കാബൂൾ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണം പിടിച്ചടക്കി യുദ്ധം അവസാനിച്ചതായി താലിബാൻ അറിയിച്ചതോടെ അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാൻ നടപടി തുടങ്ങി.ഇന്ത്യക്കാരെ അവിടെ നിന്നും സുരക്ഷിതരായി തിരികെയെത്തിക്കാൻ എയർ ഇന്ത്യാ വിമാനം ഉച്ചയ്ക്ക് 12:30ഓടെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടും.രാത്രി 8.30 ന് പുറപ്പെടാനിരുന്ന വിമാനമാണ് നേരത്തെയാക്കിയത്.

അടിയന്തര യാത്രക്കായി വിമാനങ്ങൾ പറത്താൻ തയ്യാറായിരിക്കണമെന്ന് എയർ ഇന്ത്യക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് വിമാനങ്ങൾക്കാണ് തയ്യാറായിരിക്കാൻ ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമെ വ്യോമസേന വിമാനങ്ങളോടും തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.വ്യോമസേനയുടെ സി -17 വിമാനമാണ് ഇന്ത്യക്കാരെ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്.

അഫ്ഗാനിലുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രതിനിധികളുടെയും ജീവൻ അപകടത്തിലാക്കാൻ താലിബാന് അവസരം കൊടുക്കില്ലെന്നും അതിനായി ഇന്ത്യൻ വിമാനങ്ങൾ തയ്യാറാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.കണക്ക് പ്രകാരം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിലുള്ളത്. ഇതിൽ 129 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. താലിബാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയുംപെട്ടെന്ന് അഫ്ഗാൻ വിടാൻ ഇന്ത്യൻ എംബസി മുന്നറിയിപ്പുനൽകിയിരുന്നു.

'അഫ്ഗാനിസ്ഥാനിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാബൂളിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരുടെ ജീവൻ തങ്ങൾ അപകടത്തിലാക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.അതേസമയം ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ യുദ്ധം അവസാനിച്ചെന്നും ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് തടസമുണ്ടാകരുതെന്നും താലിബാൻ നേതൃത്വം പറയുമ്പോഴും താലിബാൻ ഭരണത്തിൽ ഭയന്ന് നാടുവിടാൻ തിക്കിത്തിരക്കുന്ന ജനങ്ങളുടെ കാഴ്ചയാണ് കാബൂൾ വിമാനത്താവളത്തിലുള്ളത്. അമേരിക്കൻ വിമാനത്തിൽ കയറുന്നതിന് എത്തിയ ജനങ്ങളെ ഒഴിപ്പിക്കാൻ അമേരിക്കൻ സേന ആകാശത്തേക്ക് വെടിയുതിർത്തു. വിമാനത്താവളത്തിൽ വേറെയും വെടിവയ്‌പ്പുണ്ടായതായും റിപ്പോർട്ടുണ്ട്.

അഫ്ഗാൻ ജനങ്ങൾക്കും, മുജാഹിദുകൾക്കും ഇന്ന് നല്ല ദിവസമാണെന്നും 20 വർഷത്തെ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് വിജയമെന്നും താലിബാൻ വക്താവ് മുഹമ്മദ് നയീം കീഴടക്കലിനെക്കുറിച്ച് പ്രതികരിച്ചത്.ആരെയും ഭീതിയിലാക്കരുതെന്ന് അനുയായികൾക്ക് താലിബാൻ നിർദ്ദേശം നൽകി. സാധാരണക്കാരുടെ ദൈനംദിന പ്രവൃത്തികൾ തടസപ്പെടുത്തരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.