ഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ കോച്ച് രമാകാന്ത് അച്‌രേക്കറുടെ സംസ്‌കാരചടങ്ങ് സംസ്ഥാന ബഹുമതികളോടെയായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമറിയിച്ച് രാഷ്ട്രീയ പാർട്ടികൾ. ശിവസേനയടക്കമുള്ള പാർട്ടികളാണ് ഫഡ്‌നാവിസ് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ, ശിവസേനാ എംപി സഞ്ജയ് റൗട്ട്, എൻ.സി.പി നേതാവ് നവാബ് മാലിക്ക് തുടങ്ങി നിരവധി പേരാണ് സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവന്നത്.

ഭാരതരത്ന നേടിയ സച്ചിൻ തെണ്ടുൽക്കറുടെ പരിശീലകനായ, പത്മശ്രീ നൽകി രാജ്യം ആദരിച്ച അച്രേക്കർക്ക് എന്തുകൊണ്ട് അർഹിച്ച ആദരം നൽകിയില്ലെന്നാണ് രാജ് താക്കറെ ചോദിക്കുന്നത്. സംസ്ഥാന സർക്കാർ ഇതിന് മറുപടി നൽകണമെന്നും രാജ് താക്കറെ ട്വീറ്റിൽ പറയുന്നു. ഈ ട്വീറ്റിന് നിരവധിയാളുകൾ മറുപടി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ചെയ്തത് ശരിയായില്ലെന്ന് ചിലർ പറയുമ്പോൾ സച്ചിനെപ്പോലുള്ള ഒരാളുടെ സാന്നിധ്യത്തിൽ സംസ്‌കാരച്ചടങ്ങ് നടക്കുമ്പോൾ സംസ്ഥാന ബഹുമതിക്ക് എന്തു പ്രസക്തി എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.

ബുധനാഴ്‌ച്ച മുംബൈ ശിവാജി പാർക്കിലെ വീട്ടിലായിരുന്നു അച്രേക്കറുടെ അന്ത്യം. 86 വയസ്സായിരുന്നു. ശിവാജി പാർക്കിനടുത്ത് തന്നെയുള്ള ശ്മാശനത്തിലാണ് അച്രേക്കറിന്റെ ഭൗതികദേഹം ദഹിപ്പിച്ചത്. സച്ചിനടക്കമുള്ള ശിഷ്യന്മാരായിരുന്നു ശവമഞ്ചം ചുമന്നത്. ശിഷ്യനായ വിനോദ് കാംബ്ലിയും സംസ്‌കാരച്ചടങ്ങിനെത്തിയിരുന്നു.