ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും സൈനിക യൂണിഫോം ധരിച്ച് നിൽക്കുന്ന പെൺകുട്ടിയുമുള്ള ഫോട്ടോ സമൂഹ മാധ്യമത്തിൽ വൈറലായതിനൊപ്പം ഇത് മന്ത്രിയുടെ മകളാണെന്നും പ്രചരണം ശക്തമായിരുന്നു. ഒരു കേന്ദ്ര മന്ത്രിയുടെ മകൾ ഇതാ ആദ്യമായി പ്രതിരോധ വകുപ്പിൽ ജോലി നേടിയിരിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു പ്രചരണം. എന്നാൽ സംഗതി വെറും വ്യാജമാണെന്ന് സൈനിക വൃത്തങ്ങൾ തന്നെ അറിയിച്ചിരിക്കുകയാണ്. ഫോട്ടോയിൽ മന്ത്രിയോടൊപ്പം നിൽക്കുന്ന പെൺകുട്ടി മകളല്ലെന്നും സമൂഹ മാധ്യമത്തിൽ വർധിച്ച് വരുന്ന വ്യാജ വാർത്തകളിൽ ഒന്നുമാത്രമാണ് ഇതെന്നും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

നികിത വീരയ്യ എന്ന ചെറുപ്പക്കാരിയായ സൈനിക ഉദ്യോഗസ്ഥയാണു ചിത്രത്തിലുള്ളതെന്നാണു സൈനിക വൃത്തങ്ങൾ പറയുന്നത്. അതു മന്ത്രിയുടെ മകളല്ലെന്നും ഔദ്യോഗിക സന്ദർശനവേളയിൽ മന്ത്രിയെ സഹായിയായി നിയോഗിച്ച യുവ സൈനിക ഉദ്യോഗസ്ഥയാണെന്നും അവർ പറയുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം വാങ്മയി എന്നാണ് നിർമല സീതാരാമന്റെ മകളുടെ പേര്. മകൾക്കൊപ്പമുള്ള മന്ത്രിയുടെ മറ്റു വിഡിയോകളും ചിത്രങ്ങളും പരിശോധിച്ചാൽ ഈ ചിത്രത്തിലുള്ളതു മന്ത്രിപുത്രിയല്ലെന്നു നിസ്സംശയം മനസ്സിലാക്കാൻ സാധിക്കും. ബിജെപി അനുകൂല ഫേസ്‌ബുക്ക് പേജുകളിലൂടെയാണു വ്യാജ വിവരത്തിന്റെ അകമ്പടിയോടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.