കൊല്ലം: ഒന്നരവയസ്സുള്ള കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തതിൽ പിഴവെന്ന് പരാതി. തൃക്കോവിൽവട്ടത്തെ സർക്കാർ ആശുപത്രിയിൽ് കാലിന്റെ തുടയിൽ എടുക്കേണ്ട കുത്തിവയ്പ് മുട്ടിലാണ് എടുത്തതെന്നാണ് പരാതി. വേദന മൂലം നടക്കാൻ കഴിയാത്ത കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മുഖത്തല സ്വദേശി ഷെഫീഖിന്റെ മകൻ മുഹമ്മദ് ഹംദാനാണ് അഞ്ചുദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒന്നാം തീയതി തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുഞ്ഞിന് കുത്തിവയ്പ് എടുത്തത്. കാൽമുട്ടിൽ ഇഞ്ചക്ഷൻ എടുത്തപ്പോൾ ഒന്നര വയസിന്റെ വാക്‌സിൻ കാലിന്റെ തുടയിലെ മസിൽസിൽ അല്ലേ എടുക്കേണ്ടതെന്ന് കുട്ടിയുടെ അമ്മ ചോദിച്ചിരുന്നു. എന്നാൽ 'എന്നെ പഠിപ്പിക്കാൻ വരണ്ട' എന്നായിരുന്നു ആശുപത്രി ജീവനക്കാരിയുടെ ലാഘവത്തോടെയുള്ള മറുപടി. ആരോഗ്യപ്രവർത്തകയല്ലേ, അവർക്കറിയാമല്ലോ എന്നുകരുതിയാണ് മിണ്ടാതിരുന്നതെന്ന് ഷെഫീക്ക് പറയുന്നു.

വീട്ടിൽ വന്ന സമയം മുതൽ കുഞ്ഞിന് കാലിനു അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ കൊച്ചുകുട്ടികൾക്ക് വാക്‌സിൻ എടുക്കുമ്പോൾ അനുഭവപ്പെടുന്ന വേദനയാണെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. അതുകൊണ്ടുതന്നെ അതിന് വേണ്ട ചികിത്സകളാണ് ആ ദിവസം കൊടുത്തത് . ഒടുവില് കുഞ്ഞിന് നടക്കാൻ പോലും ബുദ്ധിമുട്ടായപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം വീട്ടുകാർക്കും മനസ്സിലായത്.

കുഞ്ഞിന്റെ അവസ്ഥ മാറ്റമില്ലാതെ തുടർന്നതിനാൽ കുട്ടിയെ വീണ്ടും തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിലേയ്ക്ക് തന്നെ കൊണ്ടുപോയി. എന്നാൽ അവിടെനിന്നും വേണ്ട ചികിത്സ ലഭിക്കാത്തതിനാൽ എമർജൻസിയായി തൊട്ടടുട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. എന്നാൽ അവിടെ അത്യാഹിത വിഭാഗത്തിൽ ശിശുരോഗവിദഗ്ധൻ ഇല്ലാത്തതിനാൽ അവർതന്നെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയുമാണ് ചെയ്തത്.

കാൽമുട്ടിൽ വാക്‌സിൻ കുത്തിവച്ചതിൽ വന്ന അപാകതകൊണ്ടുമാത്രമാണ് കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതെന്നാണ് ഇപ്പോൾ കുട്ടിയെ പരിശോധിക്കുന്ന ഡോക്ടർ പറയുന്നത് . കുത്തിവച്ച പ്രതിരോധമരുന്ന് കുട്ടിയുടെ കാൽ മുട്ടിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നുവെന്നും അത് തിരികെ കുത്തി എടുക്കണമെന്നും ഡോക്ടർ അറിയിച്ചുവെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുഞ്ഞ് ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്.

ഇക്കാര്യങ്ങൾ അന്വേഷിക്കാൻ കുട്ടിയുടെ പിതാവ് തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പോയെങ്കിലും അദ്ദേഹത്തെ കാണാൻ കുത്തിവയ്‌പ്പ് എടുത്ത ജീവനക്കാരി തയ്യാറായില്ലെന്നും പിതാവ് പരാതിപ്പെടുന്നു. 'നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ നിയമപരമായി പൊയ്ക്കോളു' എന്നാണ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ പോലും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവർക്ക് കുടുംബം പരാതി നൽകി. റവന്യൂ, ആരോഗ്യ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിവരങ്ങളന്വേഷിച്ചു. സർക്കാർ ചികിത്സയ്ക്കുള്ള ചെലവ് വഹിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കുത്തിവയ്പ് എടുത്ത നഴ്‌സിന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. കുത്തിവയ്പ് എടുത്ത സമയത്ത് കുട്ടി കാൽ വലിച്ചതുകൊണ്ട് സ്ഥാനം തെറ്റിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.