ടോക്കിയോ: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയത്തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ തോൽപിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആർ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്. ഹർമൻപ്രീത് സിങ് ഇരട്ട ഗോൾ നേടി. രുപീന്ദർ പാൽ സിംഗാണ് മറ്റൊരു സ്‌കോറർ.

ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് ഉണർവ്വു പകരുന്ന വിജയമാണ് ഉണ്ടായത്. കെയ്ൻ റസലും (21') സ്‌റ്റെഫാൻ ജെന്നിസുമാണ് (27') കിവീസിന്റെ സ്‌കോറർമാർ. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ആസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. വനിതാ ഹോക്കിയിൽ ഇന്ത്യ വൈകിട്ട് 5.15ന് ലോക ഒന്നാം നമ്പർ ടീമായ ഹോളണ്ടിനെ നേരിടും.

അതേസമയം ഷൂട്ടിംഗിൽ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ വനിതകൾ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ ഇളവേനിൽ വാളരിവൻ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തിൽ വിജയിച്ച് ടോക്കിയോ ഒളിംപിക്സിലെ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാൻ സ്വർണവും റഷ്യൻ താരം വെള്ളിയും സ്വിസ് താരം വെങ്കലവും.

അതേസമയം ഷൂട്ടിംഗിൽ ഇന്ത്യക്ക് പിഴച്ചെങ്കിലും കൂടുതൽ ഇനങ്ങളിൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30ന് ആരംഭിക്കും. 12 മണിക്കാണ് ഫൈനൽ. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവിന് ഫൈനലുണ്ട്. രാവിലെ 10.20ന് ഫൈനൽ തുടങ്ങും.

ഒളിംപിക്സ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിലെത്തി. മിക്സഡ് ടീം ഇനത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യമാണ് ക്വാർട്ടറിലെത്തിയത്. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് സഖ്യത്തെ തോൽപ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാർട്ടറിൽ കരുത്തരായ കൊറിയയെ ഇന്ത്യ നേരിടും.