ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രം മതപരമായ വസ്ത്രധാരണം നിർബന്ധമാക്കുന്നതിൽ നിന്ന് പൊതുവിദ്യാലയങ്ങളെ ഒഴിവാക്കിയതിനെ സ്വാ​ഗതം ചെയ്ത് ഇന്തോനേഷ്യയിലെ ആക്‌ടിവിസ്റ്റുകൾ. മുസ്ലിം ഇതര വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാൻ നിർബന്ധിതരായതിൽ ദേശീയ തലത്തിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് സ്കൂളുകളിൽ ഹിജാബ് ധരിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയത്. രാജ്യത്തെ 20 ലധികം പ്രവിശ്യകളിലെ സ്കൂളുകൾ ഇപ്പോഴും വസ്ത്രധാരണത്തിൽ മതവസ്ത്രം നിർബന്ധമാക്കുന്നു, അതിനാൽ ഉത്തരവ് ഒരു നല്ല നടപടിയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഗവേഷകനായ ആൻഡ്രിയാസ് ഹർസോനോ പറഞ്ഞു.

മുസ്ലിം സമൂഹങ്ങൾ ഉപയോഗിക്കുന്ന ഹിജാബ്, വിദ്യാർത്ഥികളെ നിർബന്ധിച്ച് ധരിപ്പിക്കരുതെന്ന് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്തോനേഷ്യൻ സർക്കാർ. രാജ്യത്തെ ഒരു സ്‌കൂളിൽ ക്രിസ്ത്യൻ വിദ്യാർത്ഥിയെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രങ്ങളിലൊന്നായ ഇന്തോനേഷ്യയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.

വ്യക്തി – മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവർ രംഗത്തെത്തുകയായിരുന്നു. രാജ്യത്തെ വിവിധ സ്‌കൂളുകളിൽ ഇതര മതസ്ഥരായ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നുണ്ടെന്നും വർഷങ്ങളായി ഈ രീതി തുടർന്നുപോകുകയാണെന്നും ഇവർ പറഞ്ഞിരുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ഹിജാബ് നിർബന്ധമല്ലെന്ന നിർദ്ദേശവുമായി സർക്കാർ തന്നെ രംഗത്തെത്തിയത്. പുതിയ നടപടിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്തോനേഷ്യ വിദ്യാഭ്യാസ മന്ത്രി നദീം മാക്കരീം അറിയിച്ചു. നിയമങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് ഫണ്ട് നിർത്തലാക്കുന്ന നടപടിയടക്കം സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. എന്നാൽ, അതോടൊപ്പം ആറ് മതങ്ങളെ കൂടി ഒദ്ധ്യോഗികമായി ഇന്തോനേഷ്യ അംഗീകരിക്കുന്നു. മാത്രമല്ല, പാൻകസില എന്നറിയപ്പെടുന്ന ഇന്തോനേഷ്യൻ തത്ത്വചിന്ത ബഹുസ്വരതയെ ഉൾക്കൊള്ളുന്നതാണ്. മുസ്ലിം മതരാഷ്ട്രമായിരിക്കുമ്പോൾ തന്നെ മറ്റ് മതവിഭാഗങ്ങലെ അംഗീകരിക്കുന്നുണ്ട് ഇന്തോനേഷ്യൻ ഭരണഘടന. എന്നാൽ അടുത്തകാലത്തായി ഇന്തോനേഷ്യയിൽ മുസ്ലിം തീവ്രവാദ ആശയങ്ങൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.