കാൺപൂർ: ന്യൂസിലാന്റ് മദ്ധ്യനിരയെ വീണ്ടും ഇന്ത്യൻ സ്പിന്നർമാർ വിറപ്പിച്ചതോടെ ഉച്ചഭക്ഷണത്തിന് ശേഷം സന്ദർശകർക്ക് ബാറ്റിങ്ങ് തകർച്ച.10 റൺസിനിടെ ക്യാപ്റ്റൻ വില്യംസൺ ഉൾപ്പടെ വിലപ്പെട്ട അഞ്ച് വിക്കറ്റുകളാണ് ന്യൂസിലാന്റിന് നഷ്ടമായത്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂസിലാന്റ് 6 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ്.

ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് മികച്ച തുടക്കമാണ് ടോം ലാഥവും നൈറ്റവാച്ച്മാൻ വിൽ സോമർവില്ലെയും ചേർന്ന് നൽകിയത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും 76 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തിൽ തന്നെ സോമർവില്ലെ പുറത്തായി. 36 റൺസെടുത്ത താരത്തെ ഉമേഷ് യാദവ് ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. സോമർവില്ലെയ്ക്ക് പകരം നായകൻ കെയ്ൻ വില്യംസൺ ക്രീസിലെത്തി.വില്യംസണെ കൂട്ടുപിടിച്ച് ലാഥം ടീം സ്‌കോർ 100 കടത്തി. ഒപ്പം രണ്ടാം ഇന്നിങ്സിലും ലാഥം അർധസെഞ്ചുറി നേടി. എന്നാൽ അർധസെഞ്ചുറി നേടിയശേഷം ലാഥത്തിന് പിടിച്ചുനിൽക്കാനായില്ല. 146 പന്തുകളിൽ നിന്ന് 52 റൺസെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിൻ പിഴുതെടുത്തു. ഇതോടെ കിവീസ് പതറി.

റോസ് ടെയ്ലർക്കും അധികം ആയുസുണ്ടായിരുന്നില്ല. 24 പന്തിൽ രണ്ട് റൺസെടുത്ത ടെയ്ലറെ രവീന്ദ്ര ജഡേജ വിക്കറ്റിന് പിന്നിൽ കുരുക്കി. പിന്നാലെ ഹെൻട്രി നിക്കോൾസും ക്രീസ് വിട്ടു. നാല് പന്ത് നേരിട്ട് ഒരു റണ്ണെടുത്ത നിക്കോൾസിനെ അക്സർ പട്ടേൽ പുറത്താക്കി. ഇതോടെ ന്യൂസീലൻഡിന് 126 റൺസിനിടയിൽ അഞ്ചു വിക്കറ്റ് നഷ്ടമായി.തുടർന്ന് ക്യാപറ്റൻ വില്യംസണിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ 6 ാം വിക്കറ്റ് നഷ്ടമായി.

ഇന്ത്യക്കായി അശ്വിൻ , ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്‌സർ പട്ടേൽ, ഉമേഷ് യാദവ്, എന്നിവർ ഒരോ വിക്കറ്റ് വിതവും വീഴ്‌ത്തി.