കോഴിക്കോട്: സാമുദായിക സ്പർധ വളർത്തുന്നതിനും സംസ്ഥാനത്ത് ഇസ്ലാമോഫോബിയ പരത്തുന്നതിനും പരസ്യമായി മുസ്ലിം വിരുദ്ധ അധിക്ഷേപങ്ങൾ നടത്തുന്ന മുൻ ചീഫ് വിപ്പ് പി.സി ജോർജിനെതിരെ കർക്കശമായ നിയമനടപടി ഉടൻ സ്വീകരിക്കണമെന്ന് ഐ.എൻ.എൽ. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനും അതുവഴി സംഘ്പരിവാറിന് നിലമൊരുക്കാനുമുള്ള ക്വട്ടേഷൻ ഏറ്റെടുത്ത മട്ടിലാണ് തിരുവനന്തപുരത്ത് ഹിന്ദുമഹാസഭയുടെ പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ജോർജ് വിഷലിപ്തമായ പ്രസംഗം നടത്തിയതെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

മുസ്ലിം സമൂഹത്തെ ഒന്നാകെ ഇകഴ്‌ത്തിക്കാട്ടുന്നതിനും ഇതരമതസ്ഥരുടെ മനസ്സിൽ അവർക്കെതിരെ വെറുപ്പും വിദ്വേഷവും കുത്തിവയ്ക്കുന്നതിനും ഇതുവരെ ആരും കേൾക്കാത്ത വങ്കത്തങ്ങളാണ് അദ്ദേഹം വിളമ്പിയത്. വിദ്വേഷ പ്രചാരണം എല്ലാ പരിധിയും കടന്നപ്പോൾ ഇന്ത്യയുടെ അനൗപചാരിക അംബസഡറായി വിശേഷിപ്പിക്കപ്പെടാറുള്ള, ജീവകാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായ ബിസിനസ് പ്രമുഖൻ എം.എ യൂസുഫലിയുടെമേൽ പോലും കുതിര കയറാൻ ജോർജ് ബുദ്ധിശൂന്യത കാട്ടുകയുണ്ടായി. ഇതിനു മുമ്പും പലവട്ടം വർഗീയ പ്രചാരണം നടത്തി സാമൂഹികാന്തരീക്ഷം കലുഷിതമാക്കിയപ്പോഴാണ് ജനം അദ്ദേഹത്തിനെതിരെ വോട്ട് ചെയ്ത് മൂലക്കിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും മുസ്ലിം ലീഗുമാണ് ഈ അവിവേകിയെ ചീഫ് വിപ്പായി നിയമിച്ച് രാഷ്ട്രീയ കേരളത്തിന്മേൽ അടിച്ചേൽപിച്ചത്. ഈ മനുഷ്യന്റെ വായിൽനിന്ന് നിർഗളിക്കുന്ന ആഭാസങ്ങളും വിഡ്ഢിത്തങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഡി.ജി.പിക്ക് അയച്ച പരാതിയിൽ കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.