ലണ്ടൻ: ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് മുമ്പും ഇന്ത്യക്ക് പരിശീലന മത്സരങ്ങളൊന്നുമില്ല. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കൗണ്ടി ടീമുകളുമായി സന്നാഹ മത്സരം കളിക്കാനാവാത്തത് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് സന്നാഹ മത്സരങ്ങൾ കളിക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കളിച്ചതുപോലെ ടീം അംഗങ്ങൾ തന്നെ പരസ്പരം ടീമായി തിരിഞ്ഞ് രണ്ട് ചതുർദിന മത്സരങ്ങളാവും ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കളിക്കുക. ടെസ്റ്റ് പരമ്പരക്ക് മുമ്പ് കൗണ്ടി ടീമുകളുമായി ഏതാനും സന്നാഹ മത്സരങ്ങൾ ക്രമീകരിക്കണമെന്ന് ബിസിസിഐ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോട് (ഇസിബി)അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇസിബി ഇത് നിരസിച്ചു. ഇംഗ്ലണ്ടിലെ ആഭ്യന്തര താരങ്ങൾ നിലവിൽ ബയോ ബബ്ബിളിനകത്തല്ലെന്നതുകൊണ്ടാണ് സന്നാഹ മത്സരമെന്ന അഭ്യർത്ഥന ഇസിബി നിരസിച്ചത്. ഇന്ത്യയുമായി സന്നാഹ മത്സരം കളിക്കാനായി കൗണ്ടി ടീം അംഗങ്ങളെ ബയോ സെക്യുർ ബബ്ബിളിൽ ആക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഇസിബിയുടെ നിലപാട്.

ഈ സാഹചര്യത്തിൽ ജൂലൈ 14ന് ഡർഹാമിലെത്തുന്ന ഇന്ത്യൻ താരങ്ങൾ ഇവിടെയാവും പരസ്പരം ടീമായി തിരിഞ്ഞ് പരിശീലന മത്സരം കളിക്കുക. നോട്ടിങ്ഹാമിൽ ഓഗസ്റ്റ് നാലു മുതലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുക. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.