയായിരുന്നു ഇയാൾ ചൂഷണം ചെയ്തത്. ആധുനിക കാലത്തെ എല്ലാ പുരോഗതിയെയും പൂർണമായി നിഷേധിക്കുന്ന തരത്തിലായിരുന്നു ഇയാൾ സ്വന്തം ജീവിതം നയിച്ചിരുന്നത്.

തന്റെ കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ചതിന്റെ തെളിവുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. പോളിയോ, കോവിഡ് പ്രതിരോധ വാക്‌സിനുകൾക്കെതിരെയും ഇയാൾ നിരന്തരം പ്രചാരണം നടത്തി. കുടുംബത്തിൽ നാലുപേർ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതിനും കാരണമായത് ഉവൈസിന്റെ മന്ത്രവാദ ചികിത്സയായിരുന്നുവെന്ന തെളിവുകൾ ബന്ധുക്കളിൽനിന്നുതന്നെയാണ് പുറത്തുവരുന്നത്. പള്ളി ഇമാമെന്ന നിലയിൽ ഉവൈസിനെ എതിർക്കാൻ ഇതൊക്കെ നേരത്തെ അറിയാമായിരുന്ന നാട്ടുകാർക്കും ഭയമായിരുന്നു.

തങ്ങളുടെ അടുത്ത് ചികിത്സ തേടിയെത്തുന്നവർക്ക് ഉവൈസും ഭാര്യാമാതാവ് പടിക്കൽ ഷുഹൈബയും കൂടിയാണ് മന്ത്രിച്ചൂതിയ വെള്ളം നൽകുന്നത്. 50, 100 മില്ലി ലീറ്റർ കുപ്പികളിലാണ് വെള്ളം. ചരടു കെട്ടലുമുണ്ട്. ഖുർആൻ പാരായണവും ചികിത്സയിൽ നിർബന്ധമാണ്. ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും മന്ത്രവാദ ചികിത്സ നൽകും. സ്ഥിരമായി ചൊല്ലാനുള്ള സൂക്തങ്ങളാണ് വാട്സ് ആപ്പിലൂടെ അയച്ചു നൽകാറുള്ളത്. ഇതു ചൊല്ലിയശേഷം രോഗിക്കു ജപിച്ച വെള്ളം കൊടുക്കാനാണ് നിർദ്ദേശിക്കുക. ഡോക്ടറെ സമീപിക്കില്ലെന്നു സത്യം ചെയ്താലേ ഇവർ ജപിച്ചൂതിയ വെള്ളം നൽകൂ.

തന്റെ കുടുംബത്തിൽ പത്തുകുട്ടികൾക്ക് ഉവൈസ് മതപഠനം നടത്തുന്നുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം നിഷേധിച്ചാണിത്. വിദ്യാലയങ്ങളിൽ പോയി പഠിക്കരുതെന്നും ആശുപത്രികളിൽ ചികിത്സ തേടരുതെന്നും ഇയാൾ കുടുംബത്തിൽ കർശന നിബന്ധനവച്ചിട്ടുണ്ട്. ഇവരുടെ കുടുംബവീട് ഉൾപ്പെടെ പത്തിലേറെ വീടുകളിൽ ഇയാളുടെ മന്ത്രവാദ ചികിത്സ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരൊക്കെയും ഇയാളുടെ നിർബന്ധത്തിന് വഴങ്ങി ആധുനിക ചികിത്സ ഉപേക്ഷിച്ചിട്ടുണ്ട്.

ഇതിനെ എതിർക്കുന്ന കുടുംബാംഗങ്ങളെ പല കാരണങ്ങളുണ്ടാക്കി കുടുംബത്തിൽനിന്ന് ഒഴിവാക്കുന്ന സ്ഥിതിയുമുണ്ട്. ഈ കുടുംബങ്ങളിലെ മുതിർന്നവർ കോവിഡ് വാക്‌സിനെടുത്തിട്ടില്ല. കുട്ടികൾക്കു നൽകേണ്ട പ്രതിരോധ വാക്സീനുകളും നൽകാറില്ല. ആശുപത്രി നരകത്തിലേക്കുള്ള വഴിയെന്നാണ് ഇയാൾ ആളുകളെ ധരിപ്പിക്കുന്നത്.

നേരത്തെ ഉവൈസിന്റെ കുടുംബത്തിലുണ്ടായ നാലുമരണങ്ങളാണ് സംശയനിഴലിലുള്ളത്. ഇപ്പോൾ മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താറിന്റെയും ബന്ധുക്കളാണിവർ. ഉവൈസിന്റെ ഭാര്യയുടെ മുത്തശ്ശി സഫിയ, സഹോദരി നഫീസ, സഹോദരൻ അഷ്‌റഫ്, ഫാത്തിമയുടെ മാതൃസഹോദരീ ഭർത്താവ് അഷ്‌റഫ് എന്നിവരുടെ മരണമാണ് പൊലീസ് അന്വേഷിക്കുന്നത്.

ഇവർക്ക് അസുഖമുണ്ടായിട്ടും ചികിത്സ നൽകിയിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്. മന്ത്രവാദ ചികിത്സയാണ് നൽകിയതെന്നും ഇതാണ് മരണകാരണമെന്നും കാണിച്ച് ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം കേസെടുക്കുകയും ചെയ്തു. ഫാത്തിമയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മന്ത്രവാദ, വ്യാജ ചികിത്സകരെക്കുറിച്ച് പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്.

വിസ്ഡമുൾപ്പെടെയുള്ള മതസംഘടനകളുടെ നേതൃത്വത്തിൽ മന്ത്രവാദ ചികിത്സയ്ക്കെതിരെ ബോധവൽക്കരണവുമായി രംഗത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ ഉവൈസും മരണമടഞ്ഞ ഫാത്തിമയുടെ പിതാവ് അബ്ദുൽ സത്താറും രണ്ടാഴ്ചത്തേക്ക് റിമാൻഡിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയിൽ വാങ്ങും.