അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിർത്തുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് എന്ന നിലയിലാണ്.രവിചന്ദ്രൻ അശ്വിൻ (15), വൃദ്ധിമാൻ സാഹ (9) എന്നിവരാണ് ക്രീസിൽ. തുടക്കത്തിലെ തകർച്ചയ്്ക്ക് ശേഷം ക്യാപ്റ്റൻ കോഹ്‌ലിയുടെ കരുത്തിലൂടെ ദിനത്തിന്റെ ഭൂരിഭാഗം സമയവും ഉറച്ച പ്രതിരോധം തീർത്ത് മേൽക്കൈ നേടിയ ഇന്ത്യ ഒറ്റ റണ്ണൗട്ടിൽ കാര്യങ്ങൾ കളഞ്ഞുകുളിച്ചു. വിരാട് കോഹ്‌ലിയുടെ റണ്ണൗട്ടോടെയാണ് കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ട് പോയത്.മികച്ച ഫോമിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 180 പന്തുകൾ നേരിട്ട കോലി, എട്ടു ഫോറുകളുടെ അകമ്പടിയോടെ 74 റൺസെടുത്തു.തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ഇന്നിങ്‌സിനെ താങ്ങിനിർത്തിയ ക്യാപ്റ്റൻ, നിർഭാഗ്യം പിടികൂടിയ നിമിഷത്തിൽ റണ്ണൗട്ടായതാണ് ടീമിന് തിരിച്ചടിയായത്. മറ്റൊരു സെഞ്ചുറിയിലേക്കുള്ള പ്രയാണത്തിലായിരുന്ന കോലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ പിഴവിലാണ് പുറത്തായത്. നഥാൻ ലിയോണിന്റെ പന്ത് തട്ടിയിട്ട ശേഷം ഇല്ലാത്ത റണ്ണിനായി ഓടിയ രഹാനെ, പെട്ടെന്ന് ഓട്ടം നിർത്തി കോലിയെ തിരിച്ചയയ്ക്കുകയായിരുന്നു. കോലി തിരികെ ക്രീസിൽ കയറും മുൻപ് ഹെയ്സൽവുഡ് എറിഞ്ഞ് നൽകിയ പന്തിൽ ലയൺ സ്റ്റംപിളക്കി. ഇതിനു പിന്നാലെ രണ്ട് വിക്കറ്റ് കൂടി നഷ്ടമാക്കിയാണ് ഇന്ത്യ ഒന്നാം ദിനം 233 റൺസിൽ ബാറ്റിങ് അവസാനിപ്പിച്ചത്. രഹാനെ 92 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 42 റൺസെടുത്തു. ചേതേശ്വർ പൂജാര 160 പന്തിൽ രണ്ടു ഫോറുകളോടെ 43 റൺസും സ്വന്തമാക്കി.

തകർച്ചയോടെയായിരുന്നു ഇന്ത്യുടെ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റിൽ കോലി ടോസ് ജയിച്ച മത്സരങ്ങളൊന്നും ഇന്ത്യ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തോടയാണ് ഇന്ത്യ കളി തുടങ്ങിയത്. സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരെയെല്ലാം പുറത്തിരുത്തി അവസരം നൽകിയ പൃഥ്വി ഷാ, നേരിട്ട രണ്ടാം പന്തിൽത്തന്നെ പുറത്താകുന്ന ദയനീയ കാഴ്ചയോടെയാണ് ഇന്ത്യൻ ഇന്നിങ്‌സിന് തുടക്കമായത്. മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ പന്തിൽ ക്ലീൻ ബൗൾഡായാണ് ഷാ മടങ്ങിയത്.

രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്‌ക്കൊപ്പം പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ച മായങ്ക് അഗർവാൾ ഒരു ഘട്ടത്തിൽ പ്രതീക്ഷ നൽകിയതാണ്. എന്നാൽ, പാറ്റ് കമ്മിൻസിന്റെ തകർപ്പനൊരു പന്ത് അഗർവാളിന്റെ ബാറ്റിനും പാഡിലും ഇടയിലൂടെ സ്റ്റംപുമായി പറക്കുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ 32 റൺസ് മാത്രം.ഇതിനു പിന്നാലെയായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയ വിരാട് കോലി ചേതേശ്വർ പൂജാര കൂട്ടുകെട്ട്. ഇരുവരും ചേർന്ന് വിക്കറ്റ് കളയാതെ പിടിച്ചുനിന്നതോടെ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ ഒന്നാം സെഷൻ പിന്നിട്ടു. രണ്ടാം സെഷനിലും പ്രതിരോധത്തിലൂന്നിയായിരുന്നു ഇരുവരുടെയും ബാറ്റിങ്. ഒടുവിൽ സ്പിന്നർ നഥാൻ ലയോൺ വന്നതോടെയാണ് ഇന്ത്യൻ ബാറ്റിങ്ങിൽ ഇളക്കം കണ്ടുതുടങ്ങിയത്.

സ്പിന്നർ വന്നതോടെ ഒരു വശത്ത് കോലിയും പൂജാരയും ചേർന്ന് സ്‌കോറിങ് നിരക്ക് ഉയർത്തിയെങ്കിലും വിക്കറ്റ് വീഴാനുള്ള സാധ്യതകളും സജീവമായി. ഈ സാധ്യതകൾ ശരിവച്ചുകൊണ്ടാണ് രണ്ടാം സെഷൻ അവസാനിക്കുന്നതിനു തൊട്ടുമുൻപ് പൂജാര പുറത്തായത്. ലയണിന്റെ കുത്തിത്തിരിഞ്ഞ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ബാറ്റിലുരസി പന്ത് സ്ലിപ്പിൽ മാർനസ് ലബുഷെയ്‌ന്റെ കൈകളിലെത്തി. അംപയർ ഔട്ട് അനുവദിച്ചില്ലെങ്കിലും ഓസ്‌ട്രേലിയ ഡിആർഎസ് ആവശ്യപ്പെട്ടു. റീപ്ലേകളിൽ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായതോടെ പൂജാരയ്ക്ക് മടക്കം. 160 പന്തുകൾ നേരിട്ട പൂജാര രണ്ടേരണ്ടു ഫോറുകൾ സഹിതം 43 റൺസെടുത്താണ് പുറത്തായത്.

പൂജാര പുറത്തായതിന്റെ നിരാശ മറക്കാൻ ഉതകുന്ന പ്രകടനമായിരുന്നു പിന്നീട് ക്രീസിൽ ഒരുമിച്ച കോലി രഹാനെ സഖ്യത്തിന്റേത്. സമയമെടുത്ത് നിലയുറപ്പിച്ച ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു.ട്രാക്കിലായതോടെ റൺറേറ്റ് ഉയർത്താൻ ഇരുവരും ശ്രമിക്കുമ്പോഴാണ് നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്. നഥാൻ ലയണിന്റെ പന്ത് തട്ടിയിട്ടശേഷം റണ്ണിനായി ഓടിയ രഹാനെ, പെട്ടെന്ന് ഓട്ടം നിർത്തി കോലിയെ തിരികെ അയയ്ക്കുകയായിരുന്നു. കോലി ക്രീസിൽ കയറും മുൻപ് ലയൺ സ്റ്റംപിളക്കി.കോലിയുടെ പുറത്താകലിന്റെ കാരണക്കാരനായതോടെ ശ്രദ്ധ പതറിയ രഹാനെയും അധികം വൈകാതെ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി രഹാനെ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 196 റൺസ്. രഹാനെ പവലിയനിലേക്ക് നടക്കുമ്പോൾ ഓടിയെത്തിയ ഹനുമ വിഹാരി ഡിആർഎസ് എടുക്കാൻ നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. അധികം വൈകാതെ വിഹാരിയുടെ രൂപത്തിൽ ഇന്ത്യയ്ക്ക് ആറാം വിക്കറ്റും നഷ്ടമായി. 25 പന്തിൽ രണ്ടു ഫോറുകളോടെ 16 റൺസെടുത്ത വിഹാരിയെ ഹെയ്സൽവുഡ് എൽബിയിൽ കുരുക്കി.

ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ടും ജോഷ് ഹെയ്‌സൽവുഡ്, പാറ്റ് കമ്മിൻസ്, നേഥൻ ലയൺ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.