ജയ്പൂർ: തലമാറ്റത്തിൽ പുതിയ പ്രതീക്ഷകളുമായി ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ ഇറങ്ങും.ടി 20 പരമ്പരയുടെ ആദ്യമത്സരം സവായ് മാൻസിങ് സ്റ്റേഡിയത്തിൽ രാത്രി എഴിന് തുടങ്ങും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട് സ്റ്റാറിലും കാണാം. 3 ട്വന്റി20 മത്സരങ്ങളും 2 ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. 11 മാസങ്ങൾക്കപ്പുറം ഓസ്‌ട്രേലിയയിൽ അടുത്ത ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാൽ രണ്ടു ടീമിനും അതിനുള്ള ഒരുക്കങ്ങളുടെ തുടക്കം കൂടിയാണിത്.

ട്വന്റി20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യൻ ടീമിലെ പൊളിച്ചെഴുത്തുകളെ തലമുറമാറ്റം എന്നതിനെക്കാൾ 'തലമാറ്റം' എന്നു വിളിക്കുന്നതാണ് ഉചിതം. പരിശീലക സംഘത്തിന്റെ തലപ്പത്ത് രാഹുൽ ദ്രാവിഡും ടീമിന്റെ തലപ്പത്ത് രോഹിത് ശർമയും എത്തുന്നു. ഇരുവരുടെയും കൂടുകെട്ട് ഇന്ന് ന്യൂസീലൻഡിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിനായി കളത്തിലിറങ്ങുമ്പോൾ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഏകദിന, ട്വന്റി20 ലോകകപ്പുകൾ മുന്നിൽ കണ്ട് യുവതാരത്തെ ക്യാപ്റ്റൻസി ഏൽപിക്കണമെന്ന ആവശ്യം മറികടന്ന് രോഹിത് ശർമയെ നായകനാക്കാൻ സിലക്ടർമാരെ പ്രേരിപ്പിച്ചത് ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി നേടിയ 5 കിരീടങ്ങൾ തന്നെയാണ്. 19 തവണ ട്വന്റി20 മത്സരങ്ങളിൽ ടീം ഇന്ത്യയെ നയിച്ച രോഹിത് 15ലും വിജയം നേടി. കളിക്കാരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്ന ക്യാപ്റ്റനെന്ന പേരും രോഹിത്തിനുണ്ട്.

ഇനി പുതിയ കോച്ച് ദ്രാവിഡിലേക്ക് വന്നാൽ അണ്ടർ 19 ടീമിനൊപ്പവും ഇന്ത്യ എ ടീമിനൊപ്പവും പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് രാഹുൽ ദ്രാവിഡ് സീനിയർ ടീമിന്റെ പരിശീലകനാകുന്നത്. ഇന്ത്യൻ ബി ടീമിനൊപ്പം ശ്രീലങ്കയിൽ പര്യടനം നടത്തിയതു മാത്രമാണ് ഇതിനു മുൻപ് സീനിയർ ടീം പരിശീലകനായി ദ്രാവിഡിനുള്ള പരിചയം (പരമ്പര 12ന് ഇന്ത്യ തോറ്റിരുന്നു). ക്രിക്കറ്റർ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും അഗ്രസീവ് ക്രിക്കറ്റിന്റെ വക്താവായിരുന്ന ശാസ്ത്രിയിൽനിന്ന് ക്ഷമയ്ക്കു പേരുകേട്ട ദ്രാവിഡിന്റെ കയ്യിലേക്ക് ടീം എത്തിച്ചേരുമ്പോൾ കാര്യമായ പൊളിച്ചെഴുത്തുകൾ പ്രതീക്ഷിക്കാം.

സൂപ്പർ 12 റൗണ്ടിൽ ന്യൂസീലൻഡിനോട് 8 വിക്കറ്റിനു തോറ്റതോടെയാണ് ഇന്ത്യയുടെ ലോകകപ്പിൽ ഇന്ത്യയുടെ വഴിയടഞ്ഞു പോയത്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിനു ചെറിയൊരു പ്രതികാരസ്വഭാവമുണ്ട്.ലോകകപ്പ് ഫൈനൽ തോൽവി മനസ്സിൽ നിന്നു മായും മുൻപേയാണ് ന്യൂസീലൻഡ് കളിക്കാർ ദുബായിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ നേരിട്ട് ജയ്പുരിലെത്തിയത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ വിശ്രമമെടുത്തെങ്കിലും ന്യൂസീലൻഡ് ടീമിൽ വലിയ മാറ്റങ്ങളില്ല.

അടിമുടി മാറിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20 ടീം സ്ഥിരം ക്യാപ്റ്റനായി രോഹിത് ശർമയും പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡും ചുമതലയേൽക്കുന്ന ആദ്യ മൽസരമാണിത്. ഐപിഎലിൽ തിളങ്ങിയിട്ടും ലോകകപ്പ് ടീമിൽ ഇടം കിട്ടാതെ പോയ ഋതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ എന്നിവരെല്ലാം 'പുതിയ ഇന്ത്യ'യിലുണ്ട്. വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയവർ വിശ്രമമെടുക്കുകയും ചെയ്തു.