കോഴിക്കോട്: ഐഎൻഎല്ലിൽ അന്തഛിദ്രത്തിന്റെ സൂചന നൽകി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ്. നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ വിമതർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിളർപ്പിനുള്ള സാധ്യത അബ്ദുൾ വഹാബ് തള്ളക്കളഞ്ഞില്ല. പി.എസ്.സി അംഗത്വം സംബന്ധിച്ച് ഉയർന്ന കോഴ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി. അംഗത്വം പാർട്ടി വിറ്റുവെന്ന ആരോപണം വ്യാജമെന്നും അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു സംഭവം പാർട്ടിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദാണ് കോഴ ആരോപണമുയർത്തിയത്. അതെതുടർന്നാണ് മറുപടിയുമായി സ്ംസ്ഥാനനേതൃത്വം രംഗത്തെത്തിയത്.

പി.എസ്.സി. പോലെ ഒരു ഭരണഘടന സ്ഥാപനത്തെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തെറ്റായ നടപടിയാണെന്നും അബ്ദുൾ വഹാബ് പറഞ്ഞു. പാർട്ടിക്ക് ഇങ്ങനെ ഒരു നിലപാട് ഇല്ലെന്നും ഇത് സംബന്ധിച്ച് ഒരു ആവശ്യമോ ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും അബ്ദുൾ വഹാബ് പറഞ്ഞു. ഒരു പാർട്ടി വേദിയിലും അങ്ങനെ ഒരു വിഷയം ചർച്ചക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായമുള്ള ഒരു പാർട്ടിയിൽ അഭിപ്രായ വ്യത്യാസവുമുണ്ടാകും. പാർട്ടിക്കുള്ളിൽ നല്ല അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അപ്രമാദിത്വമുള്ള ഒരു നേതൃത്വം എന്ന കാഴ്ചപ്പാട് പാർട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നാണ് പാർട്ടിക്ക് പറയാനുള്ളത്. നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഐഎൻഎല്ലിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകണം എന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഇടത് സഹകരണത്തിന് ശേഷം ഇതാദ്യമായാണ് ഐഎൻഎല്ലിന് ഇത്തവണ മന്ത്രിസഭാ പ്രവേശനം ലഭിച്ചത്. നേരത്തെ പാർട്ടിക്ക് എംഎൽഎ ഉണ്ടായിരുന്നെങ്കിലും മന്ത്രിയാക്കാൻ എൽഡിഎഫ് തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ കോഴിക്കോട് സൗത്തിൽ നിന്നും വിജയിച്ച അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. പാർട്ടി ഇടത് കക്ഷിയായതും അനുകൂലഘടമായി. മന്ത്രിസഭയിൽ ഇടം പിടിച്ചതോടെ മലബാറിൽ സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎൻഎൽ. ലീഗിനെ ക്ഷീണിപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട സിപിഎമ്മും എല്ലാവിധ സഹായങ്ങളും നൽകി. എന്നാൽ ഇതിൽ നിന്നെല്ലാം തീർത്തും വിപരീതമായ കാര്യമാണ് ഇപ്പോൾ ഐഎൻഎല്ലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ ഐഎൻഎല്ലിൽ ലയിച്ച പിടിഎ റഹീം വിഭാഗം പാർട്ടി വിടാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്. പാർട്ടി സംവിധാനത്തിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പിടിഎ റഹിം വിഭാഗത്തിന്റെ ആരോപണം.

2019 മാർച്ചിൽ നാഷനൽ സെക്കുലർ കോൺഫറൻസ് (എൻഎസ്സി) ഐഎൻഎല്ലിൽ ലയിച്ചിരുന്നു. സിപിഎം നിർദ്ദേശത്തെ തുടർന്നായിരുന്നു പിടിഎ റഹീം അന്ന് ഐഎൻഎല്ലിന്റെ ഭാഗമാവാതെ സ്വതന്ത്രമായി നിന്നത്. ലയന ധാരണ അനുസരിച്ച് മൂന്നു സംസ്ഥാന ഭാരവാഹിത്വവും മൂന്ന് സെക്രട്ടേറിയറ്റ് സ്ഥാനവും പിടിഎ റഹീമിന്റെ പാർട്ടിയാ എൻഎസ്സിയിൽനിന്ന് വന്നവർക്കു നൽകുകയും ചെയ്തു.

എന്നാൽ പാർട്ടിക്ക് മന്ത്രി പദവി ഉൾപ്പടെ ലഭിച്ചതോടെ തങ്ങളെ തഴയുകയാണെന്നാണ് റഹീമിന്റെ അനുയായികൾ പറയുന്നത്. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിനെതിരെ കോഴ ആരോപണവുമായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് രംഗത്ത് എത്തുന്നത്. പിഎസ്‌സി അംഗപദവി നൽകാൻ പാർട്ടി 40 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.

40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‌സി അംഗത്വം വിറ്റതെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തന്നെ ആരോപിക്കുന്നത്. പാർട്ടിയിലെ പിടിഎ റഹീം വിഭാഗത്തിന്റെ നേതാവ് കൂടിയാണ് ഇസി മുഹമ്മദ്. നേതൃത്വത്തെ സംശയത്തിന്റെ മുനയിൽ നിർത്തി പാർട്ടിയെ പിളർത്താനുള്ള നീക്കമായിട്ടാണ് ഇതിനെ ചിലർ കാണുന്നത്.

അതേസമയം, പേഴ്‌സണൽ സ്റ്റാഫിലേക്ക് ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നതത്. പാർട്ടിയിൽ ആലോചിക്കാതെ മന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂരും പ്രസിഡണ്ടും തമ്മിൽ യോഗത്തിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ടായി.