കണ്ണൂർ: ഫോക്‌ലോറുമായി ബന്ധപ്പെട്ട് ലോകത്താകമാനം ഉണ്ടാകുന്ന ചലച്ചിത്രങ്ങളുടെ ആസ്വാദനവും പ്രദർശനവും ലക്ഷ്യമിട്ട് കേരളാ ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ ഐഎഫ്എഫ്‌കെ മാതൃകയിൽ അന്താരാഷ്ട്ര ഫോക്‌ലോർ ചലച്ചിത്രോത്സവം വരുന്നു. പ്രഥമ ഇന്റർനാഷണൽ ഫോക്‌ലോർ ഫിലീം ഫെസ്റ്റിവൽ ഓഫ് കേരളയ്ക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ് വേദിയാവുക.

ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ പൊതുസ്വത്താണ് എല്ലാദേശത്തെയും ഫോക് ലോർ എന്ന കാഴ്ചപ്പാടോടെയാണ് അക്കാദമി ഈ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.നമ്മുടെ നാട്ടിലും, നാടോടി കലാരൂപങ്ങളും പ്രാക്തന ജനജീവിതവും അവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും കഥകളും ഡോക്യുമെന്റ് ചെയ്യുകയും വരും തലമുറയ്ക്ക് അവ പകർന്നു നൽകുകയും ചെയ്യേണ്ടതുണ്ട്. യുവതലമുറയെ ഇത്തരം വിഷയങ്ങളിലേക്ക് ആകർഷിക്കുക കൂടി ഈ അന്താരാഷ്ട്ര ചലാത്രോത്സവത്തിന്റെ ലക്ഷ്യമാണ്.

ഫെബ്രുവരി 19, 20, 21 തീയ്യതികളിൽ പയ്യന്നൂർ ശാന്തി സിനിമാസിലെ രണ്ട് തിയേറ്ററുകളിലായാണ് അന്താരാഷ്ട്ര ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ (ഇൻഫോക്ക്) നടക്കുന്നത്. മത്സര വിഭാഗം, ഫോക്കസ് വിഭാഗം എന്നിങ്ങനെ രണ്ടു മേഖലകളിലായി ഫീച്ചർ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിക്കുക.

മത്സര വിഭാഗത്തിലുള്ള ഫീച്ചർ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിമുകൾക്ക് യഥാക്രമം 50,000, 25,000, 20,000 രൂപ സമ്മാനത്തുകയായി ലഭിക്കും. പയ്യന്നൂരിൽ അന്താരാഷ്ട്ര ഫോക് ലോർ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായി മാറ്റത്തക്ക രീതിയിലാണ് ഇൻഫോക്ക് 2021 സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രശസ്തമായ നാടോടി കലാ സംഘങ്ങളുടെ അവതരണങ്ങളും ഫോക് ലോറും സിനിമയും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തിയുള്ള അക്കാദമിക്ക് ചർച്ചകളും ഇൻഫോക്കിന്റെ ഭാഗമായി ഉണ്ടാകും.

മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര, സന്തോഷ് മണ്ടൂരിന്റെ പനി എന്നീ മലയാള ചിത്രങ്ങൾ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.എംബ്രൈസ് ഓഫ് സർപെന്റ്, മൂലാദെ തുടങ്ങിയ ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിലും അരവിന്ദന്റെ കുമ്മാട്ടി, എംടി അന്നൂരിന്റെ കാൽച്ചിലമ്പ്, നരണിപ്പുഴ ഷാനവാസിന്റെ കരി തുടങ്ങിയ ചിത്രങ്ങൾ ഫോക്കസ് വിഭാഗത്തിലും പ്രദർശിപ്പിക്കും.

ഇതിനു പുറമെ ഇന്ത്യയിലെയും ലോകരാജ്യങ്ങളിലെയും വിവിധ ഭാഷകളിലുള്ള ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും.മേളയുടെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ആദരിക്കും.32 ഓളം സിനിമകളാണ് മൂന്നൂ ദിവസങ്ങളിലായുള്ള മേളയിൽ പ്രദർശിപ്പിക്കുക.ഒരേ സമയം 400 പേരെയാണ് തിയേറ്ററിനുള്ളിൽ പ്രവേശിപ്പിക്കു. കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചാവും പ്രഥമ മേള നടക്കുക.

മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച്ച വൈകുന്നേരം ഓൺലൈനായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിക്കും. വിവിധ ദിവസങ്ങളിലായി ഫോക്ലോർ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവർ മേളയുടെ ഭാഗമാകും. അരുണാചൽ പ്രദേശിൽ നിന്നുള്ള മിഷിങ്ങ് ആണ് ഉദ്ഘാടന ചിത്രം.