ഇരിക്കൂർ: ഒരൊറ്റ പ്രസംഗം കൊണ്ട് സോഷ്യൽ മീഡിയയിലെ താരമായിരക്കുകയാണ് ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ.എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയിൽ നടത്തിയ പ്രസംഗാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 'നിങ്ങൾക്ക് അറിയുമോ, അങ്ങ് ഇറ്റലിയിലെ അടുക്കളയിൽ പോലും ചർച്ചയാകുന്നത് പിണറായി വിജയനും ഇവിടുത്തെ സർക്കാരുമാണ്..' എന്നാണ് ഇദ്ദേഹം തന്റെ പ്രസംഗത്തിലൂടെ പറയുന്നത്. പൊക്കിയടിച്ചു വന്നപ്പോൾ ഉണ്ടായ വസ്തുത പിശകുകളാണ് ഇപ്പോൾ ഈ പ്രസംഗത്തെ കൂടുതൽ വൈറലാക്കുന്നത്.ഗുണത്തിന് വേണ്ടി ചെയ്തത് ഒടുവിൽ ദോഷമായ അവസ്ഥയിലാണ് നേതാവ് ഇപ്പോൾ.

'ഇറ്റലിയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകയോട് ഞാൻ ചോദിച്ചു. നിങ്ങൾക്ക് സോണിയാ ഗാന്ധിയെ അറിയുമോ എന്ന് ചോദിച്ചു. അവർ പറഞ്ഞു, കേട്ടിട്ടുണ്ട്. അവരുടെ മക്കളെ കുറിച്ച് അറിയുമോ എന്ന് ചോദിച്ചു. ഒരുപിടിയും ഇല്ല എന്നായിരുന്നു അവരുടെ മറുപടി. പിന്നെ ഞാൻ ചോദിച്ചു. നിങ്ങൾ എന്തിനാണ് ഈ കോവിഡ് സമയത്ത് കേരളത്തിലേക്ക് വന്നതെന്ന്. അവർ പറഞ്ഞത് ഞാൻ പിണറായി വിജയനെ ഇഷ്ടപ്പെടുന്നു.ഇറ്റലിയിലെ അടുക്കളയിൽ പോലും കേരളം ചർച്ചയാണ്. പിണറായി ആണ് ഇപ്പോൾ ലോകത്തിലെ കമ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും മികച്ചത്. ഞങ്ങളെ നാട്ടിലെ പ്രസിദ്ധീകരണങ്ങളിൽ എല്ലാം അദ്ദേഹം നിറയുന്നു.' എന്നാൽ ഈ മാധ്യമപ്രവർത്തകയുടെ പേരോ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചോ നേതാവ് പറഞ്ഞില്ല എന്നും സൈബർ ഇടത്തിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

നിപ്പയെ കുറിച്ചുള്ള കണക്കുകളാണ് പിന്നെ അദ്ദേഹത്തിന് പിഴച്ചത്. 'നിപ്പ രോഗത്തിന്റെ വകഭേദം ഉത്തരാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടു. ഒരു മാസത്തിൽ അവിടെ 12,000 പേർ മരിച്ചുവീണു. പക്ഷേ കേരളത്തിൽ വെറും 36 പേരാണ് മരിച്ചത്.' അദ്ദേഹം പ്രസംഗിച്ചു. എന്നാൽ കേരളത്തിൽ നിപ്പ ബാധിച്ച് മരിച്ചത് 17 പേരാണെന്ന് കണക്കുകൾ പറയുന്നു. ഇതിനൊപ്പം ആഫ്രിക്കയിൽ ഇത്തരത്തിൽ നിപ്പ പൊട്ടിപുറപ്പെട്ട് 12,000 പേർ ഒരുമാസത്തിൽ മരിച്ചുവെന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ഇല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവുമൊടുവിൽ തന്റെ ഒരു സുഹൃത്ത് പിണറായി വിജയൻ ഒരു ബുദ്ധമത വിശ്വാസിയാണോ എന്നു ചോദിച്ചു എന്നുവരെയായി കാസിം ഇരിക്കൂറിന്റെ പ്രസംഗം. വസ്തുത പിശകുകളും അബദ്ധങ്ങളും കൊണ്ടു നിറഞ്ഞ പ്രസംഗം ഏതായാലും സോഷ്യൽ മീഡിയയ്ക്ക് ആഘോഷത്തിനുള്ള വക നൽകുന്നുണ്ട്