കോഴിക്കോട്: ഇടത് മുന്നണിയിൽ ഐഎൻഎല്ലിന് അനുവദിച്ച മൂന്ന് സീറ്റുകളിൽ രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ മത്സരിക്കും. വള്ളിക്കുന്നിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ പി അബ്ദുൽ വഹാബാണ് സ്ഥാനാർത്ഥി. മൂന്നാമത്തെ സീറ്റായ കാസർകോട് സ്ഥാനാർത്ഥിയെ ജില്ലാ കമ്മിറ്റി തീരുമാനിക്കും. സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.

സംസ്ഥാന പാർലമെന്ററി ബോർഡ് ഏകകണ്ഠമായാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 85ൽ 83 സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 9 സ്വതന്ത്രർ പട്ടികയിൽ ഇടം നേടി. 12 വനിതകളാണ് സിപിഎം പട്ടികയിലുള്ളത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.