ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പ്രതിസന്ധിയായി തുടരുന്നതിനിടെ കേന്ദ്രസർക്കാരിന്റെ പ്രതിരോധ വാക്‌സീൻ നയങ്ങളെ കടന്നാക്രമിച്ച് പ്രതിപക്ഷം. നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രോഗസാഹചര്യം മോശമാക്കിയെന്നും വാക്‌സീൻ കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. 

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.

'പരിശോധനയ്ക്കും പിന്തുടരലിനും വാക്‌സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. മോദി സർക്കാരിന്റെ തെറ്റായ ഇടപെടൽ കാര്യങ്ങൾ മോശമാക്കി. വാക്‌സീൻ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായി. ആൾക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണം.' സോണിയ പറഞ്ഞു.

ഇന്ത്യ വാക്‌സീൻ ക്ഷാമം നേരിടുമ്പോൾ കയറ്റുമതി തൽക്കാലം നിർത്തിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പാവങ്ങളെയാണു കോവിഡ് മോശമായി ബാധിക്കുന്നതെന്നു രാഹുൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആവശ്യമുള്ളവർക്കെല്ലാം വാക്‌സീൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്കു രാഹുൽ കത്തയച്ചിരുന്നു. വാക്‌സീൻ ഉൽപാദനത്തിൽ രാജ്യം മുന്നേറിയെങ്കിലും പിടിപ്പുകേടും അശ്രദ്ധയും മൂലം വിതരണം അവതാളത്തിലായി.

ജനസംഖ്യയുടെ ഒരു ശതമാനത്തിനു മാത്രമാണു ഇതുവരെ 2 ഡോസ് ലഭ്യമാക്കിയത്. ഈ രീതിയിൽ പോയാൽ 75% പേർക്കു വാക്‌സീൻ നൽകാൻ വർഷങ്ങളെടുക്കും. വാക്‌സീൻ വിതരണത്തിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം നൽകണം. ഉൽപാദനം വർധിപ്പിക്കാൻ കമ്പനികൾക്ക് സഹായം നൽകണം രാഹുൽ പറഞ്ഞു.

ഉൽപാദക കമ്പനികളിൽനിന്നു വിദേശ രാജ്യങ്ങൾക്കു വാക്‌സീൻ വാങ്ങാമെന്നിരിക്കെ, സംസ്ഥാനങ്ങൾക്ക് ഈ സ്വാതന്ത്ര്യം വിലക്കുന്നതാണു കേന്ദ്രത്തിന്റെ വാക്‌സീൻ നയത്തിനെതിരായ പ്രധാന പരാതി. തുടക്കം മുതൽ രാജ്യത്തു വാക്‌സീൻ വിതരണം കേന്ദ്ര സംവിധാനം വഴിയാണ്.

രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഛത്തീസ്‌ഗഡ്, ഹരിയാന, ഒഡീഷ, തെലങ്കാന, പഞ്ചാബ് എന്നീ സർക്കാരുകൾ ഇതിനെതിരെ രംഗത്തെത്തി. വാക്‌സീൻ ലഭ്യതക്കുറവാണു സംസ്ഥാനങ്ങളുടെ പ്രശ്‌നം. ഒഡീഷയിൽ നൂറുകണക്കിനു വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. സ്റ്റോക്ക് ഇല്ലെന്നും കൂടുതൽ ഡോസ് അനുവദിക്കണമെന്നും മഹാരാഷ്ട്രയും രാജസ്ഥാനും ആവശ്യപ്പെട്ടു. കേരളത്തിലും ശേഖരം കുറവാണ്.

കോവിഡ് പിടിവിട്ടുയരുന്ന മഹാരാഷ്ട്രയിൽ വാക്‌സീൻ സ്റ്റോക്ക് തീർന്നതിനെത്തുടർന്ന് ഒട്ടേറെ മേഖലകളിൽ കുത്തിവയ്പ് മുടങ്ങി. വാക്‌സീൻ വിതരണം കുറച്ചതിനെതിരെ സംസ്ഥാനം കേന്ദ്രത്തിനെതിരെ രംഗത്തെത്തി. മഹാരാഷ്ട്രയ്ക്ക് 7.5 ലക്ഷം ഡോസ് മാത്രം നൽകിയപ്പോൾ യുപിക്ക് 48 ലക്ഷം, മധ്യപ്രദേശിന് 40 ലക്ഷം, ഗുജറാത്തിന് 30 ലക്ഷം ഡോസ് വീതമാണു കൈമാറിയത്.

ഇതു ക്രൂരമായ അവഗണനയാണെന്നാണ് വിമർശനം. ആരോപണം ഉന്നയിച്ച സംസ്ഥാന സർക്കാരുകൾക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ രംഗത്തു വന്നു. പ്രതിരോധത്തിലെ പാളിച്ച മറയ്ക്കാനാണു വൈറസും വാക്‌സീനും രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സൂചന നൽകി. നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താൻ ലോക്ഡൗൺ വേണ്ടിവന്നു. ഇപ്പോൾ വാക്‌സീനും നമുക്കുണ്ട്. കണ്ടെയ്ന്മെന്റ് സോണുകൾ നിശ്ചയിച്ചും രാത്രി കർഫ്യു നടപ്പാക്കിയുമുള്ള പ്രതിരോധ പ്രവർത്തനമാണു വേണ്ടത്. സാമൂഹിക പരിഷ്‌കർത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതൽ അംബേദ്കർ ജയന്തിയായ 14 വരെ വാക്‌സീൻ ഉത്സവം ആഘോഷിക്കാനും മോദി ആഹ്വാനം ചെയ്തു.

കേന്ദ്രത്തിനെതിരെ ആക്ഷേപമുന്നയിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷവിമർശനമാണു യോഗത്തിൽ മോദി ഉയർത്തിയത്. 'എത്ര വാക്‌സീൻ ഉൽപാദിപ്പിച്ചെന്ന് നിങ്ങൾക്കറിയാം. ഒരു രാത്രി കൊണ്ടു ഫാക്ടറികൾ ഒരുക്കാനാവില്ല. ലഭ്യമായ സ്റ്റോക്കിന് അനുസരിച്ചു പരിഗണന നിശ്ചയിക്കണം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു വാക്‌സീൻ ഡോസ് കൂടുതൽ നൽകണമെന്ന ചിന്ത ശരിയല്ല. മുഴുവൻ രാജ്യത്തെക്കുറിച്ചാണു ഞങ്ങൾ ചിന്തിക്കുന്നത്. വാക്‌സീൻ പാഴാക്കി കളയുന്നതു കുറയ്‌ക്കേണ്ടതുണ്ട്. പരിശോധന മറക്കുകയും വാക്‌സിനേഷനിലേക്കു കടക്കുകയുമാണു പലരും ചെയ്തത്. വാക്‌സീൻ ഇല്ലാതെതന്നെ കോവിഡിനെ നമ്മൾ പരാജയപ്പെടുത്തിയിരുന്നെന്നതു മറക്കരുത്' മോദി ചൂണ്ടിക്കാട്ടി.