ന്യൂഡൽഹി: കാബൂളിൽ നിന്ന് നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘത്തെ വ്യോമസേന വിമാനത്തിൽ നാട്ടിൽ തിരികെ എത്തിച്ചത് അതിസാഹസികമായി. കാബൂളിലെ ഇന്ത്യൻ എംബസി സദാസമയവും താലിബാന്റെ നിരീക്ഷണത്തിലായിരുന്നു. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിനിടയിൽ നിന്നാണ് 140 പേരടങ്ങുന്ന ഇന്ത്യൻസംഘം സുരക്ഷിതമായി കാബൂളിൽ നിന്ന് തിരിച്ചെത്തിയത്.

വിമാനത്താവളം തുറന്നതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം ഗുജറാത്തിലെ ജാംനഗറിൽ ലാൻഡ് ചെയ്തു. പാക് വ്യോമപാത ഒഴിവാക്കി ഇറാൻ വഴിയാണ് എയർ ഇന്ത്യ വിമാനം യാത്ര ചെയ്തത്.

അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള ഐ എ എഫ് വിമാനം ഉത്തർപ്രദേശിലെ ഹിന്ദോൺ വിമാനത്താവളത്തിൽ ഇറങ്ങി. ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ നിന്നും ഇന്ധനം നിറച്ച ശേഷമാണ് വിമാനം ഹിന്ദോണിൽ എത്തിയത്.

 

ഇന്ത്യൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാചുമതലയുള്ള ഇൻഡോ-ടിബറ്റൻ അതിർത്തി പൊലീസിലെ 100 ഉദ്യോഗസ്ഥരും നാല് മാധ്യമപ്രവർത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്ഗാനിസ്താനിൽ കുടുങ്ങിയിരുന്നത്.

ഇവരെ തിരിച്ചെത്തിക്കാനായി ഓഗസ്ത് 15നാണ് ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനം കാബൂളിലേക്ക് പുറപ്പെട്ടത്. എന്നാൽ രാത്രിയോടെ സ്ഥിതിഗതികൾ വഷളായി. താലിബാൻ അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്തതോടെ വ്യോമപാത അടച്ചു, ഇതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ തടസപ്പെട്ടത്.

 

ഇന്ത്യൻ സംഘത്തെ കാബൂളിൽ നിന്ന് ഒഴിപ്പിക്കാനായി പോയ ഇന്ത്യൻ വ്യോമസേന വിമാനം ആദ്യം വിമാനത്താവളത്തിൽ താലിബാൻ തടഞ്ഞിരുന്നു. ഇന്ത്യൻ സംഘത്തിൽ ചിലരുടെ പക്കൽ നിന്ന് താലിബാൻ സ്വകാര്യ വസ്തുക്കൾ തട്ടിയെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.ഇന്ത്യയിലേക്ക് അഭയം തേടി വരുന്ന അഫ്ഗാനികൾക്ക് കാബൂളിൽ താൽക്കാലിക വിസ അനുവദിക്കുന്ന വിസ ഏജൻസി താലിബാൻ റെയ്ഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.



യുഎസ് ജനറൽ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്നലെ രാത്രി നടത്തിയ ഫോൺസംഭാഷണവും ഇന്ത്യക്കാരെ കാബൂളിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സഹായകമായി.

അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയിലെ നിർണായക രേഖകൾ അടങ്ങിയ ഫയലുകളും രാജ്യത്തേക്ക് തിരിച്ച് എത്തിച്ചു. കാബൂളിലെ എല്ലാ എംബസി ഉദ്യോഗസ്ഥരെയും ഈ വിമാനത്തിൽ തന്നെ മടക്കിയെത്തിച്ചു. അതേസമയം, അഫ്ഗാനിൽ നിന്ന്, അഫ്ഗാൻ പൗരന്മാർ അടക്കം അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്രവിദേശകാര്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിയോടെ കാബൂളിലെത്തിയ മറ്റൊരു വ്യോമസേനാ വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയിരുന്നു. ഇറാൻ വ്യോമപാതയിലൂടെയാണ് വ്യോമസേനാ വിമാനം ഇന്ത്യയിലെത്തിയത്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരികയാണെന്നും, കാബൂൾ വിമാനത്താവളത്തിലെ യാത്രാവിമാനങ്ങൾ റദ്ദാക്കിയത് ഉദ്യോഗസ്ഥരെ അടക്കം തിരികെ കൊണ്ടുവരുന്നതിന് തടസ്സമായെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി നേരത്തെ വിശദീകരണം നൽകിയിരുന്നു.

അഫ്ഗാനിൽ നിന്ന് ഇന്ത്യയ്ക്ക് സഹായം നൽകിയവരടക്കമുള്ള അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാനായി കേന്ദ്രവിദേശകാര്യമന്ത്രാലയം ഇ - വിസ സമ്പ്രദായം ഏർപ്പെടുത്തി. ഇതിൽ ഇന്ത്യൻ പൗരന്മാരെയാകും പ്രഥമപരിഗണന നൽകി ആദ്യം കൊണ്ടുവരിക. അതിന് ശേഷം രാജ്യത്തേക്ക് വരാൻ താത്പര്യമുള്ള അഫ്ഗാൻ പൗരന്മാരെയും കൊണ്ടുവരും.



''അഫ്ഗാനിലെ സിഖ്, ഹിന്ദു സമൂഹങ്ങളുമായി ഞങ്ങൾ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അഫ്ഗാൻ വിട്ട് വരാൻ താത്പര്യമുള്ള എല്ലാവർക്കുമായി ഞങ്ങൾ അതിനുള്ള സൗകര്യം ഏർപ്പെടുത്തും'', എന്ന് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാൻ സെല്ല് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോൺ നമ്പറിലും  meahelpdeskindia@gmail.com എന്ന മെയിൽ ഐഡിയിലും സഹായം ആവശ്യപ്പെടാം.



ഇത്ര പെട്ടെന്ന് താലിബാൻ അഫ്ഗാനിൽ അധികാരം വെട്ടിപ്പിടിക്കുമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളും ഇന്ത്യയും കരുതിയിരുന്നതല്ല. അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി ചൂണ്ടികാട്ടി. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഭയത്തോടെ കഴിയുകയാണെന്ന് ഇന്ത്യ യുഎൻ യോഗത്തിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവർത്തനത്തിന്റെ താവളമാക്കി മാറ്റാതിരിക്കാൻ ഇപ്പോഴേ ശ്രമം തുടങ്ങണമെന്നും ഇന്ത്യ നിർദ്ദേശിച്ചു.

മനുഷ്യാവകാശം സംരക്ഷിക്കണം എന്ന ശക്തമായ നിലപാടാണ് രക്ഷാസമിതി യോഗത്തിൽ ഉയർന്നത്. താലിബാൻ ധാരണ ലംഘിച്ചുവെന്ന് അമേരിക്കയും ബ്രിട്ടണും ആരോപിച്ചു. ചൈന മൃദു നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. യോഗത്തിൽ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളിയതിലെ അതൃപ്തിയും ചൈന പ്രകടിപ്പിച്ചു. നേരത്തെ ചൈനയും പാക്കിസ്ഥാനും താലിബാനെ സ്വാഗതം ചെയ്തിരുന്നു.