ലണ്ടൻ: ബ്രിട്ടനിലെ വിദ്യാഭ്യാസ രംഗം കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ഉയർത്തെഴുന്നേൽക്കുകയാണ്. കഴിഞ്ഞ ഒരു വർഷം വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാനം 28.8 ബില്ല്യൺ പൗണ്ടായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഹൈയർ എഡ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റിയുട്ടും യൂണിവേഴ്സിറ്റീസ് യു കെ ഇന്റർനാഷണലും ചേർന്ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്.

മുൻവർഷങ്ങളേപ്പോലെ ഈ രംഗത്ത് ഈ വർഷവും ചൈനയുടെ ആധിപത്യം തുടരുകയാണ്. ഏറ്റവുമധികം വിദ്യാർത്ഥികൾ ബ്രിട്ടനിലെത്തിയത് ചൈനയിൽ നിന്നാണ്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ളത് അമേരിക്കയുമാണ്. വിദ്യാഭാസ രംഗത്ത് വിദേശ വിദ്യാർത്ഥികൾ വഴി ലഭിക്കുന്ന വരുമാനം ഗൗരവമായി എടുക്കണമെന്നും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ കൂടുതൽ വൈവിധ്യം ഈ മേഖലയിൽ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം സർക്കാർകൈക്കൊണ്ട പല നയങ്ങളും കൂടുതൽ വിദ്യാർത്ഥികളെ ബ്രിട്ടനിലേക്ക് ആകർഷിക്കാൻ പര്യാപ്തമാണ്. എന്നാൽ, പോയ കാലങ്ങളിൽ നിന്നും യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞത് ഭാവിയേ കൊറിച്ച് ആശങ്കയുയർത്തുന്നുണ്ട്. എന്നാൽ, ഇതിനെ ഒരു പരിധിവരെ തരണം ചെയ്യാൻ കഴിഞ്ഞത് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിനെ തുടർന്നായിരുന്നു.

പുതിയ ഗ്രാഡുവേറ്റ് റൂട്ട് വിസ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ പര്യാപ്തമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. വിജയകരമായി ബിരുദപഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടു വർഷം ബ്രിട്ടനിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്നതാണ് ഈ പുതിയ വിസ. ഇന്ത്യയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികൾ ബ്രിട്ടനിലെത്താൻ ഇത് സഹായകരമാവുകയും ചെയ്തു.