ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ട് സെഷനുകൾ ബാക്കി നിൽക്കെ 272 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തിരിച്ചടി. 1 റൺസെടുക്കുമ്പോഴേക്കും രണ്ട് ഓപ്പണർമാരെയും മടക്കി ഇന്ത്യൻ പേസർമാർ ആതിഥേയരെ ഞെട്ടിച്ചു. മുഹമ്മദ് ഷമിക്കും ബുംറയ്ക്കുമാണ് വിക്കറ്റ്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിലാണ്. റൂട്ടിനെക്കൂടി വേഗത്തിൽ മടക്കി വിജയം ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക.

നേരത്തെ രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 286 റൺസെന്ന നിലയിലായിരുന്നു. എട്ടു വിക്കറ്റിന് 209 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വാലറ്റമായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കൈപ്പിടിച്ചുയർത്തുകയായിരുന്നു. ഷമി 70 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 56 റൺസുമായും 64 പന്തിൽ 34 റൺസുമായി ബുംറയും പുറത്താകാതെ നിന്നു.

വാലറ്റത്തെ എളുപ്പത്തിൽ എറിഞ്ഞിട്ട് ജയം കൈപ്പിടിയിലൊതുക്കാമെന്ന മോഹത്തെയാണ് ഷമി- ബുംറ സംഖ്യം ഇല്ലാതാക്കിയത്.ഏകദിന ശൈലിയിൽ ബാറ്റുചെയ്ത ഷമി സിക്സിലൂടെ അർധ സെഞ്ചുറിയിലെത്തി. ടെസ്റ്റ് കരിയറിൽ ഷമിയുടെ രണ്ടാം അർധ സെഞ്ചുറിയാണിത്. ആറു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിൽ അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഋഷഭ് പന്തിനെ നഷ്ടപ്പെട്ടു. ഒലി റോബിൻസൺന്റെ പന്തിൽ പുറത്താകുമ്പോൾ പന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 22 റൺസ് മാത്രം. പിന്നാലെ 16 റൺസെടുത്ത ഇഷാന്ത് ശർമയേയും റോബിൻസൺ തിരിച്ചയച്ചു. പിന്നീടാണ് ബുംറയും ഷമിയും ഒന്നിച്ചത്.

എട്ടാം വിക്കറ്റിൽ ഇരുവരും ഇതുവരെ 77 റൺസ് കൂട്ടുകെട്ടുണ്ടാക്കി. നാലാം ദിനം മൂന്നിന് 55 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ ഒന്നിച്ച ചേതേശ്വർ പൂജാര - അജിങ്ക്യ രഹാനെ സഖ്യം മികച്ച പ്രതിരോധം കാഴ്ചവെച്ചിരുന്നു. 297 പന്തുകൾ പ്രതിരോധിച്ച ഇരുവരും 100 റൺസും സ്‌കോർ ബോർഡിലേക്ക് ചേർത്തു.

ഓപ്പണർമാരായ കെ.എൽ രാഹുൽ (5), രോഹിത് ശർമ (21), ക്യാപ്റ്റൻ വിരാട് കോലി (20) എന്നിവരാണ് നേരത്തെ പുറത്തായത്. രാഹുലിനെയും രോഹിത്തിനെയും മാർക്ക് വുഡ് മടക്കിയപ്പോൾ കോലിയെ സാം കറൻ പുറത്താക്കി.നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364-നെതിരേ 391 റൺസിന് പുറത്തായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 27 റൺസ് ലീഡ് നേടിയിരുന്നു. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ തുണച്ചത്.