ന്യൂഡൽഹി ചൈനയെ ഉന്നമിട്ട് വിയറ്റ്‌നാമുമായി പ്രതിരോധ സഹകരണം ദൃഢമാക്കാൻ ഇന്ത്യയുടെ നീക്കം. ത്രിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം വിയറ്റ്‌നാമിലെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇതുസംബന്ധിച്ച് നിർണായക ചർച്ച നടത്തി. ചൈനയുടെ അയൽരാജ്യമായ വിയറ്റ്‌നാമുമായി 10 വർഷത്തെ പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത പ്രസ്താവനയിലും ഇന്ത്യ ഒപ്പുവച്ചു. ഏതെങ്കിലും രാജ്യവുമായി ഇത്രയുമധികം വർഷത്തേക്ക് പ്രതിരോധ സഹകരണത്തിനു വിയറ്റ്‌നാം കൈ കൊടുക്കുന്നത് അപൂർവമാണ്.

തെക്കൻ ചൈനാക്കടലിൽ വിയറ്റ്‌നാമിന്റെ അധികാര പരിധിയിലേക്കു കടന്നുകയറാൻ ചൈന നിരന്തരം നീക്കം നടത്തുന്നതിനിടയാണ് ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണമെന്നതു ശ്രദ്ധേയം. കടലിൽ നിരീക്ഷണവും ആക്രമണവും നടത്താൻ കഴിയുന്ന 12 അതിവേഗ കാവൽ ബോട്ടുകളും ഇന്ത്യ വിയറ്റ്‌നാമിനു കൈമാറി.

ചൈനീസ് കടന്നുകയറ്റ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണു വിയറ്റ്‌നാമും. ചൈനയോടു നേരിട്ടു മുട്ടാനുള്ള കെൽപില്ലെങ്കിലും ലഭ്യമായ സാധ്യതകൾ ഉപയോഗിച്ച് പ്രതിരോധമുറപ്പിക്കുകയാണു ലക്ഷ്യം.