ന്യൂഡൽഹി: കെ റെയിൽ പദ്ധതി പൂർത്തിയാക്കുന്നതിനായി ലക്ഷം കോടി കടം കഴിയുമെന്നാണ് കണക്കുകൾ. ഇക്കാരണം കൊണ്ടു തന്നെയാണ് പദ്ധതിക്കെതിരെ പ്രധാനമായും എതിർപ്പുകൾ ഉയരുന്നതും. ഏറ്റവും ഒടുവിൽ കേന്ദ്രത്തിന്റെ അനുമതിയും സിൽവർ ലൈൻ പദ്ധതിക്ക് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സംസ്ഥാന സർക്കാറിന് ഇനിയുള്ള മാർഗ്ഗ്ം റെയിൽവേ വികസനത്തിൽ കേന്ദ്രസർക്കാറിനോട്് സഹകരിക്കുക എന്നതാണ്.

സിൽവർലൈനിനു ബദലായി കേരളത്തിൽ അതിവേഗ ട്രെയിൻ ഓടിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുമ്പോൾ എന്തിന് ലക്ഷം കോടി മുടക്കണം എന്ന ചോദ്യമാണ് ഉയരുന്നത്. 130 കിലോമീറ്റർ സ്പീഡിൽ സംസ്ഥാനത്ത് ട്രെയിൻ ഓടിക്കനാണ് റെയിൽവേ ഉദ്ദേശിച്ചിരിക്കുന്നത്. നേരത്തേ ഇക്കാര്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരാമർശിച്ചിരുന്നെങ്കിലും ഇന്നലെ സംസ്ഥാന ബിജെപി സംഘവുമായി നടത്തിയ ചർച്ചയിൽ വ്യക്തമായ സൂചന നൽകി. ഇതു സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാരുമായി ഉടൻ ചർച്ച നടത്തും.

എറണാകുളം- ഷൊർണൂർ- കോഴിക്കോട് റൂട്ടുകളിൽ ചില സ്‌റ്റേഷനുകൾ ഒഴിവാക്കി അതിവേഗ പാത ഒരുക്കാനാണ് തീരുമാനം. ഇതിനായി പരിശോധിക്കുന്നത് മൂന്ന് സാധ്യതകളാണ്: ഒന്നാമതായി മംഗളൂരു മുതൽ തിരുവനന്തപുരം വരെയുള്ള മൂന്നാം ലൈൻ എന്നതാണ്. ഇത് അൽപ്പം ചിലവേറിയ കാര്യമാണ്. രണ്ടാമതായി തിരുവനന്തപുരം മുതൽ ഷൊർണൂർവരെ മൂന്നാം ലൈനും ഷൊർണൂർ-മംഗളൂരു പാതയിൽ വളവുകൾ നിവർത്തി രണ്ടു ലൈനുകൾ കാര്യക്ഷമമാക്കലുമാണ്. മാത്രമല്ല, നിലവിലെ സിഗ്‌നൽ സംവിധാനം പരിഷ്‌കരിച്ച് ട്രെയിനുകളുടെ വേഗം കൂട്ടലും പദ്ധതിയിൽ പെടുന്നുണ്ട്.

സിൽവർലൈനിന്റെ പേരിൽ കേരളത്തിന്റെ റെയിൽവേ വികസനം തടസ്സപ്പെടില്ലെന്നു മന്ത്രി പറഞ്ഞു. കെറെയിൽ കോർപറേഷൻ നൽകിയ സിൽവർലൈൻ ഡിപിആർ അപൂർണമാണെന്നു റെയിൽവേ പറഞ്ഞിരുന്നു. വിശദീകരണം ആവശ്യപ്പെട്ട വിഷയങ്ങളിൽ മറുപടി ലഭിച്ചു കഴിഞ്ഞു സാമ്പത്തിക സാധ്യത കൂടി പഠിച്ച ശേഷമേ അന്തിമാനുമതി നൽകൂവെന്ന് മന്ത്രി പാർലമെന്റിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ റെയിൽവേ നോക്കുന്നത്.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മന്ത്രിയെ സന്ദർശിച്ച് അതിവേഗ ട്രെയിനിനു പദ്ധതികൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. റെയിൽവേയുടെ ഗവേഷണ വിഭാഗം നടത്തിയ സാധ്യതാ പഠനത്തെക്കുറിച്ച് എംപിമാരുടെ യോഗത്തിൽ ചർച്ച ചെയ്യണമെന്നു ബിജെപി സംഘം ആവശ്യപ്പെട്ടു. തുടർന്ന് ഈ സമ്മേളന കാലയളവിൽത്തന്നെ യോഗം വിളിക്കുന്നതു പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി വി.മുരളീധരൻ പറഞ്ഞു.

സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് സമിതി ചെയർമാൻ പി.കെ.കൃഷ്ണദാസ്, സംസ്ഥാന നേതാക്കളായ വി.വി.രാജേഷ്, പി.സുധീർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സിൽവർലൈൻ അടഞ്ഞ അധ്യായമാണെന്നും പകരം ബ്രോഡ്‌ഗേജിൽത്തന്നെ അതിവേഗ ട്രെയിൻ ഓടിക്കാവുന്ന 'ഗോൾഡൻ ലൈൻ' വരുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. നേമം കോച്ചിങ് ടെർമിനൽ ഉപേക്ഷിക്കില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി വി. മുരളീധരൻ അറിയിച്ചു.

അതേസമയം സിൽവർലൈൻ നിലപാടിൽ മുഖ്യമന്ത്രി മാറ്റം വരുത്തിയെങ്കിലും കേന്ദ്രത്തിന്റെയോ റെയിൽവേ ബോർഡിന്റെയോ അനുമതിയില്ലാതെ, ഡിപിആർ പോലും പൂർണമായി തയാറാക്കാതെ, അലൈന്മെന്റ് തീരുമാനിക്കാതെ എന്തിനാണു ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ടു പോയതെന്ന കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ജപ്പാൻ കമ്പനിയുമായി ധാരണയുണ്ടാക്കി ഭൂമി ഏറ്റെടുത്തു വലിയ തുക വായ്പയെടുത്ത് അതിന്റെ മറവിൽ അഴിമതി ലക്ഷ്യമിട്ടാണു സർക്കാർ നീങ്ങിയതെന്നു വ്യക്തമാണെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം കേരളത്തിന്റെ സുപ്രധാന ഗതാഗതപദ്ധതിയായ സിൽവർ ലൈനിന്റെ വിശദപദ്ധതിരേഖ (ഡിപിആർ ) കേന്ദ്രത്തിന് സമർപ്പിച്ചിട്ട് രണ്ട് വർഷമായിട്ടും അനുമതി ലഭിച്ചിട്ടല്ല. തിരുവനന്തപുരം - കാസർകോട് റൂട്ടിൽ മൂന്നും നാലും പാതയ്ക്ക് പദ്ധതി സമർപ്പിക്കാൻ റെയിൽവേ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ സാഹചര്യം വിലയിരുത്തി അർധ അതിവേഗപാത തെരഞ്ഞെടുത്തത്. അനാവശ്യ സംശയവും വിശദീകരണവും ആവശ്യപ്പെട്ട് പദ്ധതി പരമാവധി നീട്ടിക്കൊണ്ടുപോകുകയാണ് കേന്ദ്രം. ഇതോടെ നടപടി വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തെഴുതേണ്ടിയും വന്നു.

എന്നാൽ, രണ്ടു വർഷത്തിനിടെ 56 വൻകിട റെയിൽവേ പദ്ധതിക്ക് അനുമതി നൽകി പണിതീർക്കാൻ പരിശ്രമിക്കുന്നു എന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. അതിൽ അതിവേഗ, അർധ അതിവേഗ പാതയുമുണ്ട്. ഇതിൽ ഒന്നുപോലും കേരളത്തിലില്ല. കാൽനൂറ്റാണ്ടായി ആവശ്യപ്പെടുന്ന പുതിയ പാത, ട്രെയിൻ, സ്റ്റേഷൻ വികസനം, സോൺ, കോച്ച് ഫാക്ടറി എന്നിവയും ചെവിക്കൊണ്ടിട്ടില്ല. പാർലമെന്റംഗങ്ങൾ അവരവരുടെ സംസ്ഥാനത്തിന് വേണ്ടി രാഷ്ട്രീയം നോക്കാതെ നിരന്തരം വാദിക്കുമ്പോൾ കേരളത്തിലെ അനുഭവം മറിച്ചാണെന്നാണ് റെയിൽബോർഡ് അംഗങ്ങൾ പറയുന്നത്.